2015, നവംബർ 7, ശനിയാഴ്‌ച

ഞാന്‍ വലിയ കോളജുകളില്‍ പഠിച്ചില്ല, എന്‍റെ പുണ്യം

പ്രീ ഡിഗ്രിയും ഡിഗ്രിയും അടങ്ങുന്ന കോളജ്‌ പഠനം   രണ്ടു പാരലല്‍ കോളജുകളിലായാണ് ഞാന്‍ പൂര്‍ത്തിയാക്കിയത്.   വലിയ പാരമ്പര്യമുള്ള കോളജുകളില്‍ പഠിക്കാനായില്ലലോ എന്നോര്‍ത്ത് അന്നും ഇപ്പോഴുമെല്ലാം പല സന്ദര്‍ഭങ്ങളിലും ഏറെ വിഷമം തോന്നിയിട്ടുമുണ്ട്.  

വിഷമം തോന്നിയിട്ടു കാര്യമില്ല, അക്കാലത്തു ഗോമാതാക്കള്‍ പത്തെണ്ണമാണ് വീട്ടിലെ തൊഴുത്തിലുണ്ടായിരുന്നത്. പുല്ലാനിക്കാട്‌ എന്ന ഞങ്ങളുടെ സെമി- വി.ഐ.പി റെസിഡന്‍ഷ്യല്‍  കോളനിയില്‍ ഉണ്ടായിരുന്ന ഒരേയൊരു 'യാദവ' കുടുംബം എന്റേത് ആയിരുന്നു. നാഴിയും നാവുരിയും തുടങ്ങി ചെറിയ അളവുകളില്‍ രണ്ടു റെസിഡന്‍ഷ്യല്‍  കോളനികളിലെ മുഴുവന്‍ വീടുകളിലും രാവിലെയും ഉച്ചക്കും പശുമ്പാല്‍  എത്തിക്കേണ്ട ചുമതല എനിക്കായിരുന്നു. 

അത് കൊണ്ട് തന്നെ, ആവശ്യത്തിന് മാര്‍ക്കുണ്ടായിട്ടും,  റെഗുലര്‍ കോളജുകളിലെ പഠനം സാധ്യമായില്ല. മാത്രമല്ല, ഈ ഗോമാതാക്കള്‍ക്കുള്ള കഞ്ഞിവെള്ളം മറ്റു വീടുകളില്‍ നിന്നും കൊണ്ട് വരണം, പാടത്ത് കൊണ്ട് പോയി കെട്ടണം തുടങ്ങിയ പണികള്‍ക്ക്  തീര്‍ത്തും  അശുവായ അമ്മയെ ഞങ്ങള്‍ മൂന്നു മക്കളും സഹായിക്കേണ്ടതുണ്ടായിരുന്നു. ഉപജീവനത്തിനുള്ള ഒരേയൊരു വഴി പശുമ്പാല്‍ വില്‍ക്കുക എന്നതായത് കൊണ്ട് അവയെ വിട്ടിട്ട് പോകാന്‍ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. 

കേരള വര്‍മ കോളജിനെ കുറിച്ച് ജേര്‍ണലിസം ക്ലാസില്‍ വികാസ്‌ ​ സര്‍ കഥകള്‍ അഭിമാനത്തോടെ പറയുമ്പോള്‍ എന്‍റെ നഷ്ടബോധം കൂടുമായിരുന്നു. നിങ്ങള്‍ഏതു കോളജിലാ പഠിച്ചേ എന്ന് പലരും ചോദിക്കുമ്പോള്‍ നാണക്കേട് കൊണ്ടെന്റെ തല കുനിയുമായിരുന്നു. 

 പക്ഷെ, ഇപ്പോഴതില്‍ വിഷമം തോന്നുന്നില്ല. കേരള വര്‍മ്മ കോളജില്‍ നിന്നും ഫാറൂക്ക് കോളജില്‍ നിന്നും അത് പോലെയുള്ള പാരമ്പര്യം കൂടിയ മറ്റു കോളജുകളില്‍ നിന്നും പ്രീഡിഗ്രിയോ ഡിഗ്രിയോ ചെയ്യാന്‍ ഇടയായിരുന്നെങ്കില്‍ ഈ പുതിയ കാലത്ത് അപമാന ഭാരം കൊണ്ടെന്റെ തല ഇതില്‍ കൂടുതല്‍ കുനിയുമായിരുന്നു. 

സഹിഷ്ണുതയും മതേതരത്വവും ജനാധിപത്യവും പഠിപ്പിക്കേണ്ട കോളജുകളില്‍ നിന്നും ബീഫ്‌ രാഷ്ട്രീയവും മദ്രസ രാഷ്ട്രീയവും ഉയരുന്നു. എല്ലാത്തരം ജാതി- മത വിഭാഗത്തിനും തുല്യ പരിഗണന നല്‍കാമെന്ന് സമ്മതിച്ച് സര്‍ക്കാര്‍ ഫണ്ട് വാങ്ങി വിദ്യാലയം നടത്തുന്നവര്‍, പിന്നീട് മതപഠനത്തിന് കോപ്പ് കൂട്ടുന്നു. സ്ഥാപനം നടത്തുന്ന മാനേജ്മെന്റിന്റെ മത ചിന്തകള്‍ നിര്‍ബന്ധമായി സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇവിടെ പഠിക്കേണ്ടെന്നു അധികൃതര്‍ പറയുന്നു. 

ഈ വെള്ളരിക്കാ പട്ടണങ്ങളിലെ മദ്രസ / അമ്പലം കോളജുകളില്‍ പഠിക്കാന്‍ ഇട വരാതിരുന്നതിന് ഇപ്പോഴെനിക്ക് ആശ്വാസം തോന്നുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...