2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

ജനകീയ തെളിവെടുപ്പ്- നിങ്ങള്‍ തയ്യാറാണോ ?

 അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ സംബന്ധിച്ച് എറണാകുളം ആസ്ഥാനമായി അന്വേഷണ കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. തെളിവെടുപ്പ്  സംബന്ധിച്ച് കഴിഞ്ഞ ദിവസം പത്രങ്ങളില്‍ കമ്മീഷന്‍  വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജസ്റ്റിസ് ചന്ദ്രശേഖരദാസാണ് അന്വേഷണ കമ്മീഷന്‍. 2013 നവംബര്‍ ഒന്നുമുതല്‍ കമ്മീഷന്‍ നിലവില്‍ വന്നതായി 2013 ഒക്ടോബര്‍ 10നിറങ്ങിയ 14472/D3/13/Trans എന്ന  സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.


വിജ്ഞാപനം പരസ്യപ്പെടുത്തിയ തീയതി മുതല്‍ മൂന്നാഴ്ച വരെയാണ് കമ്മീഷന്‍ വിശദാംശങ്ങള്‍ അടങ്ങിയ പത്രിക സ്വീകരിക്കുന്നത്. അതുപ്രകാരം ഈ മാസം 26 വരെ ജനകീയ തെളിവെടുപ്പ് നടക്കും. പിന്നീട് എറണാകുളത്തും കമ്മീഷന്‍ നിശ്ചയിക്കുന്ന മറ്റിടങ്ങളിലും സിറ്റിങ്ങുകളും നടക്കും. തുടര്‍ന്ന് വാഹനാപകടങ്ങളുടെ സാഹചര്യങ്ങളും വസ്തുതകളും അവ ഒഴിവാക്കാനുള്ള പരിഹാര മാര്‍ഗങ്ങളും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ സെക്രട്ടറി പി.സി. ഷെല്ലി ‘മാധ്യമ’ത്തോട് പറഞ്ഞു.

കക്ഷികള്‍ക്ക് നേരിട്ടോ അല്ളെങ്കില്‍ അധികാരപ്പെടുത്തിയ അഭിഭാഷകനോ ഏജന്‍േറാ മുഖേനെയോ കമ്മീഷന്‍ മുമ്പാകെ ഹാജരാകാം. അന്വേഷണ വിധേയമായ കാര്യങ്ങളില്‍ അറിവും താല്‍പര്യവും ഉള്ളവര്‍ക്കും അതുസംബന്ധിച്ച് ഫലപ്രദമായ തെളിവ് നല്‍കാന്‍ കഴിവുള്ളവര്‍ക്കും തപാലിലോ commissionmotoraccidents@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ വിശദാംശങ്ങള്‍ അയക്കാം.

പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30നും വൈകുന്നേരം നാലിനും ഇടയില്‍ എന്‍ക്വയറി കമ്മീഷന്‍ ഓഫിസ്, നന്ദനം, ജവഹര്‍ നഗര്‍, കടവന്ത്ര പി.ഒ, കൊച്ചി-682020 എന്ന വിലാസത്തില്‍  കമ്മീഷന്‍ സെക്രട്ടറി മുമ്പാകെ നേരിട്ടും സമര്‍പ്പിക്കാം. ഫോണ്‍: 0484 2206168


കമ്മീഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതിക്ക് മുമ്പ് ഒരു വര്‍ഷക്കാലത്തിനിടയില്‍ നടന്ന ഏതെങ്കിലും വാഹനാപകടവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവര്‍ക്കും വിവരങ്ങള്‍ നല്‍കും. അപകടം നടന്ന തീയതി, അതുമൂലം സംഭവിച്ച മരണങ്ങള്‍, നാശനഷ്ടങ്ങള്‍, അപകടം നടന്ന രീതി, അപകടകാരണങ്ങള്‍ എന്നിവയും നല്‍കാം.

വ്യക്തികള്‍, വ്യക്തിസമൂഹങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങി അന്വേഷണ നടപടികളില്‍ കക്ഷിചേരാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും സമയപരിധിക്കുള്ളില്‍ കമ്മീഷനെ സമീപിക്കാം. നേരത്തേ പെരിന്തല്‍മണ്ണ തേലക്കാട് ബസ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ബസപകടങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭ നിയോഗിച്ചിരുന്നത് ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മിഷനെയാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...