2014, നവംബർ 15, ശനിയാഴ്‌ച

മുനീറിന് പിന്തുണ

ദൈവത്തിന്റെ കോടതിയില്‍ ആരാണ് ജയിക്കുക??
നിരപരാധിയായ മുനീറോ അതോ മുനീറിനെ പ്രതിയാക്കാന്‍ ശ്രമിക്കുന്ന സ്കൂള്‍ മാനേജ്മെന്റ് അധികൃതരോ  നാല് വയസ്സുകാരിയെ പീഡിപ്പിച്ച മത പഠന വിദ്യാര്‍ഥികളോ?

മുനീറിനും കുടുംബത്തിനും വേണ്ടത് നിങ്ങളുടെ പിന്തുണ ! ഞാന്‍ പിന്തുണ അറിയിക്കുന്നു. നിങ്ങളോ ?

ആരാണ് മുനീര്‍ ? എന്തിനാണ് പിന്തുണ  കൊടുക്കേണ്ടത് ? 
നാദാപുരം സ്കൂളില്‍ നാല് വയസുകാരിയെ ലൈംഗിക പീഡനത്തിനു  വിധേയയാക്കി എന്ന കേസില്‍ പ്രതി സ്ഥാനത്തു കൊണ്ട് വന്നു  നിറുത്തപ്പെട്ട ചെറുപ്പക്കാരനാണ് മുനീര്‍ .

സ്കൂളില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ യഥാര്‍ത്ഥ പ്രതികളെ കുട്ടി കാണിച്ചു കൊടുത്തിരുന്നു. എന്നാല്‍ അവരെ രക്ഷപ്പെടുത്താന്‍ ബസ്‌ ക്ലീനര്‍ അയ മുനീറിനെ പിടികൂടി. 

സത്യം തിരിച്ചറിഞ്ഞ അവിടെയുള്ള നാട്ടുകാര്‍ സംഘടിച്ചു, മാര്‍ച്ച്‌ നടത്തി , അഞ്ഞൂറിലധികം പേര്‍  പോലിസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു. എം.എല്‍.എ വന്നു. മുനീറിന്റെ ഉമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചു.

ഒടുവില്‍ മജിസ്ട്രെട്റ്റ്‌ നേരിട്ട് കുഞ്ഞിനോട് സംസാരിച്ചു. മുനീര്‍ അല്ല, മറ്റു ചിലരാണ് എന്ന് കുഞ്ഞു പറഞ്ഞത് അനുസരിച്ച് യഥാര്‍ത്ഥ പ്രതികളില്‍ രണ്ടു പേരെ പിടികൂടെണ്ടി വന്നു. ഇനിയും പലരും പുറത്തുണ്ട്. മുനീറിനെ വെറുതെ വിട്ടു. 

എന്നാല്‍ , കുറ്റം 'സമ്മതിച്ച' മുനീറിനെ അറസ്റ്റ് ചെയ്യാതെ 'നിരപരാധികള്‍; ആയ യുവാക്കളെ പിടി കൂടിയെന്നാണ് സ്കൂള്‍  മാനേജ്മെന്റ് ഭാഷ്യം  . മുനീറിനെ വീണ്ടും ഇരയാക്കാനുള്ള  നീക്കം നടക്കുന്നു. 
പിന്തുണ ആര്‍ക്കാണ്‌ കൊടുക്കുക നിങ്ങള്‍ ?? മതത്തിന്റെ പേരില്‍ കൈകഴുകാന്‍ ശ്രമിക്കുന്നവര്‍ക്കോ അതോ നിരപരാധി ആയ മുനീറിനോ ??

എവിടെ സദാചാര പോലീസുകാര്‍ ??




