2014, ജൂലൈ 13, ഞായറാഴ്‌ച

നാണമില്ലാത്തവന്‍െറ ആസനത്തില്‍ ആല്‍ മുളച്ചപ്പോള്‍ മോദി കര്‍ത്താവിന്‍െറ ദാസന്‍


നാണമില്ലാത്തവന്‍െറ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ എന്ന് കാര്‍ന്നോന്‍മാര്‍ പറയാറുണ്ട്. കാലാകാലങ്ങളില്‍ അതിനുളള ‘മഹത്തരമായ’ ദൃഷ്ടാന്തങ്ങള്‍ കാണാനുളള ഭാഗ്യം ഓരോ ജനതക്കും ദൈവം നല്‍കാറുണ്ട്, കത്തോലിക്ക സഭക്ക് പ്രത്യേകിച്ചും. നരേന്ദ്രമോദി കര്‍ത്താവിൻറെ  ദാസനെന്നാണ് പുതിയ വെളിപ്പാട്. ഇത് തെളിവ് സഹിതം അതിന്‍െറ മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തില്‍ യാതൊന്നും സംഭവിക്കുന്നില്ല എന്നാണ് സി.ബി.സി.ഐ പ്രസിഡന്റ്  കര്‍ദ്ദിനാള്‍ ക്ളീമിസ്  ബാവ രക്ഷാധികാരിയായ സണ്‍ഡേ ശാലോം എന്ന കത്തോലിക്ക പ്രസിദ്ധീകരണത്തിന്‍െറ കണ്ടെത്തൽ  . ചീഫ് എഡിറ്റര്‍  ബെന്നി പുന്നത്തറയുടെ പേരിലാണ് ഇത് പ്രസിദ്ധീകരിച്ച് ഉദ്ബോധിപ്പിക്കുന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ സഭ തയ്യറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഈ മുഖപ്രസംഗത്തെ കൂട്ടിവായിക്കാന്‍. 
മുഖപ്രസംഗം തുടരുന്നു - ‘‘അധികാരം എപ്പോഴും ദുഷിപ്പിക്കുന്ന ഒന്നാണ്. ഒരേ പാര്‍ട്ടി തന്നെ തുടര്‍ച്ചയായി അധികാരം കൈയാളുമ്പോള്‍ അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാവുകയും ഭരണം ജീര്‍ണിക്കുകയും ചെയ്യക സ്വാഭാവികമാണ്. അതുകൊണ്ട് അധികാരത്തില്‍നിന്നും ഇടയ്ക്കിടെ മാറിനില്ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിശുദ്ധീകരണത്തിനും ശക്തീകരണത്തിനും നല്ലതാണ്. അതിനാല്‍, കോണ്‍ഗ്രസിന്‍്റെയും സഖ്യകക്ഷികളുടെയും പരാജയവും ഇന്ത്യയുടെ ജനാധിപത്യത്തിനും അതതു പാര്‍ട്ടികളുടെ നല്ല ഭാവിക്കും അത്യാവശ്യമാണ്’’ ഇതു വായിക്കുമ്പോള്‍ ‘അധികാരവും അതിലൂടെയുളള ഭരിക്കലും’ ആണ് സഭ ലക്ഷ്യമിടുന്നതെന്ന് ചോറുണ്ണുന്ന കുഞ്ഞാടുകള്‍ക്കും മനസിലാകും.

‘‘രാജ്യത്തിന്‍്റെ നന്മക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോദി. ദൈവത്തെ അറിയാത്തവരെ പോലും ദൈവം തന്‍്റെ ദൗത്യ നിര്‍വഹണത്തിനായി തെരഞ്ഞെടുക്കുന്ന സംഭവങ്ങള്‍ ബൈബിളില്‍ ധാരാളം ഉണ്ട്. എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്ന് വരുന്നുവെന്നും അതിനാല്‍ ദൈവദത്തമായ അധികാരങ്ങളെ മാനിക്കണമെന്നും ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്. ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തില്‍ യാതൊന്നും സംഭവിക്കുന്നില്ല. തന്മൂലം നരേന്ദ്രമോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണ്. ദൈവം അനുവദിച്ചതാണെങ്കില്‍ അതിനെക്കുറിച്ച് ദൈവത്തിനൊരു പദ്ധതിയും ഉണ്ടാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. രാജ്യത്തിന്‍്റെ നന്മക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോദി. മോദിയിലൂടെ രാജ്യത്തെയും സഭയേയും ദൈവം രക്ഷിക്കും. ഈ തെരഞ്ഞെടുപ്പ് ഫലം ദൈവകരങ്ങളില്‍ നിന്നുള്ളതാണ്  ’’എന്നിങ്ങനെ നീളുന്നു മുഖപ്രസംഗത്തിലെ സുവിശേഷം.


