2008, മേയ് 16, വെള്ളിയാഴ്‌ച

അറബി മുന്തിരീന്റെ വേദന

മാഷ്മ്മാര്ടെ ഓരോരോ തോന്ന്യാസങ്ങള്. ശരിയുത്തരം പറഞ്ഞാലും തല്ലും, അല്ലേലും തല്ലും.നാളെ മുതല്‍ ഞാനീ ക്ലാസ്സിലിരിക്കില്ല. വീട്ടില്‍ ചെല്ലട്ടെ, ഈ അപ്പച്ചന്‍ കാരണം കുറെ ദിവസമായി ഞാന്‍ തല്ലു കൊള്ളുന്നു. ഈ അറബി മാഷ്ക്ക് എന്തിന്റെ കേടാ?-ഞാന്‍ ആത്മഗതം പറഞ്ഞു.




ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന് പകുതി കാലം കഴിഞ്ഞപ്പോള്‍ അപ്പച്ചന്‍ ഹെഡ് മാസ്റ്ററുടെ പ്രത്യേക അനുവാദത്തോടെയാണ് എന്നെ അറബി ക്ലാസ്സില്‍ കൊണ്ടിരുത്തിയത്. പള്ളി സ്കൂളായതിനാല്‍ ക്രിസ്ത്യാനി പിള്ളേര്‍ക്ക് വേദപാഠവും ഹിന്ദു കുട്ടികള്‍ക്ക് സന്മാര്‍ഗവും മുസ്ലിം കിടാങ്ങള്‍ക്ക് അറബിയും പ്രത്യേകം പഠിക്കണമായിരുന്നു. ആ നിലക്ക് ക്രിസ്ത്യാനി കുട്ടിയായ ഞാന്‍ വേദപാഠമാണു പഠിക്കേണ്ടത്. പള്ളിക്കടുത്തുള്ള അങ്ങാടിയില്‍ താമസിക്കുന്ന എന്നെ തൊട്ടടുത്ത മഠത്തിലെ കന്യാസ്ത്രീകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നത് കൊണ്ട് , പ്രത്യേകിച്ചും.

എന്നാല്‍ എല്ലാ ഞായറാഴ്ചയും കുര്‍ബാനക്ക് ശേഷം പള്ളിയില്‍ തന്നെ വേദപാഠ ക്ലാസ്സ്‌ ഉള്ളത് കൊണ്ട് സ്കൂളില്‍ പഠിച്ചില്ലേലും കുഴപ്പമില്ല, പകരം മറ്റൊരു ഭാഷ പഠിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ് എന്നതായിരുന്നു അപ്പച്ചന്റെ നിലപാട് .  ഇതേ കാര്യം പറഞ്ഞു നാട്ടിലെ മാരിയമ്മന്‍ കോവിലില്‍ ഭജനക്ക് എന്നെ കൊണ്ടിരുത്തിയ ആളാണ്‌ അപ്പച്ചന്‍. പുരാണങ്ങള്‍ വായിക്കാന്‍ കിട്ടുമെന്നായിരുന്നു പ്രലോഭനം. അമ്പലത്തിലേക്ക് സ്ഥിരം ഒരാളെ കിട്ടാനാണ്‌ സ്വാമി അങ്ങനെ അപ്പച്ചനോട് പറഞ്ഞത്. അത് പിന്നീടാണ് അറിഞ്ഞത്. എന്നാല്‍ എല്ലാ ദിവസവും വൈകീട്ട് കൈമണിയും കൊട്ടി അമ്പലത്തിനകത്തിരുന്ന് ഭജന പാടുന്നത് അത്ര സുഖമുള്ള കാര്യമല്ല. കൂടെ പഠിക്കുന്നവരു കണ്ടാല്‍ കന്യാസ്ത്രീമാരെ അറിയിക്കും.ക്ലാസ്സില്‍ പഠിപ്പിച്ചുക്കൊണ്ടിരിക്കുന്നതിനിടെ കന്യാസ്ത്രീ എഴുന്നേല്‍പ്പിച്ചു നിറുത്തി കളിയാക്കും, കണ്ണുരുട്ടി പേടിപ്പിക്കും.നാണക്കേട് സഹിക്കാന്‍ വയ്യ! രണ്ടാഴ്ച അമ്പലത്തില്‍ പോയി. വരാന്‍ പോകുന്ന നാണക്കേട് ഓര്‍ത്ത് പെട്ടന്നൊരു ദിവസം അപ്പച്ചനെ ഞാന്‍‍ ഭീഷണിപ്പെടുത്തി , ഇനി മുതല്‍ ഭജനക്ക് പോകാന്‍ പറഞ്ഞാല്‍ ഞാനിനി സ്കൂളില്‍ പോകില്ല. ചേര്‍ത്ത് പിടിച്ച് കുറെ കാര്യങ്ങള്‍ പറഞ്ഞെങ്കിലും ഞാന്‍ ചെവി കൊടുത്തില്ല.


