2013, ഡിസംബർ 2, തിങ്കളാഴ്‌ച

എപ്പിക്‌ ഓഫ് എപ്പിസ്കോപ്പ



നമ്മുടെ കഥ ആരംഭിക്കുകയാണ്. കഥയിലെ നായകന്‍ അല്ലാ വില്ലന്‍ ഒരു എപ്പിസ്കോപ്പയാണ്. അതെന്തു കോപ്പ എന്ന് ചോദിക്കരുത്. മതവികാരം വൃണപ്പെടുത്തരുത്. അവസാനം കഥ വായിച്ചു കഴിഞ്ഞിട്ട് എന്താടോ കോപ്പാ എന്ന് വിളിക്കുകയും അരുത്. നല്ല നിലക്ക് നടക്കുന്ന മറ്റു കോപ്പാമാര്‍ക്ക് ഇതൊരു നാണക്കേട് തന്നെയാണ്. അത് കൊണ്ട് ശവത്തില്‍ കുത്തരുത്.

കഥയുടെ പേരാണ് എപ്പിക്‌ ഓഫ് എപ്പിസ്കോപ്പ ( സിംബല്‍ ....)

""കാഥികയല്ല കഥാകാരിയല്ല  ഞാന്‍
കേവലം ഞാനൊരു കൊച്ചു ബാലിക
അറ്റകുറ്റങ്ങളും തെറ്റും പിഴകളും
 വന്നാലോ നിങ്ങള്‍ പൊറുത്തിടേണം ""

അങ്ങ് ദൂരെ ചെങ്ങന്നൂര്‍ എന്നൊരു ഗ്രാമം . അവിടെ  ചെറിയനാട് കൊല്ലക്കടവില്‍ കളീക്കല്‍ എന്നൊരു വീടുണ്ട്. അവിടെയാണ് നമ്മുടെ കഥാനായകന്‍ ജീവിക്കുന്നത്. മാവേലിക്കര കൊറ്റാര്‍കാവ് പള്ളിയിലെ എപ്പിസ്കൊപ്പയായി നമ്മുടെ കഥാനായകന്‍ ജീവിക്കുന്ന കാലം. അദേഹത്തിന്റെ പേരാണ് ഫാ.ഗീവര്‍ഗീസ്‌. ( സിംബല്‍... )

പാതിരിയാണ് ഞാന്‍
ലാളിത്യം പുകള്‍പ്പെറ്റ
ക്രിസ്തുവിന്റെ പിന്‍ഗാമി......
കാണിക്കയാണ് ഞാന്‍
കര്‍ത്താവേ,
നിന്റെ അഭിഷിക്തന്‍ ...

പ്രഭാതം പൊട്ടി വിടരുന്ന സുന്ദര ദിനം. സെന്റ്‌ ജോര്‍ജ്‌ പള്ളിയിലെ പാട്ട് കുര്‍ബാന കഴിഞ്ഞു ഗീവര്‍ഗീസച്ചന്‍ നേരെ പള്ളിമേടയിലേക്ക് നടന്നു.  പള്ളിയില്‍ നിന്നും ഇറങ്ങി പോകുന്നവര്‍ അദ്ദേഹത്തെ നോക്കി 'ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ ' എന്ന് ഭയഭക്തി പുരസ്സരം പറഞ്ഞു .

എപ്പോഴും ( സിംബല്‍ ) ഇപ്പോഴും( സിംബല്‍) സ്തുതിയായിരിക്കട്ടെ ( സിംബല്‍)


പെട്ടെന്നാണ് അച്ചന് ഒരു വെളിപാട് ഉണ്ടായത്.  ആരോ മതില്‍ ചാടിയിരിക്കുന്നു. അച്ചന്‍ ധ്യാനിച്ചു. മനസ്സ് കടുപ്പിച്ച് ധ്യാനിച്ചു... അതെ, അതൊരു സ്ത്രീയാണ്. അതെ ഒരു സ്ത്രീ മതില്‍ ചാടിയിരിക്കുന്നു ( സിംബല്‍ )

പാതിരി കഴുത്തില്‍ കിടന്ന കുരിശു മാലയില്‍ മുറുക്കെ പിടിച്ചു. ഒന്ന് കൂടി കണ്ണുകളിറുക്കി പൂട്ടി ആവേശത്തോടെ ധ്യാനിച്ചു. അതൊരു അധ്യാപികയാണ്. ങേ... മാതൃക ആകേണ്ട അധ്യാപിക ഇതാ മതില് ചാടിയിരിക്കുന്നു.

