2014, ഫെബ്രുവരി 5, ബുധനാഴ്‌ച

ഇ-മെയില്‍ ദുരുപയോഗം



ഇ-മെയില്‍ ചീറ്റിംഗ് എന്ന പദം എല്ലാവര്ക്കും സുപരിചിതമാണ്. കഴിഞ്ഞ മാസം ഒരു സംഭവം ഉണ്ടായി . തിരക്കുകള്‍ കഴിഞ്ഞ് ഇപ്പോഴാണ് പറയാന്‍ സമയവും സന്ദര്‍ഭവും ഒത്തു വന്നത്.

സംഭവം ഇങ്ങനെ :

എനിക്കൊരു മെയില്‍ വരുന്നു. മെസ്സേജ് ബോക്സില്‍ ഒന്നുമില്ല. പകരം സബ്ജെക്റ്റ് ബോക്സില്‍ നല്ല ഒന്നാംതരം പച്ചത്തെറി നല്ല ഇംഗ്ലീഷില്‍...

സാധാരണ ഫേസ്ബുക്കില്‍ ഞരമ്പ്‌ രോഗികളും മനോ രോഗികളുമായവര്‍ പല തരം ആഭാസം കാണിക്കുന്ന മെസ്സേജുകള്‍ അയച്ച്  'സ്വയം തരം താഴ്ന്നവര്‍' എന്ന് തെളിയിക്കാറുണ്ടെങ്കിലും ജി മെയിലില്‍ ഇന്‍ബോക്സില്‍ അത്തരം വ്യക്തിഗത ആഭാസത്തരങ്ങള്‍ വന്നിട്ടില്ലെന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ ഇങ്ങനൊരു മെയില്‍ വന്നപ്പോള്‍ ഞാന്‍ അന്ധാളിച്ചു പോയി. മിക്സ് ഓഫ് മംഗ്ലീഷ് - മലയാളം തെറി ആയത് കൊണ്ട് എന്റെ ജി മെയില്‍ അക്കൌണ്ടിന്റെ ഫില്‍ട്ടര്‍ സംവിധാനത്തിന് അത് അസഭ്യം ആണെന്ന് മനസിലാകാതെ പോയതാകും , ഒരു പക്ഷെ ആ മെസ്സേജ് എനിക്ക് വായിക്കാന്‍ ഇടയാക്കിയത്.

എന്തായാലും ഞാന്‍ ഉടനെ ആ മെയില്‍ ഐഡി കോപി പേസ്റ്റ് ചെയ്ത് ഫേസ്‌ ബുക്കില്‍ തപ്പി. ഉടനെ വന്നു പ്രൊഫൈല്‍. എനിക്ക് പരിചയം ഉള്ളതായി തോന്നിയില്ല. എന്ന്റെ ചങ്ങാതി പട്ടികയിലും  ഫോളോവാര്‍ ലിസ്റ്റിലും ഇല്ല. ഉടനെ സ്വാഭാവികമായി ദേഷ്യം വന്നു. അവനു പണി കൊടുത്തിട്ടേ കാര്യമുള്ളൂ എന്ന് മനസ്സില്‍ ചിന്തിച്ചു. ഉടനെ തോന്നി,  ഗൂഗിള്‍ വഴിയല്ലേ വന്നത്, എങ്കില്‍ ജി പ്ലസില്‍ ഒന്ന് തപ്പിക്കളയാം എന്ന്.

ഉടനെ ഒരു തപ്പല്‍, രണ്ടു സെക്കന്‍ഡ്‌ കൊണ്ട് പ്രൊഫൈല്‍ മുന്നിലെത്തി.