നാദാപുരത്ത് വരാത്ത സദാചാര പോലീസുകാര്‍

ഉമ്മ വെക്കാന്‍ ആഗ്രഹിക്കുന്നവരാണ്
ഉമ്മ സമരം നടത്തുന്നത് എന്ന് പറഞ്ഞു നടക്കുന്നവര്‍ കാണേണ്ട കാഴ്ചയാണ് , നാദാപുരത്തുള്ളത്.
‪#‎KissofLove‬
മനുഷ്യനും സമൂഹത്തിനും നന്മ വരണം എന്നാഗ്രഹിക്കുന്നതാണ് എല്ലാ മതവും. ആ മതങ്ങളിലൊന്നിനെ പഠിക്കുന്ന , പെണ്ണുങ്ങളെ അടക്കിയിരുത്തി അവരെ 'നല്ല വഴി' ക്ക് നടത്താന്‍ ശ്രമിക്കുന്നവര്‍ ആയ പതിനെട്ടു തികഞ്ഞ കുറച്ചു പേരാണ് , ശരീരം വളരാത്ത കുരുന്നിനെ ലൈംഗികമായി ഉപയോഗിച്ചത് , അവരുടെ പേരുകളൊക്കെ പത്രങ്ങളില്‍ വന്നിട്ടുണ്ട് , വായിക്കണം. ഒന്നുമറിയാത്ത ഒരു നിരപരാധിയുടെ തലയില്‍ കെട്ടി വെക്കാന്‍ നോക്കി, അയാളുടെ ഉമ്മയും ഉപ്പയും കരഞ്ഞതും പറഞ്ഞതും വെണ്ടയ്ക്ക ആയി പത്രത്തില്‍ ഉണ്ട്. കാണാതെ പോകരുത്.
സ്ത്രീയും പുരുഷനും ഇടപഴകി ജീവിക്കുന്ന ഇടങ്ങളില്‍ ലൈംഗിക ആസക്തി കുറയുമെന്നും പീഡന തോത് കുറയുമെന്നും മനസിലാക്കാന്‍ സ്ഥലം അന്വേഷിക്കേണ്ടതില്ല, തമിഴ്നാട് വരെ പോയാല്‍ മതി
അവിടെ ഏതു പാതിരക്കും പെണ്ണുങ്ങളെ റോഡിലും ബസ്‌ സ്ടണ്ടിലും കാണാം. ഒരാളും അവരോടു മോശമായി പെരുമാറുന്നില്ല.
അവര്‍ ബസില്‍ ആണിനു/ പെണ്ണിന് എന്നെഴുതി വച്ച സീറ്റുകളില്‍ അല്ല ഇരിക്കുന്നത് . എല്ലാ വിഭാഗവും എല്ലായിടത്തും ഇരിക്കും
ഇവിടെയോ ?പെണ്ണ് എങ്ങനെ നടക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന വലിയൊരു സമൂഹ സദാചാര പോലീസും/ മത മേലധികാരികളും ഉണ്ട്.
മറ്റുള്ളവര്‍ എങ്ങനെ നടക്കണം എന്ന് പഠിപ്പിക്കാന്‍ നടക്കന്നതിനു മുന്‍പ്‌ ഓര്‍ക്കേണ്ട മറ്റൊന്ന് ഇതാണ് - ''അവനവന്റെ മനസിലാണ് മറ്റുള്ളവരോട് ആദരവും സഹവര്തിത്വവും സൃഷ്ടിക്കേണ്ടത്. ''
അതോ, ഇനി ഇങ്ങനെ പറയുമോ - ''ഞങ്ങടെ സമുദായത്തില്‍ ഉള്ള ഒരാള്‍, നങ്ങടെ സമുദായത്തിലെ ഒരു കുട്ടിയെ പീഡിപ്പിച്ചു, ഞങ്ങടെ സമുദായത്തില്‍ ഉള്ള ഒരാളുടെ തലയിലിട്ടു, നിങ്ങക്കെന്താ '' എന്ന് ??
എല്ലാ മതത്തിലും ഏറിയും കുറഞ്ഞും ഇങ്ങനെയൊക്കെ തന്നെയാണ് സദാചാര വാദമുഖങ്ങള്‍ !
പെണ്ണെ, നിങ്ങള്‍ ഇങ്ങനെ നടന്നാല്‍ പീഡിപ്പിക്കപ്പെടും എന്നല്ല പഠിപ്പിക്കേണ്ടത്. പകരം, ഒരു പെണ്ണോ ആണോ എങ്ങനെ നടന്നാലും അവരെ പീഡിപ്പിക്കരുതെന്നും അവരുടെ അനുവാദമില്ലാതെ മേല് സ്പര്‍ശിക്കരുതെന്നും ഉള്ള എന്ന നല്ല ചിന്തയാണ് പകരേണ്ടത്, ആണിനും പെണ്ണിനും !
സദാചാര ഉപദേശ കുത്തക ഏറ്റെടുത്തവരോന്നുമില്ലേ ഇവിടെ ആണായും പെണ്ണായും ? നിങ്ങള്‍ നാദാപുരം വരെ പോയി ചോദിക്കാത്തത് എന്ത് ?
പറ്റിയാല്‍ ചൂരലും, കുറച്ചു കൊടികളും, രണ്ടോ നാലോ പശു- കാളകളും കുറച്ചു സദാചാര വാചക മുദ്രാവാക്യങ്ങളും എടുത്തു പോകാത്തത് എന്ത് ??
കുറെ കമ്മിറ്റിക്കാര്‍ വന്നിരിക്കുന്നു

2014, നവംബർ 13, വ്യാഴാഴ്‌ച

ചുംബന മാടമ്പികള്‍



ആണും പെണ്ണും ചുംബിച്ചാല്‍ അത് കാമം കൊണ്ട് മാത്രമാണ എന്നുള്ള ധാരണ ഉള്ളവരാണ് യഥാര്‍ത്ഥ മാടമ്പികള്‍!
#KissofLove
എന്‍റെ അപ്പച്ചന്‍ എനിക്ക് കുറെ ഉമ്മകള്‍ തന്നിട്ടുണ്ട്, ഞാന്‍ അപ്പച്ചനും ഉമ്മകള്‍ കൊടുത്തിട്ടുണ്ട്‌.
എന്‍റെ സഹോദരന് ഞാന്‍ ഉമ്മകള്‍ കൊടുത്തിട്ടുണ്ട്‌, അവര്‍ എനിക്കും തന്നിട്ടുണ്ട്. എല്ലാം പരസ്യമായി തന്നെ !

എന്‍റെ കുടുംബത്തിലെ ആണ്കുഞ്ഞുങ്ങള്‍ക്കും പെന്കുഞ്ഞുങ്ങള്‍ക്കും ഞാന്‍ ഉമ്മ കൊടുത്തിട്ടുണ്ട്‌. അവരില്‍ നിന്നും 'ഒരുമ്മ തന്നേ ' എന്ന് ചോദിച്ചു വാങ്ങിയിട്ടുമുണ്ട്. ഇതൊന്നും ഉമ്മകളല്ലാ ???!! ഇതിലൊക്കെ എവിടെയാ നിങ്ങള്ക്ക് കാമം കാണാന്‍ കഴിഞ്ഞത് ?

ഇനി കാമുകനും കാമുകിയും, ഭാര്യയും ഭര്‍ത്താവും ആയ രണ്ടു ആണും പെണ്ണും ചുംബിക്കുന്ന ചുംബനങ്ങളൊക്കെ കാമം കൊണ്ടും ലൈംഗിക ചിന്ത കൊണ്ടും മാത്രം കൊടുക്കുന്നവ ആണ് എന്ന് എനിക്ക് തോന്നുന്നില്ല. അവിടെയും വാല്‍സല്യവും അഭിമാന ബോധവും ആദരവും പരസ്പര വിശ്വാസവും കരുതലും ഒക്കെ പ്രകടിപ്പിക്കാനും ഉമ്മകള്‍ കൊടുക്കും.

ഇനി പെണ്ണും പെണ്ണും ഉമ്മ വച്ച കാര്യം പറഞ്ഞാല്‍ അപ്പോള്‍ പറയും ലെസ്ബിയനുകള്‍ ഉമ്മ വച്ച് എന്ന്. എന്‍റെ അമ്മ എന്‍റെ ലെസ്ബിയന്‍ പാര്‍ട്ണര്‍ ആണോ ?
എന്‍റെ സഹോദരി ? എന്‍റെ അനന്തിരവള്‍??

