2013 ഓഗസ്റ്റ് 14, ബുധനാഴ്‌ച

ബാബു സാവിയോ വെഡ്സ് ഷെരോണ്‍




രണ്ടു സന്തോഷങ്ങളാണ് ഇന്നുണ്ടായത്. ഒന്നൊരു അവാര്‍ഡ്‌ ,സ്വാഭാവികമായും സന്തോഷം. എന്നാല്‍ അതിലും വലിയ  സന്തോഷം നല്‍കിയത് ഒരാളുമായി ഉണ്ടായ  കൂടിക്കാഴ്ചയാണ്. ജീവിതത്തില്‍  ഒരിക്കലും മറന്നു പോകാന്‍ ഇടയില്ലാത്ത ഒരാളെ കണ്ടു. ( ഒന്നോ രണ്ടോ വട്ടം കണ്ടു പരിചയപ്പെട്ടിട്ടും മുഖം മറക്കുകയും ,എന്തിനു കൂടെ  പഠിച്ചവരുടെ പേര് മറക്കുകയും ചെയ്യുന്ന ഡിമ്നീഷ്യ എന്ന് ഞാന്‍ തന്നെ പേരിട്ടു വിളിക്കുന്ന അപൂര്‍വമായ ഒരു അസുഖത്തിന്റെ പിടിയിലാണ് ഞാന്‍) -), അത് കൊണ്ടാണ് ജീവിതത്തില്‍ മറക്കാന്‍ ഇടയില്ല എന്ന് പ്രത്യേകം പറഞ്ഞത് )   കൂടിക്കാഴ്ചയുടെ  കഥ വിശദമായി പറയാം.

ഇക്കഴിഞ്ഞ ദിവസം കോര്‍പറേഷനില്‍ കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ എന്നും ലഭിക്കുന്ന അജണ്ടക്കൊപ്പം ഒരു കല്യാണ കത്ത് കൂടി കിട്ടി. ഏതെന്കിലും കൌണ്‍സിലര്‍മാരുടെ, അല്ലെങ്കില്‍ അവരുടെ മക്കളുടെ കല്യാണം എന്നാണു കരുതിയത്‌. .,.എന്നാല്‍ കത്തിനു മുകളില്‍ നഗരസഭ എന്ന് അച്ചടിച്ച്‌ വച്ചത് കണ്ടപ്പോള്‍ കൌതുകമായി. നഗരസഭയാണ് കല്യാണം ക്ഷണിക്കുന്നത്. അതിനു നഗരസഭക്ക് മക്കളുണ്ടോ? കൌതുകം കൊണ്ട് കണ്ണ് മിഴിഞ്ഞു. കത്ത് തുറന്നപ്പോള്‍ കല്യാണം ക്ഷണിക്കുന്നത് മേയറും നഗരസഭ സെക്രട്ടറിയുമാണ്. അതാണ്‌ ആദ്യം കണ്ടത്. പിന്നെയാണ് ചെക്കന്റെയും പെണ്ണിന്റെയും വിവരങ്ങള്‍ വായിച്ചത്.

''ബഹുമാന്യ സുഹൃത്തെ
കൊച്ചി നഗരസഭയുടെ കീഴിലുള്ള സ്നേഹഭവന്‍ അംഗമായ
ഡോ.ബാബു സാവിയോയും M.Com, M.B.A, Ph.D
കുമാരി. ഷെരോണ്‍ ആന്‍ ജോസും M.Com , NET
(D/o ശ്രീ. കെ.ജെ.ജോസഫ്‌ & ശ്രീമതി മേരി , കൈനിക്കുന്നേല്‍ ഹൗസ്, കുടിയാന്മല, കണ്ണൂര്‍ )
തമ്മിലുള്ള വിവാഹം 2013 ആഗസ്റ്റ്‌ 18 ന് ഞായറാഴ്ച 11 മണിക്ക് പള്ളുരുത്തി സെന്റ്‌.തോമസ്‌ മൂര്‍ പള്ളിയില്‍ നടത്തുന്നു.''