പ്രൊഫൈലില്‍ ആ പയ്യന്‍സിന്റെ വിവരങ്ങള്‍ വായിച്ചപ്പോഴാണ് ഞാന്‍ ശരിക്കും അന്ധാളിച്ചത്. ആ കുട്ടിയെ എനിക്കറിയാം. ഒരു സ്കൂള്‍ കലോല്‍സവ റിപ്പോര്‍ട്ടിങ്ങില്‍ ഞാന്‍ ചെയ്ത സ്പെഷല്‍ റിപ്പോര്‍ട്ടിലെ കഥാ നായകനാണ്. തിരുവനന്തപുരം സ്വദേശി.  തീരെ ഗതിയില്ലാത്ത മാതാപിതാക്കളുടെ ആ മകന്റെ കഴിവ് കണ്ട് ശിഷ്യനായി ഏറ്റെടുത്ത് കലാ രൂപത്തില്‍  ശിക്ഷണം കൊടുത്തു വളര്‍ത്തി, ഒടുവില്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ആ മകന്റെ മുഖം അപ്പോഴാണ്‌ ഞാന്‍ തിരിച്ചറിഞ്ഞത്. ഏതാനും മണിക്കൂറുകള്‍ മാത്രമാന്  പരിചയം ഉണ്ടായിരുന്നതെങ്കിലും  ആ കുട്ടിയേയും വീട്ടുകാരെയും  കുറിച്ച് അഭിമാനവും സന്തോഷവും തോന്നുന്ന വിധത്തിലായിരുന്നു അവരുടെ പെരുമാറ്റം.

അത് കൊണ്ട് തന്നെ ഈ മെയില്‍ അയച്ചത് ആ കുട്ടി ആകാനിടയില്ല എന്ന് മനസില്‍ തോന്നി. ഉടനെ , പഴയ ഡയറികള്‍ തപ്പി ആ കുട്ടിയുടെ പിതാവിനെയും, പിന്നീട് ആ കുട്ടിയേയും ഫോണില്‍ വിളിച്ചു.
പരിചയം പുതുക്കലിന് ശേഷം വിഷയം അവതരിച്ചപ്പോള്‍ അവന്‍ ഞെട്ടി പോയി. സംസാരത്തില്‍ നിന്നും അവനല്ല ആ അസഭ്യ മെയില്‍ അയച്ചതെന്ന്  എനിക്ക് ഉറപ്പായി.



പക്ഷെ, അവന്‍ വലിയ  കെണിയിലാണ് ചെന്ന് പെട്ടിരിക്കുന്നതെന്നും തോന്നി. കാരണം അവന്‍ അറിയാതെ അവന്‍റെ ജിമെയിലില്‍ നിന്നും പലര്‍ക്കും ഇത്തരത്തില്‍ അസഭ്യ മെയിലുകള്‍ പോയിട്ടുണ്ടാകും. അത് കിട്ടിയവര്‍ ചിലപ്പോള്‍ ഡിലീറ്റ് ചെയ്തേക്കും. പക്ഷെ, ചിലര്‍ പോലീസിനെ സമീപിക്കാന്‍ സാധ്യതയുണ്ട്. പതിനെട്ടു വയസു കഴിഞ്ഞതിനാല്‍ ഈ കുട്ടിയെ പോലീസ്‌ അറസ്റ്റ് ചെയ്യാനും പ്രതി എന്ന നിലയില്‍ പത്രങ്ങളില്‍ പേര് വരാനും സാധ്യതയുണ്ട്. കൂലി വേലക്കാരായ മാതാപിതാക്കളും പണം വാങ്ങാതെ അറിവ് പകര്‍ന്നു നല്‍കിയ ഗുരുവും സമൂഹത്തില്‍  ഇളി ഭ്യരാകും. എന്നാല്‍ കുറ്റം ചെയ്ത ആള്‍ രക്ഷപ്പെടുകയും ചെയ്യും. . അയാള്‍ ആരുമാകട്ടെ, നാളെയും ഈ പരിപാടി തുടരും. അതില്‍ ആ മെയില്‍ അക്കൌണ്ട് ഉടമകള്‍ പിടിക്കപ്പെടുകയോ അപഹാസ്യരാവുകയോ ചെയ്യും. ബന്ധങ്ങള്‍ കൂട്ടിചെര്‍ക്കനാകാത്ത വിധം മുറിഞ്ഞു പോകുകയും ചെയ്യും.