പള്ളിയില്‍ ഞായറാഴ്ച വേദപാഠ ക്ലാസിനു പോയിട്ട് ബൈബിളിലെ ഒരു വാചകം പോലും അറിയില്ലെന്ന് പറഞ്ഞ് പന്തക്കുസ്തക്കാരുടെ ആരാധനയ്ക്ക് ഇത് പോലെ കൊണ്ടിരുത്തിയിരുന്നു. ചൂണ്ടു വിരലിന്റെ തുമ്പ് കാണിച്ച്, ദേ, അവരുടെ ഇത്ര പോന്ന കുഞ്ഞുങ്ങള്‍ പറയും ബൈബിള്‍ വചനങ്ങള്‍. അത് പോലെ മണിമണിയായി പറയണമെങ്കില്‍ അപ്പച്ചന്റെ മോള് അവിടെ പോകണം എന്നു പറഞ്ഞാണ് കൊണ്ട് പോയത്. മലവെള്ള പാച്ചില്‍ പോലെയായിരുന്നു അവരുടെ പ്രഭാഷണങ്ങള്‍. അര്‍ത്ഥമില്ലാത്ത വാക്കുകളും നാവില്‍ കടുംകെട്ടു വീഴുന്ന വിധത്തില്‍ വേഗത്തിലുള്ള വിവിധ ശബ്ദങ്ങളും തപ്പു താള വാദ്യങ്ങളും ചേര്‍ന്ന ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ ആകാശം കാണാനാകാതെ ഞാന്‍ വിഷമിച്ചു. കൈകൊട്ടി പാടാത്തതിനു അവരെന്നെ കണ്ണുരുട്ടി പേടിപ്പിച്ചു.അവര്‍ എന്നെ ഒരു പന്തക്കുസ്തക്കാരിയാക്കി മാറ്റാനുള്ള പരിശ്രമത്തിലായിരുന്നു.ഞായറാഴ്ചകളില്‍ പള്ളി വക വേദപാഠ ക്ലാസ് നടക്കുന്ന അതെ സമയത്ത് തന്നെയാണ് പന്തക്കുസ്തക്കാരുടെ ആരാധനയും. മൂന്നാഴ്ച തുടര്‍ച്ചയായി എന്‍റെ സ്വന്തം പള്ളിയിലെത്താത്തതിനാല്‍ ക്ലാസ്സ്‌ ടീച്ചറായ കന്യാസ്ത്രീ വീട്ടിലെത്തി . എന്നെ അടുത്ത് വിളിച്ചിരുത്തി തലയില്‍ തലോടി കാര്യം അന്വേഷിച്ചു. ഞാന്‍ വിഷമത്തോടെ , അതിലേറെ പേടിയോടെ കാര്യം ബോധിപ്പിച്ചു. കേട്ടപാടെ കന്യാസ്ത്രീ കണ്ണുരുട്ടി. ഉടനെ അപ്പച്ചനെ വിളിപ്പിച്ചു. പന്തക്കുസ്തക്കാരെ കണ്ടാല്‍ ചൂട് വെള്ളമൊഴിച് ഓടിപ്പിക്കണമെന്നു റോമന്‍ കത്തോലിക്ക സഭ പഠിപ്പിച്ചു വരുന്നത് ഓര്‍മ്മയില്ലേ എന്നു ആരാഞ്ഞു. അപ്പച്ചന്‍ ചിരിച്ചു. പിന്നെ, സംസാരിക്കാന്‍ അമ്മച്ചിയെ കൂട്ടിരുത്തി അപ്പച്ചന്‍ പുറത്തു പോയി. അപ്പച്ചന്‍ തിരിച്ചു വരുമ്പോഴേക്കും ഞാനും അമ്മച്ചിയും കൂടി ഒരു തീരുമാനം എടുത്തിരുന്നു, ഇനി മുതല്‍ സ്വന്തം പള്ളിയിലേ പോകൂ എന്നു. അമ്മച്ചിയും അപ്പച്ചനും വാദപ്രദിവാദം നടത്തി,ഒടുവില്‍ അമ്മച്ചി ജയിച്ചു. കന്യാസ്ത്രീ എനിക്ക് സമ്മാനിച്ച പുതിയ കൊന്തയും കഴുത്തിലിട്ട് അന്ന് രാത്രി ഞാന്‍‍ മനസമാധാനത്തോടെ സുഖമായി ഉറങ്ങി.


