2014, മാർച്ച് 20, വ്യാഴാഴ്‌ച

ഭ്രാന്തന്റെ ദൈവം


ഒരു സിനിമ സംവിധായകന്‍ സ്ഥിരം പറഞ്ഞിരുന്ന ഒരു കഥ . ഒരു മനുഷ്യനും  പടച്ചോനും തമ്മില്‍ ഉള്ള സംഭാഷണം ഒറ്റയ്ക്ക് അവതരിപ്പിച്ചിരുന്ന ഒരു ഭ്രാന്തന്‍ പണ്ട് ആ സംവിധായകന്‍റെ ചുറ്റുവട്ടത്ത് ജീവിച്ചിരുന്നു. തൃശൂര്‍ പരിസരങ്ങളില്‍ പൊതു വേദികളില്‍ പ്രസംഗിക്കാന്‍ പോകുമ്പോഴൊക്കെ ആ സംവിധായകന്‍  ആ കഥ പറയുമായിരുന്നു.

ആ കഥയിലെ മനുഷ്യന് പേര് ഉണ്ടായിരുന്നില്ല. പക്ഷെ, അയാള്‍ പടച്ചോനെ, പടച്ചോനെ എന്നാണു ദൈവത്തെ വിളിച്ചിരുന്നത്‌.  ആ വിളി കഴിഞ്ഞാല്‍ മോണോ ആക്റ്റ്‌ കളിക്കുന്നത് പോലെ ആ ഭ്രാന്തന്‍ തന്നെ ദൈവം ആയി മറുപടിയും പറയും. എന്താടാ നായിന്‍റെ മോനെ എന്ന് ദൈവമായി നിന്ന് അയാള്‍ മറുപടി ഉറക്കെ പറയും. ഉടനെ അയാള്‍ മനുഷ്യന്‍ ആകും. ഒരു അയില മുറിച്ചാല്‍ എത്ര എത്ര കഷണമാണ്  - എന്ന് അയാള്‍ ദൈവത്തോട് ചോദിക്കും. ഉടനെ വീണ്ടും ആ ഭ്രാന്തന്‍ ദൈവം ആകും- എന്നിട്ട് പറയും ''മൂന്നു കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായെ '' എന്ന്.



അച്ചടി ഭാഷയില്‍ സംഗ്രഹിച്ച് എഴുതുമ്പോള്‍ ഇങ്ങനെ - 
ഭ്രാന്തന്‍ : പടച്ചോനെ , പടച്ചോനെ 
ദൈവം: എന്താടാ നായിന്‍റെ മോനെ 
ഭ്രാന്തന്‍ : ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാണ് 
ദൈവം: മൂന്നു കഷണം ആണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായെ

ഈ കഥ പറഞ്ഞിരുന്ന സംവിധായകന്‍ ശ്രീ പി.ടി കുഞ്ഞുമുഹമ്മദ്‌ ആണ്. തൃശൂര്‍ ചാവക്കാട് ഏനാമാക്കല്‍ ചക്കുംകണ്ടം സ്വദേശി. പ്രവാസലോകം എന്ന പരിപാടിയിലൂടെ കാണാതായ മലയാളികളായ പ്രവാസികളെ  വീടുകളില്‍ തിരികെ എത്തിക്കാന്‍ മുന്‍ കൈ എടുത്ത വ്യക്തി.   ഇടതു സഹയാത്രികന്‍.  പരദേശി, മഗ് രിബ്, ഗര്‍ഷോം, വീരപുത്രന്‍ എന്ന സിനിമകളുടെ സംവിധായകന്‍. അദ്ദേഹം തൃശൂര്‍ക്കാരന്‍ ആയിരുന്നത്  കൊണ്ടും  കഥ കേട്ടിരിക്കുന്നത്തൃശൂര്‍ക്കാര്‍ ആയത് കൊണ്ടും കഥയിലെ കഥയും നര്‍മവും  മാത്രമാണ് എല്ലാവരും കേട്ടതും ആസ്വദിച്ചതും . ഭ്രാന്തനെ ഭ്രാന്തന്‍ ആയി തന്നെ അവര്‍ ഉള്‍ക്കൊണ്ടു. ജീവിതത്തിന്‍റെ ചുറ്റുപാടില്‍ സ്ഥിരമായി കാണുന്ന ഇത്തരം മനുഷ്യന്മാരില്‍ നിന്നാണ് താന്‍ തന്റെ സിനിമയിലെ കഥാപാത്രങ്ങളെ ഉരുവപ്പെടുതുന്നത് എന്ന് പറയാനാണ് അദ്ദേഹം ഈ കഥ പറഞ്ഞിരുന്നത്. ( ലേഖിക തന്നെ കൈവെട്ടു കേസ് ഉണ്ടായ കാലത്ത് ആ സംവിധായകനോട് സംസാരിച്ചിരുന്നു) 

