2013, ജനുവരി 16, ബുധനാഴ്‌ച

ധിത്താ ധിത്താ ധിത്താ ധിമൃതതൈ





കാക്കണേ ദൈവമേ!- 
സെന്‍റ് ജെമ്മാസിലെ വേദിയില്‍ നടന്ന
മാര്‍ഗ്ഗം കളി മല്‍സരത്തിനു മുന്‍പ്‌ പ്രാര്‍ഥനയില്‍ !
face book link 

മാര്‍ഗ്ഗം കളി  ഓര്‍ത്താല്‍ ഇപ്പോഴും ചിരി വരും. ഫോറാന പള്ളിക്ക് കീഴിലെ പള്ളികള്‍ തമ്മിലുള്ള മല്‍സരം.
പ്രായം അനുസരിച്ചാണ് വിഭാഗങ്ങളെ തിരിക്കുന്നത് 
ഞാന്‍ ഉള്‍പ്പെടുന്ന ജൂനിയര്‍ വിഭാഗത്തില്‍ അസ്സലായി നൃത്തം ചവിട്ടുന്ന ആറു പേരെ കിട്ടി, പക്ഷെ പാടുന്നവരെ ആരെയും കിട്ടിയില്ല.  ഒടുവില്‍ പദ്യം ചൊല്ലലിനും പ്രസംഗ മത്സരത്തിനും പങ്കെടുക്കാന്‍ എത്തിയ, പര പര കവിത ചൊല്ലാന്‍ മാത്രമുള്ള ഈണം കൈവശമുള്ള എനിക്ക് നറുക്ക് വീണു. 

എണ്പതിലധികം വരികള്‍ കാണാപാഠം പഠിക്കണം, അതും ഏറ്റവും കുറഞ്ഞ മണിക്കൂറുകള്‍ കൊണ്ട്.  പഠിക്കാന്‍ ചേച്ചിമാര്‍ കസെറ്റ് നല്‍കി. അതിലുള്ള മാര്‍ഗംകളി പാട്ട്  പഠിക്കാന്‍ എന്നെ ഒറ്റയ്ക്ക് ഒരു റൂമില്‍ അടച്ചിടുകയും ചെയ്തു. 

ഇടയ്ക്കു വാതില്‍ തുറന്നു വന്നു 'ജിഷേ പഠിക്കുന്നുണ്ടോ ' എന്നാരായും.  ഉവ്വെന്നു ഞാന്‍..,. സത്യത്തില്‍ അവര് വരുമ്പോഴാണ്  വരികളെഴുതിയ കടലാസ് നോക്കുന്നതായെങ്കിലും ഭാവിക്കുന്നത്. എന്നെക്കൊണ്ട് കഴിയില്ലാത്ത പണിയാണെന്ന് പലത്തവണ പറഞ്ഞിട്ടും അവര് സമ്മതിക്കുന്നില്ല. എങ്കില്‍ ഇനി സ്റ്റേജില്‍ കയറി പാടിയിട്ടു തന്നെ കാര്യം. 


ഒടുവില്‍ ആ ദിവസം സമാഗതാമായി.  എന്റെ അമ്മൂമ്മയുടെ ചട്ടയും മുണ്ടും തന്നെ വാടകക്ക് ഞാന്‍ വാങ്ങി.  ഞൊറിയ്‌ടുത്ത്  വാലുണ്ടാക്കി, മേക്കമോതിരവും കാലില്‍ തളയും  അണിഞ്ഞു. കഴുത്തില്‍ കാശ് മാല. 

അസ്സലായി നെഞ്ച് പിടക്കുന്നുണ്ട്, മുഖത്ത് കാണിക്കാതിരിക്കാന്‍ ഇടയ്ക്കിടെ റോബസ്റ്റ പഴം ഇരുന്നു തിന്നുന്നതായി ഭാവിക്കും. അത് തിന്നാന്‍ കൂടി ടെന്‍ഷന്‍ സമ്മതിക്കുന്നില്ല. ഒടുവില്‍ നമ്പര്‍ വിളിച്ചു. അല്‍പ മണിക്കൂറുകള്‍ കൊണ്ട് തട്ടിക്കൂട്ടിയായത് കൊണ്ട് സ്റ്റെപ്സ് തെറ്റുമെന്നു ഡാൻസുകാര്‍ക്ക്  ആധിയുണ്ട്. പക്ഷെ  സ്റ്റേജില്‍ മാര്‍ഗ്ഗംകളി പാട്ട് തുടങ്ങിയ മുതലേ അവര് ചിരിയാണ്. ആദ്യ പാദം- മേയ്ക്കണീന്താ പീലിയും മയില്‍' എന്ന് പരാമാവധി വേഗത കുറച്ചു വേണം പാടാന്‍, പക്ഷെ ടെന്‍ഷന്‍ കാരണം ഞാന്‍ പോപ്‌ മ്യൂസിക്‌ സ്പീഡിലാണ് പാടുന്നത്. അത് കൊണ്ട് തന്നെ അവര്‍ അതിവേഗത്തിലാണ് വണക്ക സ്റ്റെപ്സ് കളിക്കുന്നത്.  

ചിരിച്ചു ചിരിച്ച്  ഡാന്‍സുകാരുടെ  ചുണ്ടുകള്‍ ചെവി തൊട്ടു.

