2018, ജനുവരി 31, ബുധനാഴ്‌ച

കുഞ്ഞുങ്ങളാണ്, അവരോടു ദയ കാണിക്കണം


ആശുപത്രികളിൽ, ഒന്നേകാൽ വയസിലെടുക്കുന്ന എം.എം.ആർ കുത്തിവെപ്പിനു (മുണ്ടിനീര്, അഞ്ചാംപനി, റൂബെല്ല എന്നിവക്ക് എതിരെ)  മരുന്നില്ല. എന്റേത് കഴിഞ്ഞ രണ്ടു മാസമായുള്ള തത്രപാടാണ്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആണ് സാധാരണ കുഞ്ഞിന് കുത്തിവെപ്പ് എടുക്കുന്നത്. ഒന്നേകാൽ വയസ്സിന്റെ എം.എം.ആർ കുത്തിവെപ്പ് എടുക്കേണ്ട സമയത്താണ് എം.ആർ( അഞ്ചാംപനി, റൂബെല്ല എന്നിവക്ക് എതിരെ) കാമ്പയിൻ വന്നത്. അത് എടുത്തു. ഒരു മാസം കഴിഞ്ഞുള്ള ഒരു ദിവസം വന്ന് നിർബന്ധമായും എം.എം.ആർ എടുക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു.
എടുക്കാൻ ചെന്നു, നീണ്ട രണ്ടു വരികൾ മറികടന്ന് എത്തിയപ്പോൾ മരുന്നില്ല എന്ന് മനസ്സിലായി. എവിടെയെങ്കിലും അക്കാര്യം ഒന്ന് എഴുതി വെച്ച് കൂടെ. ഈ പൊടിക്കുഞ്ഞുങ്ങളെയും കൊണ്ട് നീണ്ട വരിയിൽ, പല തരം അസുഖങ്ങൾ ഉള്ളവർക്കിടയിൽ ചെന്ന് നിൽക്കേണ്ട വല്ലാത്ത ഗതികേടാണ്. ( വരിയുടെ കാര്യം പറഞ്ഞാൽ ദേഷ്യം വരും. ആ ആശുപത്രിയിൽ ഒരു വ്യവസ്ഥയുമില്ല).
നമ്പർ തന്നു, വിളിച്ചു ചോദിച്ചിട്ട് വാ എന്ന് നിർദേശം കിട്ടി. രണ്ടു മാസം തുടർച്ചയായി എല്ലാ ബുധനാഴ്ചയും ശനിയാഴ്ച്ചയും എനിക്ക് നേർച്ചയാണ്, മുടങ്ങാതെ വിളിക്കും. എന്നാൽ, മരുന്നില്ല എന്ന സ്ഥിരം പല്ലവി. എന്ന് വരും എന്നറിയില്ല. കുറെ ആയപ്പോൾ ഞാൻ സഹപ്രവർത്തകനെ സമീപിച്ചു. അദ്ദേഹം വാർത്ത കൊടുക്കുന്നതിന് മുന്നോടിയായി ആശുപത്രി അധികൃതരുമായി സംസാരിച്ചു. അപ്പോൾ കിട്ടിയ വിവരം ഇങ്ങനെ: "എം.ആർ ബൂസ്റ്റർ കാമ്പയിൻ വന്നത് കൊണ്ടുള്ള ഷോർട്ടേജ് ആണ്. അടുത്ത ദിവസം മരുന്ന് എത്തും" എന്ന്.
അങ്ങനെ 'അടുത്ത ദിവസം ' ഞാൻ ഫോൺ ചെയ്തു. ഇല്ല, മരുന്നില്ല. അതിന്റെ അടുത്ത കുത്തിവെപ്പ് ദിവസം വിളിച്ചു, പലതവണ, ഫോൺ എടുക്കുന്നില്ല. നേരിട്ട് ചെന്ന് നീണ്ട വരിയിൽ നിന്ന് ചീട്ട് എടുത്തു. വീണ്ടും നീണ്ട വരി കടന്ന് ഡോക്ടറെ കണ്ടു. അദ്ദേഹം മരുന്നുണ്ടോ എന്ന് തിരക്കാൻ ആവശ്യപ്പെട്ടു. വീണ്ടും ഒരു വരി, നഴ്സ് പറഞ്ഞു' മരുന്നില്ല'.
ഇന്നും വിളിച്ചിരുന്നു.
അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചെന്നു. അവിടെയും മരുന്നില്ല. എവിടെയും ഇല്ല എന്ന് അവരാണ് പറഞ്ഞത്. ഏറ്റവും എളുപ്പമുള്ള മറ്റൊരു നിർദേശം കൂടി അവർ തന്നു, ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് പോയാലും മതി.
ഇക്കാര്യത്തിൽ ഈ അസുഖം മാറാൻ ആർക്കാ മരുന്ന് കൊടുക്കേണ്ടത്?
ഒന്നുകിൽ സർക്കാർ ഒരു പത്രക്കുറിപ്പ് വഴി വ്യക്തമാക്കണം, മരുന്നില്ലെന്നും അത് എന്ന് വരുമെന്നും. ഇക്കണ്ട അമ്മമാർ വെയിലും കൊണ്ട്, കുഞ്ഞുങ്ങളെ പലവിധ അസുഖങ്ങൾ ബാധിക്കുന്ന വിധമുള്ള അവസ്ഥയിൽ കൊണ്ട് ചെന്ന് ബുദ്ധിമുട്ടേണ്ടി വരില്ല.
അല്ലെങ്കിൽ ആശുപത്രികളിൽ എഴുതി ഒട്ടിക്കണം.
അല്ലെങ്കിൽ ഫോണിൽ മറുപടി തരണം.
വീണ്ടും പറയട്ടെ, കുഞ്ഞുങ്ങളാണ്, അവരോടു ദയ കാണിക്കണം.
എന്ന് ഒരു അമ്മ
വേറെ ആർക്കും ഇതിലെ വിഷമം മനസ്സിലായില്ലെങ്കിലും, അമ്മയായ K K Shailaja Teacher ക്കു ഇക്കാര്യം മനസിലാകുമെന്ന പ്രതീക്ഷയോടെ

--------------------------------------


Madhyamam News on Feb 6

Malayala manorama News on Feb 6

Kerala Koumudi News on Feb 6

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...