ഒടുക്കം, അവന്‍ ചെന്നിരുന്ന ഇന്റെര്‍നെറ്റ് കഫേയുടെ ഉടമയെ വിളിച്ചു. കാര്യം പറഞ്ഞു. അയാള്‍ ഉടനെ സി.സി ടിവി പരിശോധിച്ചു. കാബിനില്‍ നിന്നും ഓരോരുത്തരും ഇറങ്ങി പോയ സമയം പരിശോധിച്ചു. സത്യത്തില്‍ സൈന്‍ ഔട്ട്‌ ചെയ്യാന്‍ മറന്നു പോയ മെയില്‍ അക്കൌണ്ട് ഇന്റര്‍ നെറ്റ കഫേയില്‍ വന്ന  വേറെ ഒരാള്‍ ദുരുപയോഗം ചെയ്തതാണ്.  അത് ചെയ്ത ആളെയും കണ്ടെത്തി. ആ കഫേയുടെ പരിസരവാസിയായ ഒരു വിദ്യാര്‍ഥി. ഇരയായവനും പ്രതിയായവനും ഒരേ പ്രായക്കാര്‍.

ഒപ്പം ഈ മെയില്‍ അക്കൌണ്ടില്‍ ആകെ ഉണ്ടായിരുന്നത് രണ്ടു സ്ത്രീകളുടെ മെയില്‍ വിലാസങ്ങളായിരുന്നു. പല സമയങ്ങളില്‍ ആ കുട്ടിയെ കുറിച്ചും അവന്‍റെ ഗുരുവിനെയും സ്ഥാപനത്തെയും കുറിച്ച് വാര്‍ത്ത തയ്യാറാക്കാന്‍ വിവരങ്ങള്‍ അയച്ചു കൊടുത്ത രണ്ടു വനിതാ പത്രപ്രവര്‍ത്തകര്‍. ആ പത്രക്കാരിയെ നേരിട്ട് എനിക്ക് പരിചയമില്ല. അതിനാല്‍ അവര്‍ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് ധാരണയുമില്ല. അവരെങ്ങാനും പോലീസില്‍ പരാതി കൊടുത്താല്‍ ഈ പാവം കുട്ടി കുടുങ്ങും എന്ന് എനിക്ക് തോന്നി. ഒപ്പം പോലീസ്‌ അന്വേഷണം വന്നാല്‍ ശരിക്കും മെയില്‍ അയച്ച കുട്ടിയും കുടുങ്ങും. രണ്ടു വീട്ടുകാരും നാറും.

ഞാന്‍  ഉടനെ മെയില്‍ ദുരുപയോഗം ചെയ്ത കുട്ടിയുടെ പേര് ചോദിച്ചു. ഫേസ്‌ ബുക്കില്‍ സേര്‍ച്ച്‌ ചെയ്തു. അവന്‍റെ സഹോദരന്റെ പ്രൊഫൈല്‍ കണ്ടു. അതില്‍ മെസ്സേജ് അയച്ചു കാര്യം പറഞ്ഞു. ആദ്യം സഹോദരന്‍ വെറും ചാറ്റ് എന്ന് കരുതിയെങ്കിലും വിഷയം അവതരിപ്പിച്ചപ്പോള്‍ അയാള്‍ക്ക്‌ സംഗതിഉടെ ഗൌരവം മനസിലായി. പോലീസില്‍ കേസ് നല്‍കരുതെന്നും അനിയന്‍ കുട്ടിയാണെന്നും അവന്‍റെ ഭാവി പോകുമെന്നും അവന്‍ അങ്ങനെ ചെയ്തിട്ടുണ്ടാകില്ലെന്നുമൊക്കെ എന്നോട് പറഞ്ഞു.

അനിയന്‍ കുട്ടിയുടെ അതെ പോലെ തന്നയല്ലേ നിരപരാധിയായ മറ്റേ കുട്ടി എന്ന് ഞാന്‍ ചോദിച്ചു. അനിയനോട് സംസാരിക്കാമെന്നും വിഷയം പറയാമെന്നും പറഞ്ഞാണ് ആ സഹോദരന്‍ സംഭാഷണം അവസാനിപ്പിച്ചത്. പിന്നീട്  അതെ കുറിച്ച് ആ സഹോദരന്‍ എന്നോട് ഒന്നും പറഞ്ഞില്ലെങ്കിലും, വിഷയം നല്ല രീതിയില്‍ തീര്‍ന്നു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഗുണപാഠം : സൈന്‍ ഔട്ട്‌ ചെയ്താലും ഹാക്ക്‌ ചെയ്യപ്പെടാം. എന്ന് കരുതി സൈന്‍ ഔട്ട്‌ ചെയ്യാതെ പൊതു കമ്പ്യൂട്ടറില്‍ നിന്നും ഇറങ്ങി പോകരുത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...