Thursday, March 8, 2012

വീട്ടമ്മമാര്‍ക്ക് യൂനിയന്‍; വീട്ടുവേലക്ക് മിനിമം കൂലി; ബില്ലിനായി വീട്ടമ്മമാര്‍ രംഗത്ത്


പുതിയ അവകാശത്തിനു വേണ്ടി ബില്‍ കൊണ്ട് വരാന്‍ ശ്രമം തുടങ്ങി
*
വീട്ടമ്മമാര്‍ അസംഘടിത തൊഴിലാളികള്‍
*സര്‍ക്കാര്‍ മിനിമം കൂലി നല്‍കണം
*വെനിസ്വലന്‍ മാതൃക പിന്തുടരണം
*വീട്ടമ്മമാര്‍ക്ക് യൂണിയന്‍
  
      IPCNA award നേടിയ 
       ' മാധ്യമം  ' വാര്‍ത്ത വായിക്കാം                

            face book link                                  വനിതാ ദിനത്തില്‍ നടന്ന യോഗത്തിലെ പ്രസക്ത ഭാഗം. ......................................................................................................................................................................................
രംഗം :2015  ലെ ഒരു പെണ്ണ് കാണല്‍ ചടങ്ങ്
    ചെറുക്കനും പെണ്ണും തനിച്ചായപ്പോള്‍ അവളൊരു കേട്ട് പേപ്പര്‍ എടുത്തു നല്‍കുന്നു. വീട്ടമ്മമാര്‍ക്ക് വീട്ടു വേലയ്ക്കു മിനിമം കൂലി ഉറപ്പു വരുത്തുന്ന ബില്ലിന്റെ കോപ്പിയാണ്.  ഇത് വായിച്ച് ഓക്കേ ആണെങ്കില്‍ കല്യാണ എഗ്രിമെന്റില്‍ ഒപ്പിടാമെന്നു പെണ്ണ്.
.................................................................................................................................................

മുകളിലെഴുതിയത് വായിച്ച് ഊറിച്ചിരിക്കാന്‍ വരട്ടെ!!

രാപ്പകല്‍ വീടിനകത്ത് ജോലിയെടുക്കുകയും നയാ പൈസ വരുമാനം കൊണ്ടുവരുന്നില്ലെന്ന് പരാതി കേള്‍ക്കേണ്ടി വരികയും  ചെയ്യുന്ന വീട്ടമ്മമാര്‍ക്കൊരു സന്തോഷ വാര്‍ത്തയുമായാണ് ഇന്നലത്തെ വനിതാ ദിനം കടന്നു പോയത് !

 വേലയില്ലാ കൂലിയെടുക്കേണ്ടി വരുന്ന വീട്ടമ്മമാര്‍ക്ക് മിനിമം കൂലി ഉറപ്പു വരുത്തുന്ന ബില്‍ കൊണ്ടു വരാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ വനിതാദിനത്തില്‍ കൊച്ചിയില്‍ തുടക്കമായി. ഇതുവഴി സ്ത്രീകള്‍ക്ക്    കുടുംബത്തിലും സമൂഹത്തിലും അന്തസും അംഗീകാരവും വര്‍ധിക്കുമെന്നും കുടുംബത്തിന്‍െറ സാമ്പത്തിക വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നും ബില്‍ രൂപവത്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന  വയനാടന്‍ സ്ത്രീ സംഘടനയായ  വിമന്‍സ് വോയ്സ് പറയുന്നു.  സമൂഹത്തിന് സ്ത്രീ ബാധ്യതയല്ല, മുതല്‍ക്കൂട്ടാണെന്നുള്ള    കാഴ്ചപ്പാട്  രൂപപ്പെടുമെന്നും  ഈ വര്‍ഷം അവസാനത്തോടെ ബില്‍ തയാറാക്കി സര്‍ക്കാറിനു സമര്‍പ്പിക്കുമെന്നും വിമന്‍സ് വോയ്സ് ഭാരവാഹികള്‍ കൊച്ചിയില്‍  പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുമായി കൂടിയാലോചന നടത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.ലാറ്റിനമേരിക്കന്‍  രാജ്യമായ വെനിസ്വലെയില്‍ 2006 ല്‍  പ്രാബല്യത്തില്‍ വന്ന നിയമത്തിന്‍െറ ചുവടു പിടിച്ചാണ് രാജ്യത്ത് ആദ്യമായി കേരളത്തില്‍ സ്ത്രീകള്‍ക്കായി പുതിയ അവകാശ നിയമം കൊണ്ടു വരാന്‍ നീക്കം ആരംഭിച്ചത്. . ഒരു വീട്ടമ്മ ദിവസത്തില്‍ 16 മണിക്കൂറെങ്കിലും കാണാപണികളില്‍  ഏര്‍പ്പെടുന്നു. എന്നാല്‍ വ്യക്തി എന്ന നിലയില്‍ ഒരു മണിക്കൂര്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ല. വീട്ടമ്മമാര്‍  വിശ്രമ രഹിതമായ ജോലി ചെയ്യുന്നത് കൊണ്ടാണ് പുരുഷന്മാര്‍ക്ക് വേതനം ലഭിക്കുന്ന ജോലിക്ക് പോകാനും രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളികളാകാനും സാധിക്കുന്നതെന്നും  വിമന്‍സ്  വോയ്സ് ചൂണ്ടിക്കാണിക്കുന്നു .


