2023, സെപ്റ്റംബർ 11, തിങ്കളാഴ്‌ച

മുലയൂട്ടൽ മുറികൾ തലസ്ഥാനത്ത്​ ഇന്നും അന്യം

മുലയൂട്ടൽ മുറികൾ തലസ്ഥാനത്ത്​ ഇന്നും അന്യം (Madhyamam)

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് മനുഷ്യരാണ് തലസ്ഥാനത്തെത്തുന്നത്. വിവിധ ജില്ലകളിൽനിന്ന് ഭരണസിരാകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വേറെയും. സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമായി എത്തുന്നവരും പ്രധാന ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരും അനവധി. രാഷ്ട്രീയമായും ഭരണപരമായും സാമൂഹികമായും ഏറെ പ്രധാനപ്പെട്ട ഈ നഗരത്തിൽ സ്ത്രീ സൗഹൃദ ശുചിമുറികളും ശിശു സൗഹൃദ മുലയൂട്ടൽ കേന്ദ്രങ്ങളുമില്ലെന്നത് ലജ്ജാകരം. നിരവധി സ്ത്രീകൾ തൊഴിലെടുക്കാനെത്തുന്ന ഇക്കാലത്തും അതതു തൊഴിലിടങ്ങളിൽ നിയമപരമായ ഇത്തരം സൗകര്യമൊരുക്കാൻ തൊഴിലുടമകൾക്കുള്ള ബാധ്യത അവർ കൃത്യമായി നിറവേറ്റുന്നുണ്ടോയെന്ന്​ പരിശോധിക്കാൻ ഭരണാധികാരികൾ തയാറാകുന്നില്ല.  
കോടികൾ ചെലവഴിച്ചുള്ള സൗന്ദര്യവത്​കരണ/നവീകരണ പരിപാടികൾ നടത്തുമ്പോഴോ, പുതിയ പദ്ധതികൾ കൊണ്ട് വരുമ്പോഴോ പാർക്കുകൾ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുമ്പോഴോ ഓഡിറ്റോറിയം അടക്കമുള്ള നിർമാണങ്ങൾ നടത്തുമ്പോഴോ സ്ത്രീ/ശിശു സൗഹൃദ സംവിധാനങ്ങൾ ഒരുക്കാൻ മിക്കവരും തയാറാകുന്നില്ല. തിരുവനന്തപുരം നഗരത്തിലെ പ്രധാന വിനോദ കേന്ദ്രങ്ങൾ പരിശോധിച്ചാൽ ഇത്തരം കേന്ദ്രങ്ങളില്ലെന്നുതന്നെ മനസ്സിലാക്കാം. അലങ്കാരത്തിനും ആഡംബരത്തിനും കോടികൾ ചെലവാക്കുമ്പോൾ അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൾപ്പെടുത്തേണ്ട ഇത്തരം കേന്ദ്രങ്ങളെ അവഗണിക്കുകയാണ് പതിവ്.