ഇതൊക്കെയും തീര്‍ന്നപ്പോഴാണ്‌ പുതിയ പുകില് ... അറബി പഠിപ്പിക്കാന്‍ പോകുന്നു. ഒന്നാം ക്ലാസ്സിലെ എന്‍റെ ടീച്ചറായ തങ്കമ്മ ടീച്ചറുമായി അപ്പച്ചന്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ തന്നെ എനിക്കെന്തോ പന്തിക്കേട് തോന്നിയിരുന്നു. സ്ലേറ്റിനു പുറകില്‍ മുഖമൊളിപ്പിച്ച് ഞാനിരുന്നു. ഒടുവില്‍ തങ്കമ്മ ടീച്ചര്‍ എന്നെ വിളിപ്പിച്ചു. കോലാഹലം വെക്കുന്ന കുട്ടികളോട് മിണ്ടാതിരിക്കാന്‍ പറഞ്ഞ് ടീച്ചര്‍ അത് പ്രഖ്യാപിച്ചു- "നാളെ മുതല്‍ ഈ കുട്ടിയും അറബി പഠിക്കുന്നുണ്ട്. മുസ്ലിം കുട്ടികള്‍ ഇവളെ കൂടി കൂടെ കൂട്ടണം" ഞാനാകെ തകര്‍ന്നു പോയി. 'അപ്പച്ചാ' എന്നു വിളിച്ചെങ്കിലും ശബ്ദം പൊങ്ങിയില്ല. തങ്കമ്മ ടീച്ചര്‍ എന്നെ തിരിച്ചയച്ചു. ബഞ്ചിലിരുന്ന് അന്ന് മുഴുവനും ചിന്തിച്ചത് അറബിയെ കുറിച്ചാണ്.ഇന്റെര്‍വെല്ലിനു ബെല്ലടിച്ചിട്ടും പുറത്തു പോകാതെ ഇരികുന്നത് കണ്ട് കൂട്ടുകാരിയായ ആബിദ വന്നു ചോദിച്ചു, "എന്താ പറ്റിയെ? നാളെ എന്‍റെ കൂടെ പോര് . നമുക്ക് ഒരുമിച്ച് ഇരിക്കാം"

ഞാനൊന്നും മിണ്ടിയില്ല.

"അപ്പൊ നിന്‍റെ അപ്പച്ചന്‍ നിന്നെ മദ്രസയില്‍ ചേര്‍ത്തോ?"

'മദ്രസയോ? അതെന്താ? അപ്പച്ചന്റെ ഒരു ചേട്ടന്‍ മദ്രാസിലുണ്ട് . വല്യപ്പച്ചന്‍ വലിയ ദേഷ്യക്കാരനാണ് . എന്നെ അങ്ങോട്ട്‌ കൊണ്ട് പോകുമോ?'-ഞാന്‍ വീണ്ടും പേടിച്ചു വിറച്ചു. ഞാന്‍ ക്രിസ്ത്യാനിയല്ലേ? എന്തിനാ അറബി പഠിക്കണേ? അപ്പച്ചനോട് ചോദിക്കട്ടെ എന്നു മനസ്സില്‍ കരുതി.