ചുംബന സമരം എന്ന പേരിലുള്ള സമരം നടന്നത് ഒരാണിനും പെണ്ണിനും കാമം നിറച്ച ചുംബനം പൊതു വഴിയില്‍ വച്ച് നല്‍കാനുള്ള സ്വാതന്ത്ര്യം ഉണ്ടാക്കാനാണ് എന്നുള്ള ചിന്തയാണ് മാടമ്പിത്തരം

പെണ്ണുങ്ങള്‍ പൊതു സ്ഥലത്ത് വച്ച് ചുംബിച്ചു, കെട്ടിപ്പിടിച്ചു എന്ന ചിന്തയാണ് മാടമ്പിത്തരം

മാറ് മറക്കാന്‍ സമ്മതിക്കാത്ത മാടമ്പിമാര്‍ അന്ന് മാറ് മറക്കാനുള്ള സമരങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കിയ അതേ മാടമ്പിത്തരം ആണ്  , ഇപ്പോള്‍ ചിലര്‍ പ്രഖ്യാപിക്കുന്നത്  .അന്ന് മാറ് മറക്കുന്നത് സദാചാര ലംഘനം ആയിരുന്നു എന്നും അതിനെതിരെ പ്രതിഷേധിക്കാന്‍ മുല തന്നെയാണ നങ്ങേലി സമരായുധം ആക്കിയത് എന്നും ഓര്‍ക്കണം. അവരത് മുറിച്ചു എറിഞ്ഞു. ചോര വാര്‍ന്നു മരിക്കുകയും ചെയ്തു. അന്ന് നങ്ങേലി അറിയപ്പെട്ടത് വഴി പിഴച്ചവള്‍ എന്നായിരുന്നു, ഇന്നോ ?

ഇവിടെ ഞാന്‍ എന്‍റെ പിതാവിനൊപ്പം പോയാല്‍, അല്ലെങ്കില്‍ സഹോദരനൊപ്പം പോയാല്‍ അനാശാസ്യം നടത്താന്‍ ഒരാണും പെണ്ണും വന്നിരിക്കുന്നു, നമുക്കവരെ ഒതുക്കണം എന്ന മനോഭാവത്തിന് എതിരെയാണ് ഈ സമരം തുടങ്ങിയതും തുടരുന്നതും എന്ന് മനസിലാക്കാന്‍ ചിലര്‍ക്ക് കഴിയാത്തത് ആണ് മാടമ്പിത്തരം

2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

എന്താ ജീന്‍സിനോടിത്ര കലിപ്പ്


വിജയ് യേശുദാസ്,ദര്‍ശന

ജീന്‍സിനോട് ചിലര്‍ക്കിത്ര അസഹിഷ്ണുത എന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരത്തെും പിടിയും കിട്ടുന്നില്ല.  പെണ്ണുങ്ങള്‍ ജീന്‍സിട്ടാല്‍, ആകാശം ഇടിഞ്ഞു വീഴുംപോലെ ആണുങ്ങളുടെ മനസിന്‍െറ കണ്‍ട്രോള്‍ പോകുമെന്ന് പല ആണ്‍പ്രഭൃതികളും പറയുന്നു. അത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ആര്‍ക്കാണ് കുഴപ്പമെന്ന് അതികഠിനമായ ആശയക്കുഴപ്പം അനുഭവപ്പെടുന്നു.


ശ്രീമാന്‍ രജത്കുമാര്‍ ജീന്‍സുമായി ബന്ധപ്പെട്ട് സ്ത്രീകളെ വാക്കുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത് മറന്നിട്ടില്ല.

ഇപ്പോഴിതാ ഗാനഗന്ധര്‍വന്‍ ദാസേട്ടന്‍ സ്ത്രികള്‍ക്കുള്ള ഉപദേശവുമായി രംഗത്ത് വന്നിരിക്കുന്നു. ‘‘സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം, മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം’’ എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്.

ഇത് വായിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ മകനും ഗായകനുമായ വിജയും ഭാര്യ ദര്‍ശനയും ജീന്‍സിട്ട് ഇരട്ടക്കുട്ടികളെ പോലെ ചേര്‍ന്നു നില്‍ക്കുന്ന പടങ്ങള്‍ നേരത്തേ കണ്ടത് മനസില്‍ കയറിവന്നു. വിജയും  ദര്‍ശനയും വ്യക്തികളാണെന്നും അവര്‍ക്ക് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ച് വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും ഒച്ചപ്പാടിന് തോന്നുന്നുണ്ട്. അതു കൊണ്ട് തന്നെ ഉപദേശിക്കും മുന്‍പ് സ്വന്തം വീട്ടിലേക്കൊന്ന് നോക്കിക്കൂടെ എന്ന്  പറയാന്‍ തോന്നുന്നില്ല. ദാസേട്ടനോട് അങ്ങനെ പറയാന്‍ ഒച്ചപ്പാട് ആളായിട്ടുമില്ല.

ചിത്രത്തില്‍ മോഡല്‍
ജീന്‍സ് പര്‍ദ്ദ ധരിച്ചിരിക്കുന്നു
വിളിക്കുന്നത് ദാസേട്ടന്‍ എന്നാണ്. പക്ഷേ , അപ്പന്‍െറ പ്രായമുണ്ട്. കണക്കില്‍ അപ്പച്ചാ എന്ന് തന്നെ വിളിക്കണം. പക്ഷേ, ജീന്‍സിടുന്ന ഒരു പെണ്ണെന്ന നിലക്ക് ഈ അപ്പന്‍െറ വാചകം  കേട്ട് രസമല്ല തോന്നിയത് എന്ന് ഉറക്കെ പറയട്ടെ!

സ്ത്രീയുടെ സൗമ്യത സാരിയിലാണോ കുടികൊള്ളുന്നത് ? അതോ സെറ്റുമുണ്ടിലോ? വേണ്ട , ചുരിദാര്‍  വരെയാകാം എന്നാണോ?  എന്താണ് സത്യത്തില്‍ ദാസപ്പച്ചന്‍ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. ജീന്‍സെന്നു പറയുന്ന വസ്ത്രത്തിന്‍െറ സൗകര്യവും സുരക്ഷിതത്വവും മനസിലായ ഒരാളെന്ന നിലക്ക് ജീന്‍സിനെ തള്ളി പറയാന്‍ ഒരിക്കലും കഴിയുന്നുമില്ല.

