Thursday, April 3, 2014

അമ്മയുടെ കരളായ ബദ് രി

ബദ്രി
അമ്മയുടെ കരളാണ് ബദ്രി. കുഞ്ഞു ബദ്രിയുടെ പൂപോലെയുള്ള ചിരി കണ്ടാല്‍ ആ അമ്മയും ചിരിക്കും. എന്നാല്‍, ആ ചിരിയില്‍ വേദനയുടെ സൂചി മുനകളുണ്ട്. കാരണം, ആ കുഞ്ഞു പൂപുഞ്ചിരി നില നിര്‍ത്തണമെങ്കില്‍ എത്രയും പെട്ടെന്ന് കരള്‍മാറ്റ ശാസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നു.

ആലപ്പുഴ ചേര്‍ത്തല മരുത്തോര്‍വട്ടം സി.എം.സി 15 പ്രഭാ നിവാസില്‍ രാഗിയുടെയും സി.പി. പ്രദീപിന്‍െറയും ഇളയകുഞ്ഞാണ് ഒന്നര വയസുകാരന്‍ ബദ്രി. അമ്മയുടെ കണ്ണിലുണ്ണിയായ ഈ കുഞ്ഞിന് കരളിന് അസുഖമാണ്. ജനിച്ച കാലം മുതല്‍ അമോണിയയുടെ അളവ് കൂടിയ നിലയിലാണ്. എപ്പോഴും തളര്‍ച്ചയും ക്ഷീണവും മാത്രം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബദ്രി യൂറിയ സൈക്കിള്‍ ഡിസോര്‍ഡര്‍ എന്ന രോഗത്തിന്‍െറ പിടിയിലാണെന്ന് തിരിച്ചറിയുന്നത്.
പിച്ചവെച്ച് നടക്കാന്‍ പ്രായമായെങ്കിലും ഈ കുരുന്നിന് ഇനിയും എഴുന്നേറ്റ് നില്‍ക്കാന്‍ സാധിച്ചിട്ടില്ല. അസുഖത്തിന്‍െറ കടുപ്പം മൂലം കണ്ണിന്‍െറ കാഴ്ചയും പതുക്കെ നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നുവെന്ന് പിതാവ് പ്രദീപ് സങ്കടപ്പെടുന്നു.   അമൃത ആശുപത്രിയിലെ കരള്‍മാറ്റ ശാസ്ത്രകക്രിയ വിദഗ്ധന്‍ ഡോ. എസ്. സുധീന്ദ്രന്‍െറ കീഴിലാണ് ചികിത്സ. ശാസ്ത്രക്രിയക്ക് മുമ്പുള്ള ഒരുക്കങ്ങളും റേഡിയോളജി, ശാസ്ത്രക്രിയ  അടക്കം എല്ലാ ചികിത്സക്കും വേണ്ടി 20 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

തുടര്‍ ചികിത്സക്ക്പിന്നെയും പണം വേണം. എന്നാല്‍, സ്വര്‍ണ പണിക്കാരനായ പ്രദീപിനും വീട്ടമ്മയായ രാഗിക്കും ഈ തുക എങ്ങനെ കണ്ടത്തെണമെന്ന് ഒരു രൂപവുമില്ല. ഇവരുടെ ആദ്യ കുഞ്ഞ് ജനിച്ച് 32 ദിവസമായപ്പോഴേക്കും മരിച്ചു. മൂന്നര വയസുള്ള വൈഗ എന്ന മകള്‍ ഇപ്പോള്‍ അവര്‍ക്കൊപ്പമുണ്ട്. മൂന്നാമത് ജനിച്ച കുഞ്ഞാണ് ബദ്രി.

വിരല്‍ തുമ്പില്‍ പിടിച്ച് ഈ കുഞ്ഞുവാവ നടക്കുന്നത് കാണാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിപ്പാണ് ഈ വീട്ടുകാര്‍.  കുഞ്ഞിന്‍െറ ചികിത്സക്കുള്ള ധനശേഖരണാര്‍ഥം കൂത്താട്ടുകുളം എന്‍ജിനീയറിങ് കോളജ് അധ്യാപകന്‍ കെ.വി. ബിജുമോന്‍, പിതാവ് സി.പി. പ്രദീപ് എന്നിവരുടെ പേരില്‍ എസ്.ബി.ഐ ചേര്‍ത്തല സൗത് ബ്രാഞ്ചില്‍ 33760 203794 എന്ന അക്കൗണ്ട് നമ്പറില്‍ ബദ്രി പ്രദീപ് ചികിത്സാ സഹായ നിധി തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: SBIN0011916, സ്വിഫ്റ്റ് കോഡ്: SBININBB243. ഫോണ്‍: 9961043014.  സുമനസുള്ളവരുടെ സഹായം ബദ്രിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍.

__________________________

ഒടുവില്‍ ബദ്രി മരിച്ചു  2014 ജൂണ്‍ 15 ന് 

No comments:

Post a Comment

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

Related Posts Plugin for WordPress, Blogger...

Facebook Plugin