ആഹാ കൊള്ളാമല്ലോ ! എന്നാണ് ആദ്യം മനസ്സില്‍ ഉയര്‍ന്നത്. ഉടനെ നമ്പര്‍ തപ്പി. സമയം ഏറെ വൈകിയത് കൊണ്ട് പിറ്റേന്ന് ബാബു മാഷേ കാണാമെന്ന് കരുതി. ( ബാബു മാഷ്‌,അതോ സാവിയോ മാഷ്‌ എന്നാണോ കുട്ടികള്‍ വിളിക്കുന്നത്‌ , ആവോ ??)
പിറ്റേന്നു, അതായത് പതിന്നാലാം തിയതി രാവിലെ പ്രസ്സ്‌ ക്ലബ്‌ ബീറ്റ് അനുസരിച്ച് പ്രസ്സ്‌ മീറ്റും കഴിഞ്ഞാണ് അക്കാര്യം ആലോചിച്ചത്. ഉടനെ മാഷേ വിളിക്കാന്‍ ഫോണെടുത്തു. അപ്പോഴാണ്‌ ക്ലാസില്‍ ആയിരിക്കുമെന്ന് ഓര്‍ത്തത്‌. . ചങ്ങനാശ്ശേരിയില്‍ സി.എം.ഐ സഭയുടെ സ്വകാര്യ കോളജില്‍ അധ്യാപകനാണ് അദ്ദേഹം. അപ്പോള്‍ ഉടനെ ഒരു മെസ്സേജ് കൊടുത്തു. കാണണം, ഇന്ന സ്ഥലത്ത് നിന്നാണ് എന്നുള്ള മെസേജ് അയച്ചു അല്പം കഴിഞ്ഞപ്പോള്‍ മാഷുടെ വിളി വന്നു. നാല്  മണിക്ക് എറണാകുളം  കെ.എസ്.ആര്‍.ടിസി ക്ക് സമീപം ഉള്ള  സ്നേഹഭവന്‍ ആനക്സില്‍ എത്താമോ എന്ന് അദ്ദേഹം ആരാഞ്ഞു.  സംസാരത്തില്‍ വളരെ പാവമെന്നു തോന്നിച്ച ഒരു ശബ്ദം. ജനയുഗത്തിലെ രശ്മി മുസ്കാനെ ഏറെ നിര്‍ബന്ധിച്ചാണ് ഓഫീസില്‍ നിന്നും വിളിച്ചിറക്കിയത്. മനോരമയും മാതൃഭൂമിയും സ്റ്റോറി വീശിയടിച്ചാല്‍ നമ്മുടെ സ്കോര്‍ പോകുമെന്ന് ചെറിയൊരു ഭീഷണി കൂടി ഉണ്ടായിരുന്നു. ( സ്വാഭാവികമായും എല്ലാ പത്ര- ദൃശ്യ മാധ്യമങ്ങളിലെയും ഞങ്ങളുടെ പ്രായത്തിലുള്ളവരുടെ വലിയൊരു ചങ്ങാതിക്കൂട്ടം ഞങ്ങള്‍ക്കുണ്ട്. സ്വാഭാവികമായും ആരോഗ്യകരമായ മത്സരവും ഉണ്ട്) . അത് കൊണ്ട് വെള്ളിയാഴ്ച പോകാമെന്ന് ആദ്യം തീരുമാനിച്ച രശ്മി പിന്നീട് എന്‍റെ സ്വാര്‍ത്ഥതയെ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ വേണ്ടി തീരുമാനം സന്തോഷത്തോടെ മാറ്റി. കെ.എസ്.ആര്‍.ടിസി സ്റാന്‍ഡ് കടന്നു റെയില്‍ വേ പാളം മുറിച്ചു കടക്കാന്‍ ചെന്നിടത് വഴിമുടക്കി ബാംഗ്ലൂര്‍ ട്രെയിന്‍ കിടന്നിരുന്നു. ചാടിക്കേറി ഇറങ്ങിപോകാം എന്ന എന്റെ നിര്‍ദ്ദേശം , പക്ഷെ, അടുത്ത് നിന്ന രണ്ടു പേര്‍ ( അതിലൊരാള്‍ നാലുകാലില്‍ ആയിരുന്നു) വിലക്കി. ഇനി വഴി ചുറ്റി പോകേണ്ടി വരുമോ എന്ന ആധിക്ക് വിരാമമിട്ട് ട്രെയിന്‍ പെട്ടെന്ന് ചൂളം വിളിച്ചു അനങ്ങി മുന്നോട്ടു നീങ്ങി പാഞ്ഞു പോയി. പണ്ടെപ്പോഴോ ആ അനക്സില്‍ വന്ന ഓര്‍മയുണ്ട്. തെറ്റിയില്ല. അത് തന്നെ. ഫോണില്‍ വിളിച്ചറിയിച്ചു- മാഷേ , ഞങ്ങളെത്തി /  കട്ടിക്കണ്ണട വച്ച് ഗൌരവം ഉള്ള ഒരാള്‍ ഇറങ്ങി വരുന്നതും കാത്തു നിന്ന ഞങ്ങള്‍ക്ക് തെറ്റി. വന്നതൊരു സുമുഖനായ  ചെറുപ്പക്കാരന്‍., കണ്ണടപ്പാട് മൂക്കിലോന്നും കണ്ടതേയില്ല.

ഓഫീസിലെ മുറിയില്‍ സ്വീകരിച്ചിരുത്തി. ചോദിച്ചോളൂ എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍, പണ്ടെപ്പോഴോ സ്ലേറ്റിലെഴുതാന്‍ പലവര്‍ണ പെന്‍സില്‍ ഏറെ ആഗ്രഹിച്ചു അപ്പച്ചന്‍ കൊണ്ട് വന്നു തന്നപ്പോള്‍ ഉണ്ടായ സന്തോഷം അനുഭവപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ എന്ന് മനസ്സില്‍ മാത്രമാണ് പറഞ്ഞത് എങ്കിലും സന്തോഷം കൊണ്ടുള്ള ഓരോ തല കുലുക്കലിനും എന്റെ ജിമിക്കി കൊട്ടയുടെ കിങ്ങിണികള്‍ കില് കിലു ചിരിച്ചു.

ബാബു സാവിയോ  മിടുക്കനാണ്, ഷെരോണ്‍ മിടുക്കിയും. പ്രതികൂലമായ കാലാവസ്ഥയിലും രണ്ടു പേരും രണ്ടിടങ്ങളില്‍ പഠിച്ചു മിടുക്കരായി. രണ്ടു പേരും അവരവരുടെ ഇടങ്ങളില്‍ അസി.പ്രൊഫസര്‍മാര്‍. .
സ്വര്‍ഗത്തില്‍ പണ്ടെന്നോ നടന്ന കല്യാണം ഭൂമിയില്‍ നടക്കാന്‍ സമയമായപ്പോള്‍ അവര്‍ പരസ്പരം കണ്ടു. രണ്ടു പെണ്മക്കള്‍ മാത്രമുള്ള ഷെരോണിന്‍റെ അപ്പച്ചന്‍ ജോസഫും അമ്മ മേരിയും സ്വന്തം മകനായി സ്വീകരിച്ചു.  അനുജത്തി ഷെറില്‍ കുഞ്ഞിപ്പെങ്ങളായി.

ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന ഓരോ ചോദ്യം കേള്‍ക്കുമ്പോഴും ഞാനും രശ്മിയും പരസ്പരം നോക്കും. ചോദ്യങ്ങള്‍ വരുന്നില്ല. പക്ഷെ, മനസ്സില്‍ നോവും സന്തോഷവും ഇടകലര്‍ന്ന അനുഭവം ഉണ്ടെന്നു രണ്ടു പേരുടെ കണ്ണിലും നിറഞ്ഞു വെളിപ്പെട്ടിരുന്നു. സംസാരത്തിന് ശേഷം ഇറങ്ങാന്‍ നേരത്തു '' വരണം, കല്യാണത്തിന്'' എന്ന് സ്നേഹപൂര്‍വമായ  ക്ഷണം ഞങ്ങള്‍ മനസ്സാ സ്വീകരിച്ചിരുന്നു. പെങ്ങളായി നില്‍ക്കുമെന്നൊക്കെ വേണമെങ്കില്‍ ഭംഗി വാക്ക് പോലെ  പറയാം. പക്ഷെ ആ കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ക്കൊരു സഹോദരനെ കിട്ടി, അദ്ദേഹത്തിന് അതറിയില്ലെങ്കിലും. ! കല്യാണത്തിന് പള്ളുരുത്തിയില്‍ പോകണമെന്ന് വഴി നീളെ പറഞ്ഞു. നെഞ്ചില്‍ കുത്തുന്ന എന്തോ ചില കുരുങ്ങലുകളില്‍ വീണ്ടും വീണ്ടും അദ്ദേഹം കടന്നു വന്നു.

കല്യാണം കൂടാന്‍ പറ്റിയില്ലെങ്കില്‍ വിളിച്ചു ആശംസ അറിയിക്കുകയെങ്കിലും ചെയ്യണം., അല്ലെ? -വേണം.

ആശംസകള്‍ !!
ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ ഇടവരട്ടെ !! വിവാഹ മംഗളാശംസകള്‍ ഷെരോണ്‍ ! മാതാപിതാക്കളുടെ, കുടുംബത്തിന്റെ സ്നേഹ നിറവില്‍ ജീവിക്കാന്‍ ബാബു സാവിയോ, നിങ്ങള്‍ക്കും ഇട വരട്ടെ !!





2013 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

പോരാടി നേടീ ഡോക്ടര്‍ ഈ വിജയം


വൈദ്യസമൂഹത്തിനകത്ത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി ചികിത്സാ പിഴവിനെതിരെ പോരാടിയ ഡോക്ടര്‍ക്ക് വിജയം.

അമിത വണ്ണംകുറയ്ക്കാന്‍ ശസ്ത്രക്രിയക്ക് വിധേയനാവുകയും പണവും ആരോഗ്യവും നഷ്ടപ്പെടുകയും ചെയ്ത എറണാകുളം കോതമംഗലം നെല്ലിമറ്റം മനയത്തുമാരിയില്‍ കുടുംബാംഗമായ ഡോ. രാജേഷാണ് ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം നേടിയത്. ചികിത്സാ പിഴവിലൂടെയുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ ജീവിതാന്ത്യം വരെ അനുഭവിക്കാനിടയാകുമെന്ന് മനസ്സിലാക്കിയ ജസ്റ്റിസ് പി.കെ. ബര്‍ക്കത്തലി അധ്യക്ഷനായ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ 95 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

 ഈ ഉത്തരവുപ്രകാരം എതിര്‍കക്ഷികളായ തിരുവനന്തപുരം മെഡിട്രീന ആശുപത്രിയും ശസ്ത്രക്രിയ നടത്തിയ ഡോ. കോശി ജോര്‍ജും ചേര്‍ന്ന് നഷ്ടപരിഹാര തുകക്കൊപ്പം 12 ശതമാനം പലിശയും കോടതി ചെലവായി 5000 രൂപയും ഒടുക്കണം.

റേഡിയോളജി എം.ഡി ബിരുദധാരിയാണ് 37-കാരനായ ഡോ. രാജേഷ്. അമിത വണ്ണവും ഹെര്‍ണിയയും മൂലം ബുദ്ധിമുട്ടിലായ രാജേഷ് വൈദ്യസമൂഹത്തിലെ പലരും ഡോ. കോശിയെ പുകഴ്ത്തി പറഞ്ഞതിനെ തുടര്‍ന്നാണ്  ചികിത്സക്കായി സമീപിച്ചത്. അമിതവണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്താമെന്നും കുറഞ്ഞാല്‍ സ്വാഭാവികമായും ഹെര്‍ണിയ നിയന്ത്രണ വിധേയമാക്കാമെന്നും ഡോ. കോശി ഉറപ്പ് നല്‍കിയിരുന്നുവത്രേ. ചികിത്സാ ചെലവായി 2.5 ലക്ഷമാണ് ആവശ്യപ്പെട്ടത്. 2011 ഡിസംബറില്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന കാലത്ത് ഡോ. രാജേഷിന് 120 കിലോ തൂക്കമുണ്ടായിരുന്നു. ആമാശയത്തിന്‍െറ ആദ്യ ഭാഗമായ ഫന്‍ണ്ടസ് പൂര്‍ണമായലും നീക്കം ചെയ്യുകയാണ് ശസ്ത്രക്രിയയില്‍ പ്രധാനം. എന്നാല്‍, അശ്രദ്ധമൂലം ഫന്‍ണ്ടസ് നീക്കം ചെയ്തില്ളെന്ന് മാത്രമല്ല സ്റ്റേപ്പിള്‍സ് എന്ന ക്ളിപ്പ് നിരതെറ്റി മുറുക്കുകയും ചെയ്തു. അതിനാല്‍ ഈ ഭാഗം ബാഗ് കണക്കെ വികസിച്ചു. ഇതുമൂലം ആമാശയത്തിന്‍െറ ആദ്യ ഭാഗം ചുരുങ്ങിപ്പോവുകയും ചെയ്തു. ഉമിനീരു പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഡോ. രാജേഷ് എത്തിപ്പെട്ടത്.

ആരോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഡോ. രാജേഷ് തന്നെയാണ് സി.ടി സ്കാന്‍ നടത്താന്‍ ഡോ. കോശിയെ നിര്‍ബന്ധിച്ചത്. പരിശോധനാ ഫലത്തില്‍ ശസ്ത്രക്രിയ ഭാഗത്ത് കുഴപ്പങ്ങളുണ്ടെന്ന് മനസ്സിലാക്കുകയും വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2012 ജനുവരിയിലാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ഇതുകൊണ്ടും മാറ്റമുണ്ടായില്ല. ഇനിയും പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടറെ അറിയിച്ചെങ്കിലും ചികിത്സ നടത്താനോ രോഗിയെ കാണാനോ ഡോക്ടര്‍ സമ്മതിച്ചില്ല. ഭയംമൂലമാണ് പലതും തോന്നുന്നതെന്ന് ഡോക്ടര്‍ കോശി പറയുകയും ചെയ്തുവത്രേ. ചോര ഛര്‍ദിച്ചുകൊണ്ടിരുന്ന ഡോ. രാജേഷിന് ദിവസവും ഗ്ളൂക്കോസ് കയറ്റേണ്ട സ്ഥിതിയിലേക്ക് കാരങ്ങള്‍ എത്തിയപ്പോള്‍ മെഡിട്രിനയിലെ ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയയിലൂടെയാണ് ഡോ. രാജേഷിന് ജീവന്‍ തിരിച്ചുകിട്ടിയത്. പൂര്‍ണ ആരോഗ്യമില്ലാത്തതിനാല്‍ മുഴുവന്‍ സമയ ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ ഡോ. രാജേഷിന് കെല്‍പില്ലാതായി. നിലവില്‍ ഭരണ ചുമതല മാത്രമുള്ള പദവിയില്‍ ഗള്‍ഫിലെ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ചികിത്സാ പിഴവുണ്ടായെന്നും അശ്രദ്ധ സംഭവിച്ചെന്നും തുടക്കത്തില്‍ സമ്മതിച്ചെങ്കിലും പണം തട്ടാനുള്ള ശ്രമമാണെന്ന് ഡോ. കോശി പിന്നീട് ആരോപണം ഉന്നയിച്ചതാണ് നിയമപോരാട്ടത്തിനിറങ്ങാന്‍ ഡോ. രാജേഷിനെ പ്രേരിപ്പിച്ചത്. രാജ്യത്ത് അറിയപ്പെടുന്ന ഡോ. കോശിയെ താറടിച്ച് കാണിക്കാനും പണം പിടുങ്ങാനും നടത്തുന്ന അടവാണിതെന്ന് മറ്റു ചില ഡോക്ടര്‍മാരും ആക്ഷേപമുയര്‍ത്തി. ചികിത്സാ പിഴവുണ്ടെന്ന് മറ്റ് ചില ഡോക്ടര്‍മാര്‍ രഹസ്യമായി സൂചിപ്പിച്ചെങ്കിലും പുറത്തുപറയാനും പിന്തുണക്കാനും തയാറായില്ല. ഡോ. രാജേഷിനെ തളര്‍ത്താന്‍ പല ശ്രമങ്ങളും ഉണ്ടായെങ്കിലും പോരാട്ടം വിഫലമായില്ല.

ചികിത്സാ പിഴവുകള്‍ നേരിടേണ്ടി വന്നിട്ടും നിശബ്ദരാക്കപ്പെടുന്ന രോഗികള്‍ക്കായി ഈ വിധി സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഭാര്യയും പുഷ്പഗിരി മെഡിക്കല്‍ കോളജിലെ പാത്തോളജി എം.ഡി ബിരുദ വിദ്യാര്‍ഥിനിയുമായ ഡോ. രഞ്ജിമ എബ്രഹാം പൂര്‍ണപിന്തുണയുമായി രാജേഷിനൊപ്പമുണ്ട്. മക്കള്‍: ഇസബല്‍, മിറബല്‍.

ഓപറേഷന്‍ തിയേറ്റര്‍ വാടകക്കെടുത്തും അടിസ്ഥാന സൗകര്യങ്ങളില്ലാതെയുമാണ് മെഡിട്രീന ആശുപത്രി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നതെന്ന് ഡോ. രാജേഷ് കുറ്റപ്പെടുത്തി.  ഡോക്ടര്‍മാര്‍ വഴി പ്രചാരണം നടത്തിയാണ് രോഗികളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നത്. പല പരാതികളെ തുടര്‍ന്ന് ഈ ശസ്ത്രക്രിയ ഇപ്പോള്‍ അവര്‍ നടത്തുന്നില്ല. ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങള്‍ നിരവധിയുണ്ടെന്നും പൊതുജനം ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. വാദിക്കുവേണ്ടി അഡ്വ. കെ.എല്‍. ജോസഫ് ഹാജരായി.

അതേസമയം, വിധിയെക്കുറിച്ച് അറിയില്ളെന്നും ഒൗദ്യോഗികമായി അറിയിപ്പ് ലഭിക്കുംവരെ പ്രതികരിക്കുന്നില്ളെന്നും ഡോ. കോശി പറഞ്ഞു.മെഡിട്രീനയില്‍ എത്തുംമുമ്പ് തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ അസോസിയേറ്റ് പ്രഫസറായിരുന്നു  അദ്ദേഹം പറഞ്ഞു.