ആശാനക്ഷരമൊന്നു പിഴച്ചാല്‍ ....
അമ്പത്തെട്ടു പിഴക്കും ശിഷ്യന്....

അതെ , ആശാട്ടി പിഴച്ചാല്‍ ശിഷ്യ ഗണം എവിടെയെത്തും. ഇല്ല..ഇല്ല..ഇത് അനുവദിച്ചു കൂടാ. .തെറ്റ് പറ്റിയവരെ തിരുത്തണം. ക്രിസ്തുവിന്റെ വചനങ്ങള്‍ അവര്‍ക്ക് പകരണം. ഞാന്‍ ഇതാ വരികയായി...

;'' കത്തനാര്‍ കത്തനാര്‍
കടമറ്റത്ത് കത്തനാര്‍ കത്തനാര്‍
സത്യമോ ഇത് മിഥ്യയോ...''

കത്തനാര്‍ സ്ലോ മോഷനില്‍ സ്വന്തം വീട് ലക്ഷ്യമാക്കി  പാഞ്ഞു. അങ്ങ് ദൂരെ നിന്നു തന്നെ അദ്ദേഹം ഹൃദയം തകര്‍ക്കുന്ന ആ കാഴ്ച കണ്ടു.
അതാ അങ്ങോട്ട്‌ നോക്കൂ...

''അക്ഷര നക്ഷത്രം കോര്‍ത്ത
ജപമാലയും കൈകളിലേന്തി
അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത
മനസ്സാം ശംഖുമൂതി
ജന്മഗേഹം വളഞ്ഞു വച്ച നാട്ടുകാരെ
കണ്ടുപേടിച്ചോരഭയാര്‍ഥിയാമെന്‍
ഭിക്ഷാപാത്രത്തില്‍ നിറക്കുക
നിങ്ങളിത്തിരി സ്നേഹാമൃതം ""

അവിടെയതാ, നാലാള്‍ പൊക്കത്തില്‍ കെട്ടിപ്പൊക്കിയ മണിമാളികക്ക് മുന്നില്‍ നാട്ടുകാര്‍ കടലിരമ്പം പോലെ അലറുകയാണ്

''വരിക വരിക സഹജരെ
വരിക വരിക മോദമായ്‌
വഴി പിഴക്കും വാഴ്വിനെ
നേര്‍വഴിക്ക് തീര്‍ക്ക  നാം ''


സത്യത്തില്‍ കഥാപ്രസംഗം കേട്ടിട്ട് നിങ്ങള്ക്ക് ബോറടിച്ചു ഇല്ലേ? ഇല്ലെങ്കില്‍ വേണ്ട, പറഞ്ഞ എനിക്ക് ബോറടിച്ചു. അതിനാല്‍ കഥ ഇനി ന്യൂ ജെനറേഷന്‍ ടൈപ്പ് സ്പീഡില്‍ വിടാം.