"മുസ്ലിം കുട്ടികളല്ലേ അറബി പഠിക്കേണ്ടത് ?"- എന്‍റെ സംശയം ആബിദയോട് ചോദിച്ചു. യേശു ശിക്ഷിക്കുമെന്നും ഞാന്‍‍ പേടിച്ചു. ആബിദ പറഞ്ഞു-"യേശുവും അള്ളായും കൂട്ടുകാരാണ്, നമ്മളെ പോലെ.ആരും ചീത്ത പറയില്ല" എനിക്ക് പകുതി സമാധാനമായി. പക്ഷെ, കന്യാസ്ത്രീകളോട് എന്ത് പറയും? എന്നും മഠം വക പറമ്പില്‍ നിന്ന് മാമ്പഴവും അമ്പഴങ്ങയും ബബ്ലൂസ് നാരങ്ങയും പല തരം പൂച്ചെടികളും തരാറുണ്ട്. ഇനിയെങ്ങനെ അങ്ങോട്ട്‌ ചെല്ലും?-വീണ്ടും പേടി.അന്ന് രാത്രി ഏറെ വൈകിയാണ് ഉറങ്ങിയത്. സാധാരണ എട്ടു മണിക്കുള്ള റേഡിയോ നാടകം കഴിയുന്നതോടെ ഉറങ്ങാറുള്ളതാണ്. അവിടുന്ന് കുറെ ദിവസം രാത്രികളില്‍ യേശുവും കന്യാസ്ത്രീകളും എന്നെ ചൂരല് കൊണ്ടടിക്കാന്‍ വരുന്നത് സ്വപ്നം കണ്ട് ഞാന്‍ പേടിച്ചുണര്‍ന്നു കരഞ്ഞു.
അറബി ക്ലാസ്സിലെ ആദ്യ ദിവസം, ജമീല ടീച്ചറാണ് അറബി പഠിപ്പിക്കുന്നത്. മുല്ലപ്പൂ മൊട്ടു പോലുള്ള പല്ലുകളും ചന്തമുള്ള   ചിരിയുമുള്ള സുന്ദരി ടീച്ചര്‍. 25 മുസ്ലിം കുട്ടികള്‍ക്കിടയില്‍ ഇരുപത്താറാമത്തെ കുട്ടിയായി ഞാനും ഇരുന്നു.ഒന്നാം ക്ലാസ്സ്‌ പകുതിയായിട്ടുണ്ട്.അത് കൊണ്ട് പകുതിയിലധികം ക്ലാസ്സ്‌ കിട്ടിയിട്ടില്ല. മറ്റു കുട്ടികള്‍ക്ക് അക്ഷരമറിയാം. എനിക്കറിയില്ല. ഇതിനിടക്ക് മദ്രസ എന്നാല്‍ മുസ്ലിം പള്ളികളിലെ വേദപാഠ ക്ലാസ് ആണെന്ന് ഞാന്‍‍ മനസ്സിലാക്കിയിരുന്നു. ഞാനൊഴികെ മറ്റെല്ലാവരും മദ്രസയില്‍ പോകുന്നവരാണ്. കുറെ വാക്കുകളും സലാം ചൊല്ലാനും അവര്‍ പഠിച്ചിട്ടുണ്ട്. ഞാന്‍ എന്ത് ചെയ്യും? അന്ന് വൈകിട്ട് സ്കൂള്‍ വിട്ട്‌ വീട്ടില്‍ ചെന്നപ്പോള്‍ അപ്പച്ചന്‍ എന്നെയും കൂട്ടി തീവണ്ടി പാലത്തിനു അപ്പുറത്തുള്ള ഒരു മുസ്ലിം വീട്ടില്‍ കൊണ്ടു ചെന്നു. അപ്പച്ചന്റെ കൂടുകാരന്റെ വീടാണ്. അദ്ദേഹത്തിന്റെ മകള്‍ അഞ്ചില്‍ പഠിക്കുന്നു. പഠിക്കാന്‍ മിടുക്കിയാണ്, പഠിപ്പിക്കാനും. അന്ന് മുതല്‍ ആ അഞ്ചാം ക്ലാസ്സുകാരി എന്‍റെ ട്യൂഷന്‍ ടീച്ചറായി. എന്നും സ്കൂള് വിട്ടാല്‍ അവരുടെ വീട്ടില്‍ പോകും, പഠിക്കും, അതിലേറെ കളിക്കും. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഞാന്‍ അത്യാവശ്യം എന്‍റെ കൂട്ടുകാരുടെ ഒപ്പമെത്തി. അള്ളാ എന്നു പറയുമ്പോള്‍ നാവു എവിടെ തൊടണം, എങ്ങനെ ഉച്ചരിക്കണം എന്നൊക്കെ ട്യൂഷന്‍ ടീച്ചര്‍ പറഞ്ഞു തന്നു. പിന്നെ ഇടക്കിടക്കെ ' എന്റള്ളോ' എന്നു ടീച്ചര്‍ പറയുന്നത് കേട്ട് ഞാനും ഒപ്പം പറയും- എന്റള്ളോ....