ജീന്‍സിന്‍െറ പാന്‍റ്സും ഷര്‍ട്ടും ചുരിദാറും ഒക്കെ നല്‍കുന്ന സുരക്ഷാബോധം അത് ഒരിക്കലെങ്കിലും ധരിച്ച പെണ്ണുങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്തിനേറെ. ഡെനിം ജീന്‍സുകൊണ്ട് പര്‍ദ്ദ വരെ വ്യാപകമായി കഴിഞ്ഞു. ജീന്‍സിന്‍െറ ഗുണമറിയാവുന്ന ആണുങ്ങള്‍ സ്വന്തം വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ജീന്‍സ് വാങ്ങിക്കൊടുക്കുന്നുമുണ്ട്.

ഇത്ര കൂടി പറയട്ടെ, ജീന്‍സിട്ട പെണ്ണുങ്ങള്‍ ശരിയല്ല എന്ന ചിന്താഗതിയാണ് ശരിയല്ലാത്തത്. അത്തരം ചിന്താഗതിയുള്ളവര്‍ ജീന്‍സിട്ട പെണ്ണുങ്ങളെ കണ്ട് വികാരവിവശരായി വലഞ്ഞാല്‍. പല മതഗ്രന്ഥങ്ങളിലും പറയുന്നത് ഓര്‍ത്താല്‍ മതി- ‘ മറ്റൊരു സ്ത്രീയെ കണ്ട് വികാരം തോന്നിയാല്‍ ഉടനെ തലതാഴ്ത്തുക. എന്നിട്ട് വീട്ടിലേക്ക് ഭാര്യയുടെ അടുത്തേക്ക് മടങ്ങുക’

2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

പട്ടിക്കൂട്ടില്‍ കുട്ടി

















ഇന്നത്തെ കാലത്ത് എല്ലാം കച്ചവടമാണെന്ന മുഖവരയോടെയാണ് ഒച്ചപ്പാട് ഈ വിഷയത്തില്‍ സംസാരം തുടങ്ങുന്നത്. തിരുവനന്തപുരത്ത് യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടെന്ന വാര്‍ത്ത സത്യമാണെങ്കില്‍ മൂപ്പത്തെും മുമ്പേ പഴുപ്പിക്കണമെന്ന മനോഭാവമുള്ള സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ അത്ഭുതമല്ല എന്ന് പറയേണ്ടി വരും. അതല്ല, ഇതൊരു വ്യാജ സംഭവം ആണെങ്കില്‍ അത്തരം പ്രചരണം നടത്തുന്നവര്‍ ‘ജയിക്കാന്‍ വേണ്ടി എന്തും ചെയ്യാം’ എന്നാണ് പുതുതലമുറയെ പഠിപ്പിക്കുന്നത് എന്ന് ഖേദപൂര്‍വ്വം പറയണം. സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശശികലയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് അവസാന വിവരം. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുന്നത് നോക്കിയിരിപ്പാണ് ഒച്ചപ്പാട്.
തിരുവനന്തപുരം കുടപ്പനക്കുന്നിനടുത്തെ ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ അടുത്തിരിക്കുന്ന കുട്ടിയോട് സംസാരിച്ചന്നെ കുറ്റത്തിന് വിദ്യാര്‍ഥിയായ അഞ്ചു വയസ്സുകാരനായ അഭിഷേകിനെ പട്ടിക്കൂട്ടില്‍ അടച്ചെന്നാണ് ആരോപണം. പാതിരപ്പള്ളിയിലെ ജോമോന്‍- സിമി ദമ്പതികളുടെ മകനാണ്. ഇതേ സ്കൂളില്‍ തന്നെ പഠിക്കുന്ന കുട്ടിയുടെ ചേച്ചിയോട് ശിക്ഷയെ കുറിച്ച് പുറത്തു പറയരുതെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശശികല ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുണ്ട്.  കഴിഞ്ഞ ദിവസം അച്ഛനും അമ്മക്കുമൊപ്പം കോവളത്തെ ബന്ധുവീട്ടില്‍ പോയപ്പോള്‍ കുട്ടികള്‍ തമ്മില്‍ സംസാരിക്കുന്നതു കേട്ടാണ് വിവരം പുറത്തറിഞ്ഞതെന്നും തുടര്‍ന്ന് പരാതി നല്‍കുകയും ചെയ്തെന്നാണ് വിവരം.

പരീക്ഷയില്‍ കുട്ടികള്‍ക്ക് മാര്‍ക്ക് കുറയുമെന്ന് തോന്നിയാല്‍ എഴുതിയത് മായ്ച്ച് ശരിയായ ഉത്തരമെഴുതാന്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശമുള്ള സ്വകാര്യ സ്കൂളുകള്‍ മലയാളനാട്ടിലും പുറത്തും ഏറെയുണ്ട്. വളരെക്കുറഞ്ഞ കാലം മാത്രമാണെങ്കിലും സ്കൂള്‍ അധ്യാപിക ആയിരുന്ന ഒച്ചപ്പാടിനിക്കാര്യം കേട്ടുകേള്‍വിയല്ല. മാര്‍ക്ക് കുറഞ്ഞാല്‍ സ്ഥാപനത്തിന്‍െറ ‘സല്‍പ്പേര്’ പൊയ്പ്പോകുമെന്ന അബദ്ധധാരണയുള്ള സ്കൂള്‍ അധികൃതരും മാതാപിതാക്കളും മക്കളെ ഏതുവിധേനയും ഉന്നതമാര്‍ക്കുകാരാക്കാന്‍ എന്തും ചെയ്യുന്നവരാണ്. പണം മാത്രം ലക്ഷ്യമിടുന്ന ഒന്നിനും ധാര്‍മികത വേണമെന്ന് നമ്മുക്ക് ആഗ്രഹിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നു. ഇതിപ്പോള്‍ തുടങ്ങിയതാണെന്ന തെറ്റിദ്ധാരണയും വേണ്ട. മലയാളത്തില്‍ സംസാരിച്ചതിന് തലമൊട്ടയടിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളിനെ കുറിച്ച് നമ്മള്‍ പണ്ടേക്ക് പണ്ടേ കേട്ടിട്ടുണ്ട്. അന്നും നമ്മള്‍ മലയാളികള്‍ ഏറെ ധാര്‍മ്മിക രോഷം കൊണ്ടിട്ടുമുണ്ട്. എന്നിട്ടും ഒട്ടും മാറിയിട്ടില്ല, ഒന്നും.