വീട്ടു ജോലിക്കായി വിനിയോഗിക്കുന്ന സമയം മറ്റൊരു ജോലിക്കായി ഉപയോഗപ്പെടുത്തിയാല്‍ ലഭിക്കുന്ന കൂലിക്ക് തുല്യമായ കുറഞ്ഞ വേതനം നല്‍കണമെന്നാണ് ഇവര്‍  മുന്നോട്ടു വെക്കുന്ന പ്രധാന ആവശ്യം. അതല്ലെങ്കില്‍, വീട്ടു ജോലിക്കായി ഒരു വേലക്കാരിയെയോ വേലക്കാരനെയോ നിയമിച്ചാല്‍ അവര്‍ക്ക് നല്‍കേണ്ടി വരുന്ന കൂലിക്ക് തുല്യമായി കണക്കു കൂട്ടാമെന്നും സംഘടന നിര്‍ദേശിക്കുന്നു. പാചകക്കാരന്‍, അടിച്ചു തളിക്കാരി, അലക്കുകാരി, പൂന്തോട്ടക്കാരന്‍, കണക്കപിള്ള, വിപണിയില്‍ പോകുന്നയാള്‍, ടീച്ചര്‍, നഴ്സ് എന്നിവരുടെ വേലക്ക് തുല്യമായ ജോലി ഒരു വീട്ടമ്മ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇങ്ങനെ കണക്ക് കൂട്ടുമ്പോള്‍ രാജ്യത്ത് നിലവിലുള്ള അസംഘടിത തൊഴിലാളികളുടെ മണിക്കൂറിനുള്ള കൂലി നല്‍കണമെന്ന ആവശ്യവും സംഘടന മുന്നോട്ടു വെക്കുന്നു.