2013 ഓഗസ്റ്റ് 7, ബുധനാഴ്‌ച

കളിമണ്ണ്‍ പ്രദര്ശനം

 അതിവൈകാരികത നിറഞ്ഞ ബ്ലെസി ചിത്രങ്ങള്   എനിക്ക് ഇഷ്ടമേയല്ല. പക്ഷെ, ബ്ലെസ്സി ഒരുക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളും  മാറുന്നു. നമ്മുടെ നാട്ടുകാള്  ഇടിച്ചു കയറുകയും പുകഴ്ത്തി പറയുകയും ചെയ്യുന്നത് കേള്ക്കാറുണ്ട്. പുറത്തിറങ്ങാന്  പോകുന്ന കളിമണ്ണ് എന്ന ചിത്രത്തിനും ഇതേ  രാജയോഗം ഉറപ്പാണ്  . പക്ഷെ, പെണ്ണിന്റെ പ്രസവം ഉള്പ്പെടുത്തിയെന്ന പ്രചാരണങ്ങള്  ഏറെ വിവാദങ്ങളുണ്ടാക്കി. വീണ്ടും അവസാന ലാപ്പിലും വിവാദങ്ങൾ കൊഴുപ്പിക്കാന് വിലക്കുമായി  ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും  ഹരജിയുമായി പീരുമേട് സ്വദേശിയായ ഗിന്നസ് മാടസ്വാമിയും രംഗത്തെത്തിയിരുന്നു. പ്രസവ രംഗങ്ങള്‍ ഉള്‍പ്പെട്ട ചിത്രം അവ നീക്കം ചെയ്യാതെ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടെടുത്ത  തിയേറ്റര്‍ ഉടമകള്‍ ,മുമ്പ് ഇക്കാര്യത്തില്‍ വിമര്‍ശനമുന്നയിച്ച രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ ഉള്‍പ്പെടുത്തി ചിത്രത്തിന്റെ പ്രിവ്യു നടത്തണമെന്നും ഇവ നീക്കം ചെയ്യാതെ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും  പറയുകയും ചെയ്തു  . എന്നാല്   മാടസ്വാമി നല്കിയ  ബ്ലസി ചിത്രമായ കളിമണ്ണ് പ്രദര്‍ശിപ്പിക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നു.   ചിത്രത്തിലെ രംഗങ്ങള്‍ ഏതെങ്കിലും മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും  ശ്വേതാ മേനോന്റെ അനുമതിയുടെയാണ് പ്രസവരംഗങ്ങള്‍ ചിത്രീകരിച്ചതെന്നും വനിതകളടങ്ങിയ അഞ്ചംഗ സെന്‍സര്‍ ബോര്‍ഡ് ഈ സിനിമ പ്രത്യേകം കണ്ടിട്ടാണ് അനുമതി കൊടുത്തതെന്നുംകോടതി നിരീക്ഷിച്ചിട്ടുണ്ട്. എന്തേലും ആകട്ടെ തലയില മുണ്ടിട്ടു എല്ലാ കള്ളത്തരവും ചെയ്യുന്ന പക്കാ ടിപ്പിക്കല് മലയാളി  അടുത്ത വിഷയത്തിനായി കാത്തിരിക്കുന്നു

സൈഡ് ഡിഷ്‌ - അഞ്ച് ഗര്‍ഭിണികളും അവരുടെ ഡോക്ടറായ ഗൈനക്കോളജിസ്റ്റിന്റെയും കഥ പറയുന്ന സഖറിയയുടെ ഗര്‍ഭിണികള്‍ ആഗസ്ത് 23 ന് റിലീസ് ചെയ്യും