നമ്മള്‍ ഓര്‍ക്കേണ്ട പല കാര്യങ്ങളുമുണ്ട്. കുഞ്ഞുങ്ങള്‍ യന്ത്രങ്ങളല്ല. ഓരോ കുഞ്ഞും മറ്റ് കുഞ്ഞുങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തരാണ്. അവരുടെ പ്രത്യേക കഴിവുകളും അഭിരുചികളും എന്തെന്ന് കണ്ടത്തെുകയാണ് മാതാപിതാക്കളുടേയും അധ്യാപകരുടേയും പ്രധാനവും ആത്യന്തികവുമായ കടമ ആയിരിക്കേണ്ടത്. അല്ലാതെ അച്ച്കൂട്ടില്‍ ഒരേ മുഖവും മുന്‍ നിശ്ചയിക്കപ്പെട്ട കഴിവുകളും ഒരേ സ്വരവും ഉള്ള കുഞ്ഞുങ്ങളെയാണ് നമുക്ക് വേണ്ടതെങ്കില്‍ ഡി.എന്‍.എ തിരുത്തിയ ശേഷം ക്ളോണ്‍ ചെയ്ത് സൃഷ്ടിച്ചാല്‍ മതിയാകുമല്ളോ!  അപ്പോള്‍ പക്ഷേ, റോബോട്ട് കുഞ്ഞുങ്ങള്‍ക്ക് സ്കൂളിന്‍െറ ആവശ്യവും വേണ്ടിവരില്ല.

പട്ടിയെ കൂട്ടില്‍ നിന്നും പുറത്തിറക്കിയതിനുശേഷമായിരുന്നു ശിക്ഷയെന്ന് തിരുവനന്തപുരം വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു .  പട്ടിയുടെ കൂടെ നിറുത്തിയില്ലല്ളോ , അതിനെങ്കിലുമുള്ള കരുണ അവശേഷിച്ചല്ളോ എന്ന സമാധാനവുമായി ഒച്ചപ്പാട് ഉറങ്ങാന്‍ പോകുന്നു.

2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ഫഹദ് നസ്രിയക്ക്‌ വേണ്ടി കാര്‍ വാങ്ങി

ഉപ വിഭാഗം- സോഷ്യല്‍  നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ കാലത്തെ മാധ്യമ പ്രവര്‍ത്തനം 

ഇതൊരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആണ്. ആളുകള്‍ ആകാംക്ഷ ഭരിതര്‍ ആണ്. അവര്‍ ആവശ്യത്തില്‍ കൂടുതല്‍ മറ്റുള്ളവരുടെ ജീവിതം അറിയാന്‍ ശ്രമിക്കുന്നു. അത് കൊടുത്തില്ലേല്‍ ആ പത്രം വാങ്ങില്ല/ ടി വി കാണില്ല. അതെവിടെ കിട്ടുമോ അവിടെ പോകാന്‍ നമ്മുടെ ആളുകള്‍ ഒരുക്കമാണ്. 
നസ്രിയ , ഫഹദ്, സരിത തുടങ്ങിയ പേര് കണ്ടാല്‍ ആളുകള്‍ ഇടിച്ചു കയറും എന്നാണു അടുത്തിടെ , ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തുന്ന ഒരു ചങ്ങാതി എന്നോട് പറഞ്ഞത് ( ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഓരോ പോസ്റ്റിലും എത്ര പേര്‍ വന്നു എന്നറിയാന്‍ സംവിധാനം ഉണ്ട് ) 

അതിനാല്‍ കച്ചവടം ലക്ഷ്യമിടുന്ന ഏതൊരു പത്ര സ്ഥാപനവും / ദൃശ്യ മാധ്യമ സ്ഥാപനവും അത്തരം വാര്‍ത്തകള്‍ എരിവും പുളിയും കൂട്ടി കൊടുക്കാന്‍ കച്ച കെട്ടി ഇറങ്ങുന്നു. ചിലപ്പോഴത് മതം ആകാം, സെലിബ്രിറ്റി ആകാം, ഗോസിപ്പ്സ് ആകാം , രതി ആകാം .. 

ഏതു ഇനം ആളുകളുടെ ഇടയിലാണോ ഒരു ഉല്‍പ്പന്നം വില്‍പ്പനക്ക് വച്ചിട്ടുള്ളത് , അത്തരം ആളുകളുടെ ഇഷ്ടം അറിഞ്ഞു ഉല്‍പ്പന്നം തയ്യറാക്കിയില്ലെങ്കില്‍ ഉപഭോക്താവ് ആ ഉല്‍പ്പന്നം വാങ്ങാതെ പോകും 

വാര്‍ത്തകളുടെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ ! 

എന്നിട്ടോ , കുറ്റം മുഴുക്കെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്! നാണംകെട്ട മാധ്യമ പ്രവര്‍ത്തനം, നാണംകെട്ട മാധ്യമ ധര്‍മ്മം എന്നൊക്കെ  പറയുന്ന ചിലരെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു ! 

2014, ജൂലൈ 31, വ്യാഴാഴ്‌ച

കാഹ്കഹ -ഇങ്ങനെയും ഒരു പ്രതിഷേധം















ടര്‍ക്കിയില്‍ മനോഹരമായൊരു പ്രതിഷേധം നടക്കുകയാണ്. വനിതകള്‍ പൊട്ടിച്ചിരിക്കരുതെന്നു സര്‍ക്കാര്‍.  ആഹാ , എങ്കില്‍ പൊട്ടിച്ചിരിചിട്ട് തന്നെ കാര്യമെന്നായി അവിടെയുള്ള വനിതകള്‍. ഉടനെ മൊബൈലും കാമറയും എടുത്തു പൊട്ടിച്ചിരിക്കുന്ന പടം ക്ലിക്കി. എന്നിട്ടോ, #kahkaha എന്ന ഹാഷ് ടാഗുമിട്ട് കുറെ പടങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റി.  തുര്‍ക്കി ഭാഷയില്‍ കാഹ്കഹ എന്ന് പറഞ്ഞാല്‍ പൊട്ടിച്ചിരി എന്ന് അര്‍ഥം.
പൊട്ടിച്ചിരിക്കുമ്പോള്‍  ഉണ്ടാകുന്ന ശബ്ദം തന്നെ പൊട്ടിച്ചിരിയുടെ പേരാകുന്ന അതി യാദൃശ്ചികത ലോകത്തു മറ്റൊരിടത്തും ഇല്ലെന്നു തോന്നുന്നു


കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ
എന്ന് വായിക്കുമ്പോള്‍ തന്നെ നമുക്കും ഒരു പൊട്ടിച്ചിരി അനുഭവപ്പെടുന്നില്ലേ ??


ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ആയിരങ്ങളാണ് ചിരിക്കുന്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.  . സ്ത്രീകളുടെ ചിരിയെ പറ്റിയല്ല മറിച്ച് ബലാത്സംഗം, ശൈശവ വിവാഹം തുടങ്ങിയ വിഷയങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും സ്ത്രീകള്‍ തുറന്നടിച്ചു.

''സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കണം. മാന്യമായ പെരുമാറ്റവും അല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് സ്ത്രീകള്‍ക്ക് ധാരണയുണ്ടാകണം. പൊതുയിടങ്ങളില്‍ സ്ത്രീകള്‍ ഉറക്കെ ചിരിക്കരുത്. സ്ത്രീ ഒരിക്കലും തന്‍റെ മാന്യത കൈവിടരുത്'' എന്നിങ്ങനെയാണ് ഉപ പ്രധാനമന്ത്രി ബ്യൂലന്‍ നിര്‍ദേശിച്ചത് . റമസാനിലെ അവസാന നാളില്‍ നടന്ന പ്രസംഗത്തിലായിരുന്നു സ്ത്രീകളോടുള്ള മന്ത്രിയുടെ ഉപദേശം  

2014, ജൂലൈ 27, ഞായറാഴ്‌ച

മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ച കറയുള്ളവന്‍

നാണമില്ലാത്തവന്‍റെ ആസനത്തില്‍ ആല് മുളച്ചാല്‍ മോദി കര്‍ത്താവിന്റെ ദാസന്‍  എന്ന് ഒച്ചപ്പാട് പരിഹസിച്ചപ്പോള്‍ ആ ആലിന്‍റെ തണലില്‍ പോയി നിന്ന കുറെ പേര്‍ കടിച്ചു കീറാന്‍ വന്നു. ഇപ്പോഴിതാ കത്തോലിക്കാ പ്രസിദ്ധീകരണം തന്നെയായ സത്യദീപം ചോദിക്കുന്നു - ''മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ചവന്‍റെ കറ പ്രധാന മന്ത്രി കസേരയില്‍ കയറിയിരുന്നാല്‍ പോകുമോ ''- എന്ന്


ഗുജറാത്തിലെ ഗോദ്രയും ബി.ജെ.പി ഭരിക്കുന്നിടത്തൊക്കെക്രൈസ്തവ മിഷനറിമാര്‍ പീഡിപ്പിക്കപ്പെട്ടതും ഇപ്പോള്‍ പലയിടത്തും പല രൂപത്തിലും ഭാവത്തിലും ന്യൂനപക്ഷങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ പീഡനങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും മോദിയെ മാറ്റി നിര്‍ത്തി അദ്ദേഹത്തിന് രൂപക്കൂട് പണിയുവാന്‍ കത്തോലിക്കാ സഭയ്ക്കു സാധിക്കുമോ എന്നും ചോദിക്കുന്നുണ്ട് സത്യദീപം.

ഒപ്പം പറയുന്നു - ''ഫുള്‍സ്‌റ്റോപ്പ്: അധികാരത്തെ ആദരിക്കണം, പക്ഷേ ആത്മസത്തയെ ബലികഴിച്ചുകൊണ്ടുള്ള ആദരവ് അപകടകരമാണ്. അസത്യത്തെ ശാസ്ത്രീയമായി വ്യാഖ്യാനിച്ചാലും സത്യമാകില്ല.''  എന്ന് .

മുഴുവന്‍ വായിക്കൂ








2014, ജൂലൈ 22, ചൊവ്വാഴ്ച

നട്ടെല്ല് പണത്തിനും മേലെയാണ്

ക്രിസ്പിന്‍ 
അടിച്ചമര്‍ത്താന്‍ നോക്കുന്ന മുതലാളിയുടെ അധികാര പരിധിയില്‍ നിന്നും നട്ടെല്ല് നിവര്‍ത്തി ഇറങ്ങി പോയിട്ടുള്ള നിരവധി പേരുണ്ട്. കവികളും കഥാകാരും അവരുടെ സാഹിത്യ സൃഷ്ടികള്‍ക്ക് മേല്‍ പിടുത്തം വീഴ്ത്താനുള്ള മാനേജ്മെന്റ് മുഷ്ടിക്കു വഴങ്ങാതെ രാജി കത്ത് എഴുതി ആണായും പെണ്ണായും തലയുയര്‍ത്തി നിന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി. ഇന്ത്യാവിഷനില്‍ വെബ്‌ വിഭാഗത്തില്‍ സീനിയര്‍ സബ് എഡിറ്റര്‍ ആയി പണിയെടുത്തിരുന്ന ക്രിസ്പിനെ ഒരു കവിതയുടെ പേരില്‍ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഒരു സുന്ദര കത്തും കൊണ്ടൊരു കുത്ത് കൊടുത്ത ശേഷം ഇറങ്ങി പോകുന്നത്. രാജികത്ത് കൊടുത്ത ശേഷം ഫേസ്ബുക്കില്‍ കൊടുത്ത പോസ്റ്റും രാജിക്കത്തിലെ  ഒരു ഭാഗവും  ഇവിടെ വായിക്കാം . നേരത്തെ യുവ കഥാകാരി മീരയും മനോരമയിലെ ജോലി രാജി വച്ചിരുന്നു. മറ്റു പ്രസിദ്ധീകരണങ്ങളില്‍ കഥയോ കവിതയോ പ്രസിദ്ധീകരിക്കരുത് എന്ന് മനോരമ പറഞ്ഞതു അനുസരിക്കാന്‍ അവര്‍ നിന്ന് കൊടുത്തില്ല, ഇറങ്ങി പോന്നു. മാധ്യമം ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അവര്‍ അത് വ്യക്‌തമാക്കിയിരുന്നു. ശേഷം അവര്‍ മികച്ച കഥകള്‍ എഴുതി മലയാളി വായനാക്കാരുടെ മനസില്‍ ഇടം നേടി, ഒരു പാട് അംഗീകാരങ്ങളും.