സഭയെ ഉന്മൂല നാശം വരുത്താന്‍ കച്ചകെട്ടി നടന്ന സാവൂളിനെ പെട്ടെന്നൊരു ദിവസം പൗലോസ് അപ്പോസ്തലനാക്കി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ പാരമ്പര്യം സഭക്കുണ്ട്. അതേപോലെ  ഉത്തരേന്ത്യയില്‍  കന്യാസ്ത്രീകളെ ബലാല്‍സംഗം ചെയ്തും  സഭാമക്കളെ കൊന്നും സഭയെ നശിപ്പിക്കാന്‍ മാത്രം നടന്ന ഒരു പാര്‍ടിയേയും അതിന്‍െറ തലവനേയും അപ്പോസ്തോല വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്താനാണ് ശാലോം ശ്രമിക്കുന്നത്.

 നരേന്ദ്രമോദി സര്‍ക്കാരിനെയും പ്രാര്‍ത്ഥനയില്‍ താങ്ങുക എന്നത് ഓരോ ക്രൈസ്തവവിശ്വാസിയുടെയും കടമയാണെന്നും മുഖപ്രസംഗം പറയുന്നു. ഈ മുഖപ്രസംഗത്തിനെതിരെ ധാരാളം പ്രതിഷേധ കമന്‍റുകള്‍ സണ്‍ഡേ ശാലോമിന്‍െറ വെബ്സൈറ്റില്‍ നിറയുന്നുണ്ട്.

എന്നാല്‍, അനുകൂലിക്കുന്നവരേയും കാണാം. അവരോട് ഒച്ചപ്പാടിന് പറയാനുളളത് ഇതാണ് - ‘‘അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കരുത്’’

ഒപ്പം, അത്തരക്കാര്‍ക്ക് വേണ്ടി പുതിയൊരു ത്രിസന്ധ്യാജപം ഒച്ചപ്പാട് പ്രസിദ്ധീകരിക്കുന്നു.ത്രിസന്ധ്യാജപം
1 . കര്‍ത്താവിൻറെ  മാലാഖ പരിശുദ്ധ മോഡിയോടു വചിച്ചു. പരിശുദ്ധാത്മാവിനാല്‍ മോഡി ധര്‍മം ധരിച്ചു.

നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! കര്‍ത്താവ് നിന്നോട് കൂടെ !  പ്രധാനമന്ത്രിമാരില്‍ നീ അനുഗ്രഹിക്കപ്പെട്ടവന്‍ ! അങ്ങയുടെ ഗുജറാത്തിന്‍ ഫലമായ രക്തസാക്ഷി മിഷനറിമാര്‍ നിഗ്രഹിപ്പെട്ടവരാകുന്നു.
പരിശുദ്ധ മോഡിയേ , ഇന്ത്യാക്കാരുടെ പ്രധാനമന്ത്രിയേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ ! ആമ്മേന്‍.


2 . ഇതാ കര്‍ത്താവിൻറെ ദാസന്‍, നിൻറെ വചനം പോലെ എന്നിലാകട്ടെ.
(നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! ........ആമ്മേന്‍.)

3 . വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.
(നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! .........ആമ്മേന്‍.)


ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍
സര്‍വേശ്വരൻറെ  പരിശുദ്ധ മോഡിയേ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.


കത്തോലിക്കാ പ്രസിദ്ധീകരണം തന്നെയായ സത്യദീപം ചോദിക്കുന്നു - ''മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ചവന്‍റെ കറ പ്രധാന മന്ത്രി കസേരയില്‍ കയറിയിരുന്നാല്‍ പോകുമോ ''- എന്ന് ( 
മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ച കറയുള്ളവന്‍)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...