കത്തനാര്‍ പെട്ടെന്ന് കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയെ പോലെ മുരണ്ടു പാഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ ശക്തിമാന്‍ പമ്പരം കറങ്ങുന്ന പോലെ അയാള്‍ കറങ്ങി. പടിവാതില്‍ തുറന്നതും അടഞ്ഞതും നിമിഷ നേരം കൊണ്ടായിരുന്നു.  മൈഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമ കണ്ട പോലെ ടും, ടും പുറത്തു നിന്ന അച്ഛന്‍ ഇപ്പോള്‍ അതാ അകത്ത്... അദ്ദേഹം ദുര്‍മന്ത്രവാദിയെ പോലെ ആര്‍ത്തു അട്ടഹസിച്ചു. എന്നിട്ട് കക്കൂസ നില്‍ക്കുന്നിടതെക്ക്  പറന്നു  ചെന്നു. അവിടെ ഒരു ഷെഡില്‍ വിവസ്ത്രയായി നിലം പറ്റിക്കിടക്കുന്ന സ്വന്തം പെങ്ങളെ അയാള്‍ രൂക്ഷമായി നോക്കി. വാതില്‍ ചവുട്ടി തുറന്നു. ആ സ്ത്രീയുടെ കാലുകളില്‍ പിടിച്ചു അയാള്‍ വലിച്ചിഴച്ചു വീട്ടിനകത്ത് വലിച്ചു കേറ്റി. അലമാരയില്‍ നിന്നും ഒരു മാക്സി എടുത്തു അവരെ ധരിപ്പിച്ചു. ഇടയ്ക്കു നാല് കുത്തു കൊടുക്കാനും മറന്നില്ല.

ഇതിനിടക്ക്‌ നിയമത്തിന്റെ കാവല്‍ ഭടന്മാര്‍ ക്യോം..ക്യോം...മുഴക്കി വന്നു നിന്നു.  ചാടിയിറങ്ങിയ എസ്.ഐ ഗെയ്റ്റ് മലക്കെ തുറന്നു. എന്നിട്ട് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു....ഗബ്ബര്‍ സിംഗ്.......മേം ആയാ....


എന്റെ സാമ്രാജ്യത്തില്‍ നിനക്ക് എന്ത് കാര്യം ?? ഞാന്‍ നിന്നെ എന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കും - ഗബ്ബര്‍ സിംഗ് മിസ്റ്റര്‍ പെരേരയായി.

എസ്.ഐ പേടിച്ചു. വിറച്ചു. ക്രിസ്തുവിന്റെ അഭിഷിക്തനോടാണ് കളി. നേരിട്ടു കര്‍ത്താവ്‌  ഇറങ്ങി വന്നു കൊട്ടേഷന്‍ തന്നാലോ എന്ന് കരുതി എസ്.ഐ ചൂണ്ടു വിരല്‍ ചുണ്ടിന് മുകളില്‍ വച്ച് വായടച്ചു.

ഇതാണോ നിങ്ങള്‍ അന്വേഷിക്കുന്ന സ്ത്രീ..? കത്തനാര്‍ പെങ്ങളെ മുന്നോട്ടു നീക്കി നിറുത്തി ജനക്കൂട്ടത്തോട് ഉറക്കെ ചോദിച്ചു. ഹേ..സ്ത്രീയെ എനിക്കും നിനക്കുമെന്ത്... അനന്തരം പുരോഹിതന്‍ മുറ്റത്തെ ടാപ്പ്‌ തുറന്നു അദ്ദേഹത്തിന്റെ കയ്യില്‍ പറ്റിയ ചെളി കഴുകി കളഞ്ഞു.

അവനെ വിട്ടു തരിക , അവനെ വിട്ടു തരിക.....ജനക്കൂട്ടം കത്തനാരെ ചൂണ്ടിക്കാട്ടി  എസ്.ഐയോട് ആവശ്യപ്പെട്ടു .

 കത്തനാര്‍ അപ്പോള്‍ ശപിച്ചു - എന്നാലും  മതില് ചാടി പെങ്ങളുടെ അവസ്ഥ കണ്ടെത്തി നാട്ടുകാരെ അറിയിച്ച ആ ടീച്ചര്‍ ശപിക്കപ്പെട്ടവള്‍ !


ഒച്ചപ്പാട് - മാനസിക രോഗം ഉണ്ടെന്നു പറഞ്ഞ് വീടിനു പുറത്തെ ഷെഡില്‍   സഹോദരിയെ  തിന്നാനും ഉടുക്കാനും നല്‍കാതെ കിടത്തിയ കത്തനാരെ പ്രോസിക്യൂട്ട് ചെയ്യുക. മലവും മൂത്രവും ആ ഷെഡില്‍ അവിടവിടെ കിടന്നിരുന്നു. അതിനു പോലും സൗകര്യം ചെയ്യാത്ത അയാള്‍ കത്തനാര് തന്നെയോ ??

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...