2013 ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

സ്നേഹപൂര്‍വ്വം’, പാട്ടുമായ് ജെസ്സി


ഏഴു വയസില്‍ തുടങ്ങിയതാണ് ജെസ്സിയുടെ പാട്ട്. ഇപ്പോള്‍ വയസ്സ് പതിനൊന്നേ ആയുള്ളൂ. പക്ഷെ, ആരും കൊതിച്ചു പോകുന്ന വമ്പന്‍ അവസരമാണ് ജെസ്സി ഹില്ളേല്‍ എന്ന മലയാളി പെണ്‍കിടാവിനെ തേടിയത്തെിയത്. സോണി മ്യൂസിക്സിന്‍്റെ 'വിത്ത് ലവ്' എന്ന ആല്‍ബത്തില്‍ 11 പാട്ടുകള്‍ പാടിയ ഈ കൊച്ചു മിടുക്കി ലോകമൊട്ടുക്കുമുളള സംഗീതാസ്വാദകരുടെ കണ്ണിലുണ്ണിയാണ്. ‘പച്ച പനം തത്തെ’ എന്ന മലയാളം പാട്ട് ഏറെ ഇഷ്ടപ്പെടുന്ന ഈ ആറാം ക്ളാസുകാരി മലയാളി പെണ്‍കുട്ടി അങ്ങനെ സംഗീത ലോകത്തിന്‍്റെ നെറുകയിലത്തെിയിരിക്കുന്നു. ന്യൂസിലാന്‍ഡ്സ് ഗോട്ട് ടാലന്‍ഡ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ജെസ്സി. പരിപാടിയില്‍ പാട്ട് പാടി പ്രേക്ഷക മനസ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ മല്‍സരാര്‍ത്ഥിയെ കണ്ടപ്പോള്‍ സോണി മ്യൂസിക്ക് മറ്റൊന്നും ആലോചിക്കാന്‍ നിന്നില്ല, കൊത്തിക്കൊണ്ടു പോയി കൂട്ടത്തില്‍ കൂട്ടി.
കോട്ടയം ഒരുവെട്ടിത്ര വീട്ടിലെ ഒ.എം മാത്യൂ ജോളി ദമ്പതികളുടെ മകന്‍ റാബി ഭൃഗു ഹില്ളേല്‍ , കൊച്ചി കലൂര്‍ റെഡ്റോസ് അപാര്‍ട്ട്മെന്‍റിലെ കെ.കെ ജോര്‍ജ് മേഴ്സി ദമ്പതികളുടെ മകള്‍ സിജി സൂസന്‍ എന്നിവരുടെ മകളാണ് ജെസ്സി. സിജിയും റാബിയും ന്യൂസിലാന്‍ഡില്‍ ഐ.ടി ദമ്പതികളാണ്. പാട്ട് മൂളുമെന്നല്ലാതെ പാട്ടിന്‍്റെ എ .ബി.സി.ഡി ,അവര്‍ക്കറിയില്ല. പക്ഷെ ദൈവം അവര്‍ക്ക് കൊടുത്തത് പാട്ട് തോല്‍ക്കുന്ന രണ്ടു കണ്‍മണികളെ. പാട്ടുകാരിയായ ജെസ്സിയെയും പിയാനോ വായനാക്കാരിയായ ചേച്ചി ജൂലിയെയും അറിയാത്തവര്‍ ഇന്ന് ന്യൂസിലാണ്ടില്‍ കുറവാണ്.
നഴ്സറി ക്ളാസില്‍ പഠിക്കുന്ന പ്രായത്തില്‍ കാറിലെ സ്റ്റീരിയോയില്‍ നിന്നും കേള്‍ക്കുന്ന പാട്ടുകള്‍ അതേപടി പാടി ജെസ്സി ആദ്യം മാതാപിതാക്കളെ ഞെട്ടിച്ചു. വലുതായാപ്പോള്‍ ലോകത്തെ മുഴുവനും കയ്യലെടുക്കാന്‍ അവളുടെ ശബ്ദത്തിനു കഴിഞ്ഞു. രണ്ടു സഹോദരിമാരും ചേര്‍ന്ന് നടത്തുന്ന ഷോകള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്.
പാട്ടും മലയാളവും പുഴയൊഴുകുന്നതു പോലെയാണ് അവളുടെ തൊണ്ടയില്‍ നിന്നും ഉതിരുന്നത്. ന്യൂസിലാണ്ടിലെ ഏറ്റവും വലിയ മ്യൂസിക് റിയാലിറ്റി ഷോയില്‍ കടന്നു വരുമ്പോള്‍ ഈ കുരുന്ന് പ്രായത്തെ വെല്ലുന്ന മികവോടെ പാട്ട് പാടുമെന്നു ആരും നിനച്ചില്ല.പക്ഷെ, പാടി തുടങ്ങിയപ്പോള്‍ മാര്‍ക്കിടാന്‍ വന്നിരുന്നവര്‍ക്ക് ശ്വാസം വിലങ്ങി . ഇതത്രയും അവളുടെ തൊണ്ടയില്‍ നിന്നും വന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ളെന്നാണ് ജൂറി അംഗങ്ങള്‍ പിന്നീടു പറഞ്ഞത്. ജെസ്സിയുടെ പാട്ടുകള്‍ ന്യൂസിലാണ്ടും കടന്നു ചൈനയിലും തരംഗമായി. ഉടനെ വന്നു ചൈനയിലേക്കുള്ള വിമാന ടിക്കറ്റ് . ചൈനയിലും വിവിധ വേദികളില്‍ ജെസ്സിയുടെ പാട്ടും ഡാന്‍സും വൈറസ് പോലെ പടര്‍ന്നു.
കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് പാര്‍ലിമെന്‍റ് സംഘടിപ്പിച്ച കാരളില്‍ പാടാന്‍ ജെസ്സിക്ക് അവസരം കിട്ടി.ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന വലിയ പാട്ടുകാരും സംഗീത സംവിധായകരും രാഷ്ട്ര തലവന്മാരും പങ്കെടുത്ത പരിപാടിയിലാണ് അവസരം ഒരുങ്ങിയത്. പാട്ട് കഴിഞ്ഞതും ന്യൂസിലാന്‍ഡ് പ്രധാന മന്ത്രി ജെസിക്ക് അടുക്കല്‍ ഓടിയത്തെിയാണ് അത്ഭുതവും അഭിനന്ദനവും അറിയിച്ചത്.
ലോസാഞ്ചല്‍സില്‍ നടന്ന കലകളുടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെ പ്രധിനിധീകരിച്ചത് ഈ മലയാളിക്കുട്ടിയാണ്. അന്ന് അവിടെയത്തെിയ വലിയൊരു ഗുരുവിന്‍്റെ ചെറിയ ശിഷ്യ ആകാന്‍ കഴിഞ്ഞതാണ് തന്‍െറ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നു ഈ മിടുക്കി പറയുന്നു. മൈക്കിള്‍ ജാക്സണ്‍ , ഹിറ്റ്നി ഹൂസ്ററണ്‍ , ജോണ്‍ കൊര്‍ബല്‍ എന്നിവരുടെ പരിശീലകന്‍ ആയ സേത്റിംഗ്സ് ആണ് ആ ഗുരുവെന്നു കൂടി ഓര്‍ക്കണം.
 

‘സ്നേഹപൂര്‍വ്വം’, പാട്ടുമായ് ജെസ്സി- MADHYAMAM ONLINE 

ജെസ്സിയുടെ പാട്ട് കേള്ക്കാം

2013 ജൂലൈ 25, വ്യാഴാഴ്‌ച

ഒലിച്ചു പോകാവുന്ന കോടതി വിധികള്‍



സുപ്രീം കോടതിക്ക് നല്ല നമസ്കാരം. നിസഹായതയുടെ പടുകുഴിയില്‍ വീഴുന്നവന് ദൈവം തുണ ! ഇപ്പോള്‍ കേരളത്തിന്റെ ദൈവം സുപ്രീം കോടതിയാണ്. രണ്ടു തരത്തില്‍ അങ്ങനെയാണ്. 