ധിത്താ ധിത്താ ധിത്താ ധിമൃതതൈ 

'മരമോട് കല്ലുകള്‍ കനകം വെള്ളി' എന്ന് തുടങ്ങുന്ന രണ്ടാം പാദം അൽപം വേഗതയില്‍ പാടണം. ആദ്യ വണക്ക പാദ ഗാനം സ്പീഡില്‍ പാടിയത് കൊണ്ട് ട്രെയിന്‍ ബ്രേക്ക്‌ കിട്ടാതെ പായുന്ന പോലെയാണ് രണ്ടാം പാദം തുടങ്ങിയത്...
ഹെന്റമ്മോ! നാലഞ്ചു വരികള്‍ക്ക് ശേഷം 'തകത തകത തകത തൈ ' എത്തിയപ്പോഴേക്കും  അല്‍ഷിമേഴ്സ്   ബാധിച്ചു.  അറുപതിരണ്ടിലധികം വരികള്‍ പാടേണ്ട ഇടങ്ങളിലെല്ലാം ആദ്യ അഞ്ചാറു വരികള്‍ തന്നെ  വീണ്ടും വീണ്ടും പാടി തകര്‍ത്തു. അയ്യോ, ഇങ്ങനെ പാടിയാല്‍ ഇനി മൂളിപ്പാട്ട് പാടാന്‍ പോലും മാനം ഉണ്ടാകില്ലെന്ന ചിന്ത അവസാന നൃത്തചുവടുകള്‍ തുടങ്ങിയപ്പോള്‍ മനസിലേക്ക്  ഇരച്ചു കയറാന്‍ തുടങ്ങി. 

അമ്മൂമ്മാരായ കൂട്ടുകാര്‍ ചിരിച്ചു കുഴഞ്ഞ് ഡാന്‍സ്‌ കളിച്ചു. 
അവിടെ ചിരി ഇവിടെ കരച്ചില്‍. .. , ഇവിടെ കരച്ചില്‍,അവിടെ ചിരി.. ഞാന്‍ തെറ്റിച്ചപ്പോള്‍ അവര് ചുവടു തെറ്റിക്കാതെ എന്നെ വീണ്ടും  ഞെട്ടിച്ചു.

വയറില്‍ നിന്നോരാന്തല്‍.  അവര്‍ തെറ്റിച്ചിരുന്നെങ്കില്‍  എനിക്കും ചീത്ത കേള്‍ക്കാതെ രക്ഷപ്പെടാമായിരുന്നു . അല്ലെങ്കില്‍ ചീത്ത കേള്‍ക്കാന്‍ അവരെങ്കിലും ഒപ്പം ഉണ്ടാകുമല്ലോ എന്നെങ്കിലും ആശ്വസിക്കാമായിരുന്നു. ഹും, ദുഷ്ടകള്‍. ...

ആന്തല്‍ കൂടി കൂടി കണ്ണില്‍ പെരുത്ത്‌ കയറ്റം! തല കറങ്ങുമോ, സ്റ്റേജില്‍ വീണാല്‍ നാട്ടുകാര്‍ കാണുമല്ലോ ദൈവമേ എന്ന എന്റെ മനസിന്റെ കരച്ചില്‍ ദൈവം കേട്ടു. കര്‍ട്ടന്‍ വീണതിനൊപ്പം ഒരു സെക്കന്‍ഡ്‌ സമയം തന്നിട്ടാണ് എന്നെ കറക്കി വീഴ്ത്തിയത് . ഹാവൂ...അത്രയെങ്കിലും ആശ്വാസം.


കര്‍ട്ടന്‍ വലിച്ചു താഴ്ത്തുന്നയാള്‍ക്ക് എന്റെ നില്‍പ്പില്‍ പന്തികേട് നേരത്തെ തന്നെ തോന്നിയതിനാല്‍ എന്റെ വീഴ്ച മുന്‍കൂട്ടി കണ്ടു. ഭാഗ്യം, തലയിടിക്കാതെ അയാള്‍ കാത്തു. (ഓ, പിന്നെ അയാള് എത്രയെത്ര സ്റ്റേജില്‍ കര്‍ട്ടന്‍ വലിച്ചയാളാണ്, അങ്ങേര്‍ക്കു ഇതൊക്കെ മനസിലാകും.)

മേയ്ക്കപ്പ് റൂമിലെ ബഞ്ചില്‍ കണ്ണടച്ച് നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ ആരൊക്കെയോ പറയുന്ന കേട്ടു- 'പാവം രാവിലെ മുതല്‍ ഒററയിരുപ്പല്ലേ ?  മേയ്ക്കപ്പ് കാരണം ഒന്നും കഴിച്ചിട്ടുമുണ്ടാകില്ല. '' ശരിയല്ലേ, അയ്യോ പാവം ഞാനേ....

എന്നിട്ടും അവളുമാര്‍ എന്നെ കളിയാക്കി, കള്ള തലക്കറക്കം കറങ്ങിയെന്നു  പറഞ്ഞ് പൂര കളിയാക്കല്‍. പക്ഷേ  പാടി തെറ്റിച്ചെങ്കിലും ദുഷ്ട്കള്‍ക്ക് ഞാന്‍ സെക്കന്‍ഡ്‌ വാങ്ങി  കൊടുത്തില്ലേ ??
എന്നിട്ടും അവളുമാര്‍ പറയുന്നത് -രണ്ടു ടീം മാത്രമേ മല്‍സരത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് . ഹും





1 അഭിപ്രായം:

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...