ഒന്നാം വഴിത്തിരിവ് 
ഭാഷ ഇന്‍സ്റ്റിട്യൂട്ട് ഒരു പുസ്തകം ഇറക്കാന്‍ തീരുമാനിച്ചു. വിവിധ മേഖലകളില്‍ പ്രസിദ്ധരായ പലരുടെയും പ്രഭാഷണങ്ങള്‍ സമാഹരിച്ചു പുസ്തകം ഇറക്കാനാണ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പി.ടി കുഞ്ഞുമുഹമ്മദിന്റെ പ്രഭാഷണവും കൂടി ചേര്‍ത്തു. തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തില്‍ 'തിരക്കഥ- ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍' എന്ന ലേഖനത്തിലാണ് ഈ പ്രഭാഷണം ഉള്ളത് . ( ഈ വിഷയത്തില്‍ ഇതേ ലേഖിക ഭാഷാ ഇന്‍സ്ട്ടിട്യൂട്ടിലും പുസ്തകം തയ്യാറാക്കിയ ലേഖകനോടും സംസാരിച്ചിരുന്നു) 

രണ്ടാം വഴിത്തിരിവ് 
ഈ പുസ്തകം എം.ജി സര്‍വകലാശാല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഈ പുസ്തകം തൊടുപുഴ ന്യൂമാന്‍ കോളജിലും അങ്ങനെയെത്തി.



































മൂന്നാം വഴിത്തിരിവ് 

ക്ലാസ്സ്‌ ടെസ്റ്റ് നടത്തുന്ന സമയത്ത്  പരീക്ഷ പേപ്പറില്‍ കുത്തും കോമയും ചേര്‍ക്കുന്ന വിഭാഗത്തില്‍ ( ചിഹ്നം ചേര്‍ക്കല്‍) ഈ ഭാഗം ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ആയിരുന്ന ജോസഫ്‌ മാഷ്‌ എടുത്തു ചോദ്യമാക്കി ചേര്‍ത്തു. ഭ്രാന്തന്‍ എന്നതിനു പകരം മുഹമ്മദ്‌ എന്ന പേര് നല്‍കി. പ്രസംഗിച്ച ആളുടെ പേര് പി.ടി.കുഞ്ഞുമുഹമ്മദ്‌ എന്നായത് കൊണ്ട് മുഹമ്മദ്‌ എന്ന് ചേര്‍ത്തു എന്ന് പിന്നീട് പല അഭിമുഖങ്ങളിലും ആ മാഷ്‌ പറഞ്ഞിട്ടുണ്ട്

നാലാം വഴിത്തിരിവ് 
ഈ ചോദ്യപേപ്പര്‍ ഫോട്ടോ കോപ്പികള്‍ എടുത്തു പ്രചരിപ്പിക്കുകയും തൊടുപുഴയില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു പോപ്പുലര്‍ ഫ്രണ്ട്. വിഷയം പ്രവാചക നിന്ദ ആണെന്ന രീതിയിലാണ് പ്രചരിപ്പിച്ചത്.

അഞ്ചാം വഴിത്തിരിവ് 
പള്ളിയില്‍ കുര്‍ബാന കൂടി മടങ്ങി വരുന്നതിനിടെ സ്വന്തം കുടുംബത്തിന് മുന്നിലിട്ടു മാഷുടെ കൈപ്പത്തി ഒരു കൂട്ടം അക്രമികള്‍ വെട്ടി മാറ്റി. അത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആണെന്ന് പോലീസ്‌ പിന്നീട് കേസ്‌ ഷീറ്റില്‍ വ്യക്തമാക്കിയിരുന്നു 

ആറാം വഴിത്തിരിവ് 
ന്യൂമാന്‍ കോളജ്‌ അധികൃതര്‍ ജോസഫ്‌ മാഷിനെ പുറത്താക്കി 

ഏഴാം വഴിത്തിരിവ്.
കേസില്‍  മാഷ്‌ കുറ്റക്കാരനല്ല എന്ന് കോടതി വിധിച്ചു 


എട്ടാംവഴിത്തിരിവ് 
ദൃക്സാക്ഷിയും ഭാര്യയും മാഷുടെ കാര്യങ്ങള്‍ നോക്കി നടത്തിയുകയും ചെയ്തിരുന്ന സലോമി ആത്മഹത്യ ചെയ്തു. 2014 മാര്‍ച്ച് 31 നു മാഷ്‌ വിരമിക്കുന്നതിന് മുന്‍പേ തിരിച്ചെടുക്കും എന്ന് ന്യൂമാന്‍ കോളജ്‌ അധികൃതര്‍ നല്‍കിയ ഉറപ്പു പാലിക്കപ്പെടില്ല എന്നറിഞ്ഞത് മുതല്‍ സലോമി അസ്വസ്ഥ ആയിരുന്നു. 