ഒന്ന്- പിടിവാശി പിടിച്ചു നിന്ന തമിഴ്നാടിനു ഒടുക്കം അടി തെറ്റിയിരിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയം എങ്ങനെയാണ് കേരളവും തമിഴ്നാടും തമ്മിലുള്ള കരാര്‍ ആകുന്നതു എന്ന് കോടതി അവരോടു തന്നെ ചോദിച്ചിരിക്കുന്നു. തമിഴ്നാടിന്റെ വക്കീല്‍ വാക്ക് മുട്ടി നിന്നുവെന്നാണ് കഥ ! കേന്ദ്ര സര്‍ക്കാര്‍ കേരളവുമായി പണ്ടെന്നോ ഉണ്ടാക്കിയ കരാറില്‍ തമിഴ്‌നാടിനു എന്ത് കാര്യം എന്ന് ജസ്റ്റിസ്‌ ലോധ ചോദിച്ചത് കേട്ടപ്പോള്‍ കേരളം സന്തോഷിച്ചു. ജലനിരപ്പ്‌ ഉയര്‍ത്താനുള്ള പഴയ വിധി അണക്കെട്ട് പൊട്ടിതകര്‍ന്നാല്‍ ഒലിച്ചു പോകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത് !

രണ്ട്- ഒപ്പം മുല്ലപെരിയാര്‍ വിഷയത്തില്‍ എങ്ങാനും സോളാര്‍ പ്രശ്നങ്ങള്‍ ഒഴുക്കിവിടാമെന്ന ചിന്തയിലും കേരളത്തിലെ ഭരണപക്ഷം പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ട് ! 



2013 ജൂലൈ 5, വെള്ളിയാഴ്‌ച

നിര്‍ബന്ധിത പ്രാര്‍ത്ഥന :പ്രതിഷേധിച്ചതിന് വനിതാ ഹോസ്റ്റലില്‍ കുടിയൊഴിപ്പിക്കല്‍ !

ഫേസ് ബുക്ക്‌ ലിങ്ക് 




നിര്‍ബന്ധിത പ്രാര്‍ഥനയും അതിനെത്താത്തവരെ അധിക്ഷേപിക്കുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ചതിന് നഗരത്തിലെ വനിതാഹോസ്റ്റലില്‍ നിന്ന് കൂട്ട കുടിയൊഴിപ്പിക്കല്‍. സി.എസ്.ഐ ഉത്തരകേരള മഹാ ഇടവകയുടെ കീഴില്‍ എറണാകുളം ബ്രോഡ്വേയില്‍ സി.എസ്.ഐ ഇമ്മാനുവല്‍ ചര്‍ച്ച് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സി.എസ്.ഐ വര്‍ക്കിങ് വിമന്‍സ്ഹോസ്റ്റലിലെ നൂറില്‍ അധികം വനിതകളോടാണ് വെക്കേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചത്. നവീകരണത്തിന്‍െറ പേരിലാണ് നോട്ടീസ്.

 പ്രതിഷേധിച്ചതിന് പ്രതികാരമായാണ് കുടിയൊഴിപ്പിക്കല്‍ എന്ന് ആരോപിച്ച് ഹോസ്റ്റലിലെ അന്തേവാസികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.  മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും കൈമാറിയ പരാതിപ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


കൊച്ചി നഗരസഭയുടെ മാര്‍ക്കറ്റ് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയില്‍ നിരവധി ഹോസ്റ്റലുകള്‍ ഉണ്ടെങ്കിലും തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്‍െറ ലൈസന്‍സുള്ള ഒരേയൊരു ഹോസ്റ്റലാണ് ഇത്. ഇവിടെ അഡ്മിഷനായി വരുന്നവര്‍ക്ക് നല്‍കുന്ന പ്രോസ്പെക്ടസിലും ഹോസ്റ്റലിന്‍െറ ചുമരുകളില്‍ പതിച്ച വലിയ ബോര്‍ഡുകളിലും രണ്ടുനേരം പ്രാര്‍ഥനയുണ്ടെന്നും അന്തേവാസികള്‍ പങ്കെടുക്കണമെന്നും എഴുതിയിട്ടുണ്ട്. പ്രവേശനത്തിന് ശേഷം രാവിലെ ഏഴിനും രാത്രി ഏഴരക്കും നടക്കുന്ന ക്രിസ്ത്യന്‍ പ്രാര്‍ഥനയില്‍ ഏതെങ്കിലും കാരണവശാല്‍ പങ്കെടുക്കാനത്തെിയില്ളെങ്കിലോ മിനിറ്റുകള്‍ വൈകി എത്തിയാലോ അധിക്ഷേപം പതിവാണ്. പ്രോസ്പെക്ടസ് വായിച്ച് എഴുതി ഒപ്പിട്ട് നല്‍കിയതുകൊണ്ട് പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ ബാധ്യസ്ഥരാണെന്നും അല്ലാത്തവര്‍ക്ക് വെക്കേറ്റ് ചെയ്യാമെന്നുമാണ് അധികൃതരുടെ നിലപാട്.

ആഗ്രഹമുള്ളവര്‍ പങ്കെടുക്കട്ടെയെന്നും അല്ലാത്തവരെ ജാതി- മത ഭേദമന്യേ നിര്‍ബന്ധിക്കുകയും അധിക്ഷേപിക്കുകയും പിഴ അടപ്പിക്കുകയും ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്നും പലതവണ അന്തേവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യവും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മറ്റ് ജാതി മതസ്ഥര്‍ അവരുടെ മതാചാരപ്രകാരമുള്ള പ്രാര്‍ഥനകള്‍ ആ സമയത്ത് ചൊല്ലുന്നതിന്‍െറ പേരില്‍ വിളിച്ച് വരുത്തി അധിക്ഷേപിക്കുകയും  കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ സ്വമേധയാ ഹോസ്റ്റല്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വീട്ടിലെയും ജോലിസ്ഥലത്തെയും വിഷമതകളും ശാരീരിക അവശതകളുമുള്ളപ്പോള്‍ പ്രാര്‍ഥനാമുറയില്‍ എത്താന്‍ കഴിയാത്തവര്‍ അക്കാര്യം അറിയിച്ചാലും പരിഹസിക്കുകയാണ് പതിവ്.

പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥിനികള്‍ പഠനശേഷം രാത്രി ഏറെവൈകി ഉറങ്ങാന്‍ കിടക്കുന്നതിനാല്‍ വൈകി ഏഴുന്നേല്‍ക്കുന്നതും അധിക്ഷേപത്തിന് കാരണമാകാറുണ്ട്. ഇക്കഴിഞ്ഞ മേയ് 27 ന് ഹോസ്റ്റല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനും സി.എസ്.ഐ പള്ളിവികാരിയുമായ ഫാ. ജേക്കബ് ജോണ്‍ വിളിച്ചുകൂട്ടിയ യോഗത്തിലും അന്തേവാസികള്‍ ഇക്കാര്യം പരാതിയായി ഉന്നയിച്ചിരുന്നു. പ്രതിഷേധം ശക്തമാണെന്ന് മനസിലായതിനെതുടര്‍ന്ന് താല്‍പര്യമുള്ളവര്‍ മാത്രം പ്രാര്‍ഥനയില്‍ പങ്കെടുത്താല്‍ മതിയെന്ന് ചെയര്‍മാന്‍ പ്രഖ്യാപിച്ചു.

ഇതിനൊപ്പം ഹോസ്റ്റല്‍ ഫീസ് ഒറ്റയടിക്ക് 1600 രൂപ വര്‍ധിപ്പിച്ചതായും അറിയിപ്പ് നല്‍കി. ബാത്ത്റൂമുകളും ടോയ്ലറ്റുകളും ഓരോന്നും 300 ല്‍ അധികം തവണ ഉപയോഗിച്ചശേഷമാണ് ശുചിയാക്കുന്നതെന്നും വനിതകള്‍ക്ക് പലവിധ പകര്‍ച്ചവ്യാധികളും ഗുഹ്യരോഗങ്ങളും പടര്‍ന്നുപിടിക്കുന്നതായും അന്നത്തെ യോഗത്തില്‍ പരാതി ഉന്നയിച്ചിരുന്നു.

ടോയ്ലറ്റ് നവീകരണം ഉറപ്പ് നല്‍കിയ ചെയര്‍മാന്‍ ജൂലൈ ഒന്നിന് ഫീസ് വര്‍ധിപ്പിച്ച് വാങ്ങുന്നതിന് മുമ്പുതന്നെ അന്തേവാസികളെ ഹോസ്റ്റലില്‍ തന്നെ നിലനിര്‍ത്തി നവീകരണം പൂര്‍ത്തിയാക്കുമെന്നും ഉറപ്പുനല്‍കി. ഇതിന് കടകവിരുദ്ധമായാണ് ജൂലൈ 15 നകം വെക്കേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചത്. സ്ത്രീകള്‍ക്ക് സുരക്ഷിതമല്ളെന്ന് കുപ്രസിദ്ധിയാര്‍ജിച്ച കൊച്ചിയില്‍ അനധികൃത ഹോസ്റ്റലുകളിലേക്ക് താമസം മാറേണ്ടിവന്ന വനിതകള്‍ ഭീതിയിലാണ്. സി.എസ്.ഐ ഹോസ്റ്റല്‍ വാര്‍ഡന്‍ തന്നെ കൈമാറിയ വിലാസങ്ങളിലെ ഹോസ്റ്റലുകളില്‍ ബുക്കിനത്തെി അശ്ളീലം കേള്‍ക്കേണ്ടിവരികയും പണം നഷ്ടപ്പെടുകയും ചെയ്ത എറണാകുളം ഫോര്‍ഷോര്‍ റോഡിലെ കേന്ദ്രവിദ്യാഭ്യാസ സ്ഥാപനത്തിലെ ഏഴ് വിദ്യാര്‍ഥിനികളും പരാതി നകാനുള്ള ഒരുക്കത്തിലാണ്.

പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതും ഏപ്രില്‍- മെയ് മാസങ്ങളില്‍ പൊതു- സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടന്ന ട്രാന്‍സ്ഫറും മൂലം അധികൃതവും അനധികൃതവുമായ ഹോസ്റ്റലുകളിലും പേയിങ് ഗസ്റ്റ് ഹോമുകളിലും റൂമുകള്‍ ലഭ്യമല്ല. അതിനാല്‍, നവീകരണം അവധിക്കാലത്തേക്ക് നീട്ടിവെക്കുകയോ ബദല്‍ താമസ സൗകര്യം ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടര വര്‍ഷം മുമ്പ് സി.എസ്.ഐ സഭയിലെ വനിതകള്‍ക്കായി  നടത്തിയ ക്യാമ്പില്‍ പങ്കെടുക്കാനത്തെിയവര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിനായി മുന്നറിയിപ്പില്ലാതെ ഹോസ്റ്റലിലെ അന്തേവാസികളോട് നാലുദിവസത്തേക്ക് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ വനിതകള്‍ സ്വയം ഗസ്റ്റ് ഫീ നല്‍കിയാണ് മറ്റ് ഹോസ്റ്റലുകളില്‍ താമസിച്ചത്.


ഒരുമാസം മുമ്പ് നടന്ന യോഗത്തില്‍ പ്രാര്‍ഥനയെക്കുറിച്ചുള്ള പരാതികള്‍ ലഭിച്ചിരുന്നുവെന്ന് ഹോസ്റ്റല്‍ ചെയര്‍മാന്‍ ഫാ. ജേക്കബ് ജോണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. തുടര്‍ന്ന് ഇഷ്ടമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.  എന്നാല്‍, തങ്ങള്‍ക്ക്  പ്രാര്‍ഥന നടത്താതിരിക്കാന്‍ കഴിയില്ല. ആഗസ്റ്റ് ഒന്നുമുതലുള്ള നവീകരണത്തിന്‍റെ ഭാഗമായാണ് ജൂലൈ 15 മുതല്‍ ഹോസ്റ്റല്‍ അടച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു





ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...