കവിത ഇങ്ങനെ വായിക്കാം 

 


2014, ജൂലൈ 21, തിങ്കളാഴ്‌ച

ന്യൂ ജനറേഷനെ തടയാന്‍ കഴിയുമോ മിസ്റ്റര്‍ അടൂര്‍ ?


ഇന്നലെ വളരെ രസകരമായ ഒരു കുറിപ്പ് വായിക്കാനിടയായി. അത് ഇങ്ങനെയാണ്- മലയാള സിനിമക്ക് മറുഭാഷയില്‍ പേര് വേണ്ട എന്ന് ശിപാര്‍ശ. അങ്ങനെ പേര് കൊടുത്താല്‍ സര്‍ക്കാര്‍ സബ്സിഡി അനുവദിക്കേണ്ടെന്നും ശിപാര്‍ശയിലുണ്ട്. 

ആരാണ് ഇങ്ങനെ ഒരു ശിപാര്‍ശ കൊടുത്തതെന്ന് പരിശോധിച്ചപ്പോള്‍ ആശ്ചര്യപ്പെട്ടു. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും ഷാജി എന്‍ കരുണ്‍ , പന്തളം സുധാകരന്‍,സുരേഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളും ആയ സമിതിയാണ് സര്‍ക്കാരിനു ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത് ത്രേ ! സിനിമക്ക് ഇംഗ്ലീഷ് പേരിടുന്നത് ഒരു ഫാഷന്‍ ആയി മാറി എന്നാണു സമിതിയുടെ വിലയിരുത്തല്‍. മലയാളം ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടു. ആ ഭാഷയുടെ വിലയിടിക്കുന്ന തരത്തിലാണ് ഇംഗ്ലിഷ് പേരുകളുടെ പ്രവാഹം എന്ന് സമിതി സര്‍ക്കാരിനോട് പറയുന്നുണ്ട്. പ്രമേയത്തിന് ചേരുന്നു എങ്കില്‍ മാത്രം ഇംഗ്ലിഷ് പേര് അനുവദിക്കാം എന്നാണു സമിതി പറയുന്നത് . തമിഴ്നാട്ടിലൊക്കെ തമിഴ്‌ പേരുള്ള സിനിമക്കെ സബ്സിഡി കൊടുക്കുന്നുള്ളൂത്രേ ! തമിഴരുടെ തമിഴ വാക്കുകളും ബദല്‍ പ്രയോഗങ്ങളും എവിടെ കിടക്കുന്നു, മലയാളിയുടേത് എവിടെ നില്‍ക്കുന്നു എന്നാലോചിച്ചിട്ടു ഒച്ചപ്പാടിനു ഒരെത്തും പിടിയും കിട്ടുന്നില്ല.

സമിതിയിലെ അംഗങ്ങളായ കലാകരന്മാരോടുള്ള സകല ആദരവും വച്ച് കൊണ്ട് തന്നെ ഒരു കാര്യം ഒച്ചപ്പാട് പറയട്ടെ - ഈ പ്രസ്താവന നിങ്ങള്‍ എല്ലാവരോടുമുള്ള ആദരവ് കളയാന്‍ പ്രാപ്തമാണ്.

1950 ല്‍ ഇറങ്ങിയ മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രത്തിനു പേര് - ന്യൂസ്‌ പേപ്പര്‍ ബോയ്‌. അവിടുന്നിങ്ങോട്ടു 1960, 70, 80, 90കളില്‍ ഇംഗ്ലിഷ് പേരുകളില്‍ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. 2010 വരെയുള്ള കുറെ സിനിമകളുടെ പട്ടികയും ഒച്ചപ്പാട് കണ്ടുപിടിച്ചു. അത് വായിക്കുന്നതിനു മുന്‍പ്‌ ഒരു ചോദ്യം കൂടി - ഇംഗ്ലിഷ് മാത്രമേ നിരോധിക്കൂ ? അതോ   നാക്കു പെന്റ നാക്കു ടാക്ക ( സ്വാഹിലി , ആഫ്രിക്ക ) , മേരാ നാം ജോക്കര്‍ (ഹിന്ദി, ഇന്ത്യ) പോലെയുള്ള ഭാഷ പേരുകളില്‍ ഇറങ്ങുന്നവക്കും  സബ്സിഡി കളയുമോ ?

 , 

2014, ജൂലൈ 13, ഞായറാഴ്‌ച

നാണമില്ലാത്തവന്‍െറ ആസനത്തില്‍ ആല്‍ മുളച്ചപ്പോള്‍ മോദി കര്‍ത്താവിന്‍െറ ദാസന്‍


നാണമില്ലാത്തവന്‍െറ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ എന്ന് കാര്‍ന്നോന്‍മാര്‍ പറയാറുണ്ട്. കാലാകാലങ്ങളില്‍ അതിനുളള ‘മഹത്തരമായ’ ദൃഷ്ടാന്തങ്ങള്‍ കാണാനുളള ഭാഗ്യം ഓരോ ജനതക്കും ദൈവം നല്‍കാറുണ്ട്, കത്തോലിക്ക സഭക്ക് പ്രത്യേകിച്ചും. നരേന്ദ്രമോദി കര്‍ത്താവിൻറെ  ദാസനെന്നാണ് പുതിയ വെളിപ്പാട്. ഇത് തെളിവ് സഹിതം അതിന്‍െറ മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തില്‍ യാതൊന്നും സംഭവിക്കുന്നില്ല എന്നാണ് സി.ബി.സി.ഐ പ്രസിഡന്റ്  കര്‍ദ്ദിനാള്‍ ക്ളീമിസ്  ബാവ രക്ഷാധികാരിയായ സണ്‍ഡേ ശാലോം എന്ന കത്തോലിക്ക പ്രസിദ്ധീകരണത്തിന്‍െറ കണ്ടെത്തൽ  . ചീഫ് എഡിറ്റര്‍  ബെന്നി പുന്നത്തറയുടെ പേരിലാണ് ഇത് പ്രസിദ്ധീകരിച്ച് ഉദ്ബോധിപ്പിക്കുന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ സഭ തയ്യറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഈ മുഖപ്രസംഗത്തെ കൂട്ടിവായിക്കാന്‍. 
മുഖപ്രസംഗം തുടരുന്നു - ‘‘അധികാരം എപ്പോഴും ദുഷിപ്പിക്കുന്ന ഒന്നാണ്. ഒരേ പാര്‍ട്ടി തന്നെ തുടര്‍ച്ചയായി അധികാരം കൈയാളുമ്പോള്‍ അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാവുകയും ഭരണം ജീര്‍ണിക്കുകയും ചെയ്യക സ്വാഭാവികമാണ്. അതുകൊണ്ട് അധികാരത്തില്‍നിന്നും ഇടയ്ക്കിടെ മാറിനില്ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിശുദ്ധീകരണത്തിനും ശക്തീകരണത്തിനും നല്ലതാണ്. അതിനാല്‍, കോണ്‍ഗ്രസിന്‍്റെയും സഖ്യകക്ഷികളുടെയും പരാജയവും ഇന്ത്യയുടെ ജനാധിപത്യത്തിനും അതതു പാര്‍ട്ടികളുടെ നല്ല ഭാവിക്കും അത്യാവശ്യമാണ്’’ ഇതു വായിക്കുമ്പോള്‍ ‘അധികാരവും അതിലൂടെയുളള ഭരിക്കലും’ ആണ് സഭ ലക്ഷ്യമിടുന്നതെന്ന് ചോറുണ്ണുന്ന കുഞ്ഞാടുകള്‍ക്കും മനസിലാകും.