അക്കൊല്ലം അരക്കൊല്ല പരീക്ഷക്കും മുഴുക്കൊല്ല പരീക്ഷക്കും മദ്രസയില്‍ പോകുന്ന കൂട്ടുകാരെക്കാളും ഞാന്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി. ഇന്‍സ്പെക്ഷനു സ്കൂളിലെത്തിയപ്പോള്‍ എ.ഇ.ഓ ക്ക് മുന്നില്‍ പ്രത്യേകം ഞാന്‍ ഹാജരാക്കപ്പെട്ടു. എ.ഇ.ഓ എന്നെ അഭിനന്ദിച്ചു. അങ്ങനെ അഭിനന്ദനങ്ങള്‍ക്കിടയില്‍ ഒന്നും രണ്ടും ക്ലാസ്സ്‌ കഴിഞ്ഞ് ഞാന്‍ മൂന്നിലെത്തി. അക്കൊല്ലം മുതല്‍ അറബി പഠിപ്പിക്കുന്നത്‌ അബൂബക്കര്‍ മാഷാണ്. വലിയ ദേഷ്യക്കാരനാണ്. എന്നെ എന്നും തല്ലാന്‍ കാരണം കണ്ടുപിടിക്കും. കാരണം ഞാന്‍ മുസ്ലിം കുട്ടികളെക്കാള്‍ മാര്‍ക്ക് വാങ്ങുന്നു. ഇത്ര അഹമ്മതിയോ? എല്ലാ ദിവസവും ആരോടും ചോദിച്ചില്ലേലും എന്നോട് ചോദിക്കും.


രണ്ടാം ക്ലാസ്സ്‌ കഴിഞുള്ള വേനലവധി മുതല്‍ കുന്നിന്‍ പുറത്തുള്ള രംലാത്തയുടെ വീട്ടിലേക് ട്യൂഷന് പോയിതുടങ്ങിയിരുന്നു . അവിടെ രണ്ടു താത്തമാരും ഇക്കമാരും അവരുടെ മാതാപിതാക്കളും എന്നെ അറബി പഠിപ്പിച്ചു. ഞാന്‍ സ്കൂളില്‍ അറബിയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിത്തുടങ്ങി. മാഷ്ക്ക് ഇഷ്ടപെട്ടില്ലെന്നു തോന്നുന്നു. എന്തേലും കാരണം പറഞ്ഞ് എനിക്ക് എന്നും മാഷിന്റെ കയ്യില്‍ നിന്നും ചൂരല്‍ പഴം കിട്ടിയിരുന്നു, ചിലപ്പോള്‍ ഉള്ളം കയ്യില്‍, ചിലപ്പോള്‍ ചന്തിയില്‍.