ജനസംഖ്യയുടെ  പകുതിയില്‍ അധികം പേരും സ്ത്രീകളായ, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വീട്ടമ്മാരുടെ ജോലിയുടെ മൂല്യം കണക്കാക്കിയാല്‍ വരുമാന കണക്ക് ഭീമമായിരിക്കുമെന്നും  സംഘടന വ്യക്തമാക്കുന്നു.  എന്നാല്‍ രാജ്യത്തിന്‍െറ സാമ്പത്തിക സ്ഥിതി വിവരണ കണക്കുകളില്‍ വീട്ടമ്മമാരുടെ സേവന മൂല്യം ഉള്‍പ്പെടുത്തുന്നില്ല. ഇതിന് പരിഹാരം കൂടിയാണ് വീട്ടമ്മമാര്‍ക്കുള്ള യൂനിയനും മിനിമം കൂലിയുമെന്നും സംഘടന പറയുന്നു. ബില്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി സംസ്ഥാനതല പ്രചാരണ പരിപാടികള്‍ നടക്കും. ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് കാണിച്ച് ഒരു ലക്ഷം വീട്ടമ്മാരുടെ ഒപ്പ് ശേഖരിക്കുന്നത്തിനും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തുടക്കമായി. വരും മാസങ്ങളില്‍ 14 ജില്ലയില്‍ നിന്ന് 20 വീതം വീട്ടമ്മമാരെ ഉള്‍പ്പെടുത്തി സര്‍വേ നടക്കും. സമൂഹത്തിലെ മൂന്നു ജീവിത വിഭാഗങ്ങളില്‍ പെടുന്ന വീട്ടമ്മമാരെ ഇതിനായി തെരഞ്ഞെടുക്കും. സ്ത്രീകളുടെ വീട് ജോലി ഒരു തൊഴിലായി ദേശീയ തലത്തില്‍ അംഗീകരിക്കുക, വീട്ടമ്മയെ  തൊഴിലാളിയും സര്‍ക്കാറിനെ തൊഴിലുടമയുമായി  കണക്കുകൂട്ടുക, 12 മുതല്‍ 16 മണിക്കൂര്‍ വരെയുള്ള  വീട്ടു ജോലികള്‍ വീടിനും നാടിനും പുരോഗതിക്ക് കാരണമാകുന്നുണ്ടെന്ന് അംഗീകരിക്കുക, ഇതിനായി പ്രത്യകേ നയവും നിയമവും രൂപവത്കരിക്കുക, 60 വയസ് കഴിഞ്ഞ വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.
പ്രചാരണത്തിന്റെ ഭാഗമായി ഇറക്കിയ പുസ്തകത്തിന്റെ പുറംചട്ട
ആവശ്യങ്ങള്‍ ന്യായമാണെന്നും നിയമം  വന്നാല്‍ ആരുടെയും ദയാദാക്ഷിണ്യത്തിന്   വീട്ടമ്മമാര്‍ക്കു   കൈ നീട്ടേണ്ടി വരില്ലെന്നും സംസ്ഥാനതല പ്രചാരണ പരിപാടി  ഉദ്ഘാടനം ചെയ്ത ശേഷം ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. മരിച്ചു പോയ വീട്ടമ്മമാരുടെ സേവനം മരണാനന്തരം ഓര്‍മിക്കപ്പെടുക  തന്നെ ചെയ്യം. വീടുകളില്‍ സര്‍വ ജോലിയുമെടുക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യവും ന്യായമാണ്-അദ്ദേഹം പറഞ്ഞു.  പ്രചാരണത്തിന്‍െറ ഭാഗമായുള്ള പുസ്തകം നാഷനല്‍ വിമന്‍സ് കോണ്‍ഫറന്‍സ് ഡയറക്ടര്‍ ഗൗരി ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് സമര്‍പ്പിച്ചു. വിമന്‍സ് വോയ്സ് സെക്രട്ടറി സുലോചന രാമകൃഷ്ണന്‍ , പ്രോജക്ട് ഓഫിസര്‍ ലൂയിസ് ബി. ഫിഗരെദോ , കാതറിന്‍ ഡിസൂസ, പെണ്ണമ്മ ജോസ്, സി.കമലം, മേരി തോമസ്‌ എന്നിവരാണ് ബില്ലിന് വേണ്ടി രംഗത്തിറങ്ങുന്നത്.