‘‘രാജ്യത്തിന്‍്റെ നന്മക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോദി. ദൈവത്തെ അറിയാത്തവരെ പോലും ദൈവം തന്‍്റെ ദൗത്യ നിര്‍വഹണത്തിനായി തെരഞ്ഞെടുക്കുന്ന സംഭവങ്ങള്‍ ബൈബിളില്‍ ധാരാളം ഉണ്ട്. എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്ന് വരുന്നുവെന്നും അതിനാല്‍ ദൈവദത്തമായ അധികാരങ്ങളെ മാനിക്കണമെന്നും ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്. ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തില്‍ യാതൊന്നും സംഭവിക്കുന്നില്ല. തന്മൂലം നരേന്ദ്രമോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണ്. ദൈവം അനുവദിച്ചതാണെങ്കില്‍ അതിനെക്കുറിച്ച് ദൈവത്തിനൊരു പദ്ധതിയും ഉണ്ടാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. രാജ്യത്തിന്‍്റെ നന്മക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോദി. മോദിയിലൂടെ രാജ്യത്തെയും സഭയേയും ദൈവം രക്ഷിക്കും. ഈ തെരഞ്ഞെടുപ്പ് ഫലം ദൈവകരങ്ങളില്‍ നിന്നുള്ളതാണ്  ’’എന്നിങ്ങനെ നീളുന്നു മുഖപ്രസംഗത്തിലെ സുവിശേഷം.


സഭയെ ഉന്മൂല നാശം വരുത്താന്‍ കച്ചകെട്ടി നടന്ന സാവൂളിനെ പെട്ടെന്നൊരു ദിവസം പൗലോസ് അപ്പോസ്തലനാക്കി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ പാരമ്പര്യം സഭക്കുണ്ട്. അതേപോലെ  ഉത്തരേന്ത്യയില്‍  കന്യാസ്ത്രീകളെ ബലാല്‍സംഗം ചെയ്തും  സഭാമക്കളെ കൊന്നും സഭയെ നശിപ്പിക്കാന്‍ മാത്രം നടന്ന ഒരു പാര്‍ടിയേയും അതിന്‍െറ തലവനേയും അപ്പോസ്തോല വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്താനാണ് ശാലോം ശ്രമിക്കുന്നത്.

 നരേന്ദ്രമോദി സര്‍ക്കാരിനെയും പ്രാര്‍ത്ഥനയില്‍ താങ്ങുക എന്നത് ഓരോ ക്രൈസ്തവവിശ്വാസിയുടെയും കടമയാണെന്നും മുഖപ്രസംഗം പറയുന്നു. ഈ മുഖപ്രസംഗത്തിനെതിരെ ധാരാളം പ്രതിഷേധ കമന്‍റുകള്‍ സണ്‍ഡേ ശാലോമിന്‍െറ വെബ്സൈറ്റില്‍ നിറയുന്നുണ്ട്.

എന്നാല്‍, അനുകൂലിക്കുന്നവരേയും കാണാം. അവരോട് ഒച്ചപ്പാടിന് പറയാനുളളത് ഇതാണ് - ‘‘അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കരുത്’’

ഒപ്പം, അത്തരക്കാര്‍ക്ക് വേണ്ടി പുതിയൊരു ത്രിസന്ധ്യാജപം ഒച്ചപ്പാട് പ്രസിദ്ധീകരിക്കുന്നു.



ത്രിസന്ധ്യാജപം
1 . കര്‍ത്താവിൻറെ  മാലാഖ പരിശുദ്ധ മോഡിയോടു വചിച്ചു. പരിശുദ്ധാത്മാവിനാല്‍ മോഡി ധര്‍മം ധരിച്ചു.

നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! കര്‍ത്താവ് നിന്നോട് കൂടെ !  പ്രധാനമന്ത്രിമാരില്‍ നീ അനുഗ്രഹിക്കപ്പെട്ടവന്‍ ! അങ്ങയുടെ ഗുജറാത്തിന്‍ ഫലമായ രക്തസാക്ഷി മിഷനറിമാര്‍ നിഗ്രഹിപ്പെട്ടവരാകുന്നു.
പരിശുദ്ധ മോഡിയേ , ഇന്ത്യാക്കാരുടെ പ്രധാനമന്ത്രിയേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ ! ആമ്മേന്‍.


2 . ഇതാ കര്‍ത്താവിൻറെ ദാസന്‍, നിൻറെ വചനം പോലെ എന്നിലാകട്ടെ.
(നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! ........ആമ്മേന്‍.)

3 . വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.
(നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! .........ആമ്മേന്‍.)


ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍
സര്‍വേശ്വരൻറെ  പരിശുദ്ധ മോഡിയേ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.


കത്തോലിക്കാ പ്രസിദ്ധീകരണം തന്നെയായ സത്യദീപം ചോദിക്കുന്നു - ''മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ചവന്‍റെ കറ പ്രധാന മന്ത്രി കസേരയില്‍ കയറിയിരുന്നാല്‍ പോകുമോ ''- എന്ന് ( 
മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ച കറയുള്ളവന്‍)

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...