പതിവ് പോലെ ഒരു ദിവസം മാഷ്‌ വന്നു. ഇത്തവണ തല തിരിഞ്ഞ ഒരു കാര്യവുമായാണ് മാഷ്‌ വന്നത്. "ഞാനിന്നു ചോദ്യം ചോദിക്കും, ഉത്തരം പറഞ്ഞാലാണ് അടി."-മാഷ്‌ പ്രഖ്യാപിച്ചു.
'മുന്തിരി, എന്താ അറബിയില്‍? മാഷ്‌ ഒരറ്റത്ത് നിന്ന് എഴുന്നേല്‍പ്പിച്ചു നിര്‍ത്താന്‍ തുടങ്ങി. എന്‍റെ ചങ്കിടിച്ചു. ഉത്തരമറിയില്ല. ഞാന്‍ ആബിദയെ തോണ്ടി. അവള്‍ വേഗം ഉത്തരം സ്ലേറ്റിലെഴുതി കാണിച്ചു. വായിച്ചു തീരും മുന്‍പേ എന്‍റെ പേര് വിളിച്ചു.
മറ്റു കുട്ടികളോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് എന്നോട് വീണ്ടും ചോദിച്ചു-"എന്താ മുന്തിരീന്റെ അറബി?"


ആബിദ കാണിച്ചു തന്ന ഉത്തരമുണ്ട് മനസ്സില്‍ . ഞാന്‍ പൊടുന്നനെ പറഞ്ഞ് പോയി _ ഇനബ്. മാഷ്ടെ മൂക്ക് ചുകന്നു."കൈ നീട്ട്"-മാഷ്‌ അലറി. എന്നിട്ട് വീണ്ടും ചോദിച്ചു-

" എന്താ മുന്തിരീന്റെന്ന് ?"

തെറ്റിയോ -ഞാന്‍ ആബിദയെ നോക്കി

ഇല്ല, അത് തന്നെ എന്നു അവള്‍ തല കുലുക്കി കാണിച്ചു. ഞാന്‍ പേടിച്ചു വിറച്ച്, പതുക്കെ വീണ്ടും പറഞ്ഞ്- 'ഇനബ്'

പിന്നെ എന്തുണ്ടായെന്ന് അറിയില്ല,ഭീമാകാരനായ  ആ മനുഷ്യന്റെ കയ്യിലിരുന്ന ചൂരല്‍ രണ്ടു തവണ എന്‍റെ ഉള്ളംകയ്യില്‍ ആഞ്ഞു പതിച്ചു. എന്‍റെ കണ്ണില്‍ നിന്ന് ചുടു കണ്ണീര്‍ കുടുകുടാ ഉതിര്‍ന്നു വീണു. "ഇനി ഉത്തരം പറയോ? അന്റടുത്ത് ഉത്തരം പറയല്ലേന്നു ഞാന്‍ ആദ്യം പറഞീലേ? ഇരിക്കവിടെ"-മാഷ്‌ അലറി.

എനിക്കൊന്നും അറിയില്ല, കൈ ചുട്ട് പുകയുണ്ണ്ട്.  ഉച്ചക്ക്  ഊണ് കഴിക്കാന്‍ വീട്ടില്‍ പോകുമ്പോള്‍ ഉറപ്പിച്ചു-ഇനി സ്കൂളിലെക്കില്ല.അപ്പച്ചനോട് പറയട്ടെ.