ഒച്ചപ്പാടിനു പറയാനുള്ളത്
ജോസഫ്‌ മാഷ് ടെ ജീവിതത്തിന്റെ ഇടം-വലം കൈ ആയിരുന്ന സലോമി ചേച്ചി ആത്മഹത്യ ചെയ്തു. 

വിവാദമുണ്ടാക്കി കൈ വെട്ടിയ , അതിലൂടെ ജീവിതം തന്നെ വെട്ടി കളഞ്ഞവര്‍ക്ക് അവര്‍ സ്വപ്നം കാണുന്ന സ്വര്‍ഗം കിട്ടാന്‍ പോകുന്നില്ല. ഒരു സ്ത്രീയുടെ വിലാപം ത്രാസില്‍ തൂക്കി വച്ചിരിക്കുമ്പോള്‍ ഒരാള്‍ക്കും സ്വര്‍ഗ്ഗ പ്രവേശം കിട്ടില്ല. 


ഒരാള്‍ പറഞ്ഞാല്‍ പോകുന്നതല്ല ഒരു മതങ്ങളുടെയും മഹത്വം, പകരം പണത്തിനും വിഭാഗീയത ഉണ്ടാക്കാനും ചില നെറികെട്ടവന്മാര്‍ ചെയ്ത ദുഷ്പ്രവൃതിയെ ദൈവം പോലും ന്യായീകരിക്കില്ല.
തന്നെ ഭ്രാന്തന്‍ എന്ന് വിളിച്ചാക്ഷേപിച്ച ആള്‍ക്കും  കല്ലെറിയിച്ചവര്‍ക്കും ചീഞ്ഞളിഞ്ഞ കുടല്‍ മാല കഴുത്തിലിട്ടവര്‍ക്കും മുഖത്ത് തുപ്പിയ സ്ത്രീക്കും മാപ്പ് നല്‍കിയ മഹാന്‍ ആയിരുന്നു നബി. എങ്കില്‍ അങ്ങനെയുള്ള നബിയുടെ പേരില്‍ ഈ തെമ്മാടിത്തരം ചെയ്ത ആള്‍ക്കാരല്ലേ യഥാര്‍ത്ഥത്തില്‍ പ്രവാചക നിന്ദ നടത്തിയത് ?? ആ നബിയുടെ പേരില്‍ , ചിലര്‍ നടത്തിയ കുല്‍സിത ശ്രമങ്ങള്‍ എന്തെന്ന് മനസിലാക്കാതെ വാചക കസര്‍ത്ത് നടത്തുന്നവര്‍ക്ക് തൃശ്ശൂരിലെ ഭ്രാന്തന്റെ പോലും ബുദ്ധിയില്ല .

പള്ളി പണിയാന്‍ കോടിക്കണക്കിനു രൂപ ഉണ്ടാക്കാന്‍ പ്രവാചകന്റെ മുടിയെന്നു പറഞ്ഞു നടക്കുന്നത് മത നിന്ദയും പ്രവാചക നിന്ദയും അല്ലെ എന്ന് കൈവെട്ടുകാരെ പിന്തുണക്കുന്നവര്‍ മറുപടി പറയണം.

കൈവെട്ടപ്പെട്ടു ആശുപത്രിയില്‍ കഴിയവേ  പ്രതികളുടെ സമുദായത്തില്‍ പെട്ടവര്‍ മാഷിന്റെ ജീവന്‍ രക്ഷിക്കാന്‍  രക്തം ദാനം ചെയ്തപ്പോള്‍ അവരെയും തള്ളിപ്പറഞ്ഞവരെ എന്ത് ചെയ്യണം ??  

മനുഷ്യനെ മനുഷ്യനെ ആയി കാണാന്‍ കഴിയാത്ത, സഹിഷ്ണുത ഇല്ലാത്ത   വര്‍ഗീയവാദികള്‍  തുലഞ്ഞു പോകട്ടെ !

ജോലിയില്‍ നിന്നും മാറ്റി നിറുത്തിയ പീലാത്തോസിന്റെ പിന്‍ മുറക്കാരായ സഭ നേതൃത്വത്തിന്റെ തലയില്‍ ഇടി വെട്ടട്ടെ !



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...