സ്ത്രീസൗഹൃദ വിശ്രമമുറി ‘വിശ്രമത്തിൽ’
ഏറെ പ്രതീക്ഷകളുണർത്തിയാണ്​ 2022 ഡിസംബറിൽ നഗരസഭ പേട്ടയിൽ സ്ത്രീസൗഹൃദ മുലയൂട്ടൽ കേന്ദ്രമടങ്ങുന്ന വിശ്രമമുറിയുടെയും കഫെറ്റീരിയയുടെയും ഉദ്ഘാടനം നടത്തിയത്​. എന്നാൽ, ഇതുവരെയും ഈ കേന്ദ്രം പ്രവർത്തനമാരംഭിച്ചില്ല.  നഗരസഭയുടെ വനിത ക്ഷേമ പദ്ധതിയുടെ കീഴിൽ നഗരസഭ പ്ലാൻ ഫണ്ടിൽനിന്ന്​ 25 ലക്ഷം ചെലവഴിച്ചാണ്​ പേട്ട റെയിൽ​​​വേ സ്​റ്റേഷന്​ സമീപമുള്ള കെ. പങ്കജാക്ഷൻ മെമ്മോറിയൽ ഓപൺ എയർ ഓഡിറ്റോറിയം കോമ്പൗണ്ടിൽ കേന്ദ്രം നിർമിച്ചത്​. പേട്ട റെയിൽവേ സ്​റ്റേഷനിൽ വന്നിറങ്ങുന്ന അമ്മമാർക്കും ​ഓപൺ എയർ ഓഡിറ്റോറിയത്തിലും പാർക്കിലുമെത്തുന്ന സ്ത്രീകൾക്കുമായാണ്​​ ഈ കേന്ദ്രം വിഭാവന ചെയ്തത്​. സ്ത്രീകളെ മാത്രമേ​ ഇവിടെ പ്രവേശിപ്പിക്കൂ. കുടിവെള്ളം, മുലയൂട്ടൽ കോർണർ, ഡയപ്പർ ചേഞ്ചിങ് ഏരിയ, നാപ്​കിൻ ​വെൻഡിങ്​, നാപ്​കിൻ ​ഇൻസിനേറ്റർ എന്നീ സൗകര്യങ്ങൾ ഇവിടെ ആസൂത്രണം ചെയ്തിരുന്നു. ഇതിനൊപ്പമുള്ള കഫറ്റീരിയയിൽ ആർക്കും പ്രവേശിക്കാം. കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കഫറ്റീരിയയുടെ ചുമതലക്കാർക്ക്​ തന്നെയാണ്​ സ്ത്രീ സൗഹൃദ കേന്ദ്രത്തിന്‍റെയും പരിപാലന ചുമതല. ഇവിടെയുള്ള ഓപൺ ഓഡിറ്റോറിയത്തിന്​ മാറ്റമുണ്ടാകാത്ത വിധമാണ്​ ഈ കെട്ടിടം രൂപകൽപന ചെയ്തത്​. കഫറ്റീരിയക്കുള്ള ടെൻഡർ ക്ഷണിച്ചെന്ന്​ വാർഡ്​ കൗൺസിലർ കൂടിയായ നഗരാസൂത്രണകാര്യ സ്ഥിരംസമിതി ചെയർപേഴ്​സൻ സി.എസ്​. സുജാദേവി ‘മാധ്യമ​’ത്തോട്​ പറഞ്ഞു. 


എന്തിനാണ്​ മുലയൂട്ടൽ കേന്ദ്രങ്ങൾ
കുഞ്ഞുങ്ങൾ രാഷ്ടത്തിന്റെ സ്വത്താണ്. എല്ലാ കുട്ടികൾക്കും ജീവിതത്തിന്‍റെ തുടക്കത്തിൽ മുലയൂട്ടൽ അനിവാര്യമാണെന്ന് സർക്കാറുകളും സമൂഹവും ആവശ്യപ്പെടുന്നു. മുലപ്പാൽ കുഞ്ഞിന്റെ ആദ്യ വാക്സിനായി പ്രവർത്തിക്കുന്നു. രോഗം, മരണം എന്നിവയിൽനിന്ന് കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകുന്നതിൽ ഏറ്റവും പ്രധാനം മുലപ്പാൽ തന്നെയാണ്. 
ശാരീരിക ആരോഗ്യത്തോടൊപ്പം, മാനസികാരോഗ്യവും വൈജ്ഞാനിക ആരോഗ്യവുമുള്ള കുട്ടികളെ വാർത്തെടുക്കാൻ മുലയൂട്ടൽ ആവശ്യമാണ്. ലോകമൊട്ടാകെ പ്രതിവർഷം അഞ്ചുവയസ്സിന് താഴെയുള്ള 8,20,000ത്തിലധികം കുട്ടികളുടെ ജീവൻ രക്ഷിക്കാനും 20,000 സ്തനാർബുദ കേസുകൾ തടയാനും കഴിയുമെന്ന്​ യൂനിസെഫ് വ്യക്തമാക്കുന്നു.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...