വീട്ടില്‍ ചെന്ന്‌ അപ്പച്ചനെ കണ്ടയുടനെ കരച്ചില് വന്നു. ഞാന്‍ കൈ കാണിച്ചു കൊടുത്തു, അപ്പച്ചനും സങ്കടമായി. ഊണ് വാരിത്തന്നു. പിന്നെ എന്നെയും കൂട്ടി ക്ലാസ്സിലേക്ക് വന്നു. തങ്കമ്മ ടീച്ചറോട് എന്തൊക്കെയോ സംസാരിച്ചു. ടീച്ചറുടെ നിര്‍ബന്ധപ്രകാരം ഞാന്‍ വീണ്ടും അറബി ക്ലാസ്സില്‍ പോയി തുടങ്ങി. അന്ന് മുതല്‍ മാഷ്‌ എന്നെ തല്ലിയിട്ടില്ല. ടീച്ചര്‍ എന്തേലും പറഞ്ഞിട്ടുണ്ടാകണം . എങ്കിലും ക്ലാസ്സില്‍ ഞാന്‍ അറബി മാഷ്ടെ മുഖത്തേക്ക് തന്നെ നോക്കാതായി, അത്രേം പേടിയായിരുന്നു എനിക്ക്. പിന്നെ, എല്ലാ ദിവസവും രാത്രികളില്‍ ദു സ്വപ്നങ്ങളില്‍ അറബി മാഷ്‌ എന്നെ തല്ലാന്‍ വരുന്നത് കണ്ടാണ്‌ ഞാന്‍ പേടിച്ചുണര്‍ന്നത് . സ്വപ്നങ്ങളില്‍ ഞാന്‍ എന്നും മാഷ്ടെ തല്ലു വാങ്ങി.
അഞ്ചാം ക്ലാസ്സില്‍ പുതിയ സ്കൂളിലേക്ക് ചേരാന്‍ പോകുമ്പോള്‍ ഞാന്‍‍ വീട്ടിലുള്ള എല്ലാവരോടുമായി പറഞ്ഞു-"ഇനിയും എന്നെ അറബി പഠിപ്പിക്കാനാണ് നോക്കുന്നതെങ്കില്‍ ഞാന്‍ സ്കൂളിലേക്ക് പോകില്ല". എന്നും ദു സ്വപ്നം കാണുന്നതില്‍  നിന്ന് എന്നെ രക്ഷിക്കാന്‍  അപ്പച്ചനും തീരുമാനിച്ചിരുന്നു,ഇനി അറബി പഠിക്കണ്ട.
അഞ്ചാം ക്ലാസ്സിലെ അറബി ടീച്ചറും അപ്പച്ചന്റെ കൂട്ടുകാരിയുമായിരുന്ന സുഹ്റ ടീച്ചര്‍ അവധിക്കാലത്ത്‌ വായിച്ചു പഠിക്കാന്‍ തന്ന അഞ്ചാം ക്ലാസ്സിലെ അറബി പുസ്തകം തട്ടിന്‍പുറത്ത് പഴയ കലങ്ങള്‍ക്കിടയില്‍   ഞാന്‍ ഒളിപ്പിച്ചു വച്ചിരുന്നു, അത് പിന്നെ ഞാന്‍‍ ഇന്നോളം പുറത്തെടുത്തിട്ടില്ല.

13 അഭിപ്രായങ്ങൾ:

 1. What to say....?

  any way ... Nice


  santhosh.joeboy.blogspot.com

  മറുപടിഇല്ലാതാക്കൂ
 2. ............................
  ............................

  good!!!

  മറുപടിഇല്ലാതാക്കൂ
 3. MANOHARAMAYIRIKKUNNU

  REALLY FANTASTIC

  ENIYUM ENIYUM EZHUTHU

  LOKAM MUZHUVAN ARIYATTE

  NINTE PRATHIBHA

  മറുപടിഇല്ലാതാക്കൂ
 4. കൊള്ളാലോ മഷേ..!! നല്ലൊരു തീം വ്യത്യസ്തമായ രീതിയിൽ പറഞ്ഞിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 5. Nannayirikkunnu, ithu vayichappol pazhya kalathekk enneyum kooti kond poyi...thankx....karanam njanum ithe schoolil thanne anu padichathu. ithe teachers thanne ayirunnu annum.

  thanx jisha.

  മറുപടിഇല്ലാതാക്കൂ
 6. വല്യ അറബി പടുത്ത ക്കാരി യല്ലേ
  ഇതിനു ഉത്തരം പറഞ്ഞെ ..ശരിയാണെങ്കില്‍ അടിയാണ് .
  കൈഫല്‍ ഹാല്‍?
  യേശ് മുസ്കില്‍ ആദ ?
  കോയിസ് ?
  അല്‍ഹംദുല്‍ ഇല്ലഹ്
  സാ കം ?
  പറഞ്ഞാല്‍ അടിയാണ് ..ചുട്ട അടി ..

  മറുപടിഇല്ലാതാക്കൂ
 7. അപ്പച്ചനെ ഭയങ്കരമായി ഇഷ്ട്ടപെട്ടു.

  മറുപടിഇല്ലാതാക്കൂ
 8. Hi jisha your father is a great person... I have a question, did u had any benefit in your life with the arabic studied in the primary class??? still you remember the arabic basics in your memory???

  മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...