 ____________________________________________________________________________________

ഒച്ചപ്പാടിന് പറയാനുള്ളത്
ഏറെ വൃദ്ധ സദനങ്ങള്‍ സന്ദര്‍ശിച്ചതില്‍ നിന്നാണ് വിമന്‍സ് വോയ്സ് മിനിമം കൂലി എന്നാ ആശയം നടപ്പാക്കേണ്ടതിന്റെ ആവശ്യകത  രൂപവല്‍ക്കരിച്ചത്. വിദ്യാഭ്യാസ പരമായും  ഉന്നത ചിന്തകളാലും പരിലസിക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം ഒരു കൂലി വേണോയെന്ന സംശയം ഉന്നയിച്ചു . അതിനു അവര്‍ പറഞ്ഞ മറുപടി - ''നമ്മളില്‍ കുറച്ചു പേര്‍ക്ക് ആ പ്രശ്നം ഇല്ല. എന്നാല്‍ ചെറിയ പ്രായത്തില്‍ വിവാഹിതരാകുകയും അമ്മമാരാകുകയും ചെയ്യുന്ന ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ട്. വടക്കന്‍ കേരളത്തില്‍ സ്ഥിതി ഏറെ ആശങ്കാജനകം ആണ്. ഒരു പക്ഷെ നമുക്കൊന്നും ചിന്തിക്കാന്‍ പറ്റാത്ത രീതിയിലാണ് അവരുടെ ജീവിതങ്ങള്‍. അത്തരക്കാരെ മുന്നില്‍ കണ്ടു കൊണ്ടാണ് ഇത്തരമൊരു നീക്കത്തിന്   മുതിരുന്നത്. പെണ്‍കുട്ടികളെ ഉയര്‍ന്ന സ്ത്രീധനം വാങ്ങി വിവാഹം   കഴിച്ചു കൊണ്ട് വരികയും  ഭാര്യ ധര്‍മ്മത്തിന്റെ  പേരില്‍ വീട്ടില്‍ തന്നെ അടച്ചിടുകയും ചെയ്യുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിക്ക് പോകാന്‍ ആഗ്രഹവും ഉണ്ടായിട്ടു കൂടി അവര്‍ക്ക് വീട്ടില്‍ ഇരിക്കേണ്ടി വരുന്നു. എന്നിട്ടും, പണം സമ്പാദിക്കുകയും അത് കൈകാര്യം ചെയ്യുകയും ചെയ്യുന്ന വീട്ടിലെ മറ്റു കുടുംബാംഗങ്ങളുടെ മുന്നില്‍ അടിവസ്ത്രം വാങ്ങാനുള്ള കുറച്ചു പണത്തിനു പോലും കൈനീട്ടെണ്ടി വരുന്നത്  ഏറെ അപമാനകരമാണ്. ഭാര്യ ധര്‍മത്തിന്റെയും സ്നേഹത്തിന്റെയും കടപ്പാടിന്റെയും പേരില്‍ ഒരു പക്ഷെ അപമാനത്തെ അഭിമാനമായി പുറത്തു കാട്ടൂകയാനു ഭൂരിഭാഗം സ്ത്രീകളും ചെയ്യുന്നത്. എന്നാല്‍, എപ്പോഴെങ്കിലും ഏതെങ്കിലും തര്‍ക്കത്തിന്റെ പേരില്‍ 'ഞാന്‍ സമ്പാദിക്കുന്നു ,    നീ അനുസരിച്ചാല്‍ മതി' എന്ന വാചകം കേള്‍ക്കേണ്ടി വരുന്നത് ഏറെ അപമാനകരം തന്നെയാണ്. അത് പുറത്തു പറഞ്ഞില്ലേലും ഉള്ളില്‍ ഒരു അടിമയുടെ മനസ്ഥിതിയാണ്. ധര്‍മം എന്ന പേരില്‍ ധര്‍മം തെണ്ടേണ്ടി  വരുന്ന  അവസ്ഥ. ഒരുകാലത്ത് ഒറ്റപെട്ടു പോകുന്ന കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന മിനിമം കൂലി അവര്‍ക്ക് ഉപകാരപ്പെടും. നിലവില്‍ തൊഴിലില്ലായ്മ വേതനം ആണും   പെണ്ണും വാങ്ങുന്ന നാടാണ് കേരളം. അത് പോലെ പല തരാം വേതനങ്ങള്‍ വാങ്ങുന്നുണ്ട് . എതിര്‍ക്കുന്നവരോട്  ഒന്നേ  പറയാനുള്ളൂ. നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്ക് മാന്യമായ തൊഴിലിനു പോകണം എന്നുണ്ടെങ്കില്‍ അനുവദിക്കുക. കുഞ്ഞിനെ പ്രസവിക്കലും പരിചരിക്കലും തുടങ്ങിയ  കാര്യങ്ങള്‍  എല്ലാം ആരുടേയും നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ അവള്‍ ചെയ്യുക തന്നെ ചെയ്യും. എന്നാല്‍ 'എന്റെ വീട്ടിലെ സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍ താല്‍പ്പര്യമില്ല, അവള്‍ക്കു വീട്ടു പരിചരണത്തിനാണ് താല്‍പ്പര്യം'' എന്ന് അവള്‍ പറയുന്നതിന് മുന്‍പേ പറയുന്നവര്‍ -സ്വകാര്യമായി അവളോട്‌ ഒന്ന് ചോദിക്കുനന്തു നല്ലതാണ്.  ""

 ഇങ്ങനെയൊക്കെ  ആണെങ്കിലും കേരളത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടാവുന്ന ഒരു വിഷയമാണ് മേല്‍പറഞ്ഞത്‌. ഒച്ചപ്പാടിന് ഇക്കാര്യത്തില്‍ ചില കാര്യങ്ങളില്‍ എതിര്‍പ്പുകളുണ്ടെങ്കിലും - വേതനത്തില്‍ പ്രലോഭിതയായി സ്ത്രീകള്‍ വീട്ടിനുള്ളിലേക്ക് സ്വയം ചുരുങ്ങി പോകാന്‍ ഇടയാകും - ചര്‍ച്ച നടക്കട്ടെ എന്ന് കരുതുന്നു. പരസ്പര തെറ്റിധാരണകള്‍ ഒഴിവാക്കാന്‍ ചര്‍ച്ച ഇപ്പോഴും നല്ലതാണ് . വീട്ടിലെ ജോലികള്‍ മൂല്യം കല്‍പ്പിക്കാനാകുന്നതിലും മേലെയാണ്. പുതിയ കാലത്ത് ആണും പെണ്ണും വീട്ടുജോലികള്‍ ചെയ്യുന്നവരാണ്. പരസ്പര ധാരണയിലൂന്നിയ   നിലപാടുകള്‍ ശ്രദ്ധിക്കപ്പെടെണ്ടതുണ്ട്    .
Related Posts Plugin for WordPress, Blogger...

Facebook Plugin