2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

ഇന്ന് ലോക മാതൃഭാഷാ ദിനം

ഇന്ന് ലോക മാതൃഭാഷാ ദിനം

കൊച്ചി: ഭരണ ഭാഷമാതൃഭാഷ എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍  മാതൃഭാഷ വര്‍ഷമായി ആചരിക്കുന്ന നടപ്പുവര്‍ഷത്തില്‍പ്പോലും സംസ്ഥാനത്തെ കോടതികളില്‍ ഉത്തരവുകള്‍ ഇംഗ്ളീഷില്‍ത്തന്നെ. മലയാളമാക്കി മാറ്റാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ട സര്‍ക്കാര്‍ ഇതിനുള്ള ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചില്ലെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കാത്തതുകൊണ്ടാണ് മലയാളത്തില്‍ ആക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതെന്ന് കോടതി ചുമതലപ്പെടുത്തിയ അന്നത്തെ രജിസ്ട്രാര്‍ കെമാല്‍ പാഷ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മലയാള ഐക്യവേദി നേടിയെടുത്ത വിവരാവകാശ രേഖകളില്‍ മലയാളം പ്രചരിപ്പിക്കുന്നതിനുള്ള നടപടികള്‍ ഒന്നുമായില്ലെന്ന് വ്യക്തമാണ്. 2009 ല്‍ മലയാള നിയമ ശബ്ദാവലി നിര്‍മിച്ച് പ്രസിദ്ധീകരിക്കുമെന്നും നിയമവാക്കുകളുടെ മലയാളം ജേണല്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2013 ആയിട്ടും ഇതിനുള്ള നടപടി ആയില്ല. ശബ്ദാവലിയുടെ തയാറാക്കല്‍ പ്രക്രിയ അന്തിമഘട്ടത്തിലാണെന്ന് രേഖകളില്‍ പറയുന്നുണ്ടെങ്കിലും നിയമ ജേണലിന് തുടക്കം കുറിക്കാനായിട്ടില്ല. സംസ്ഥാന സര്‍ക്കാറുകള്‍ രൂപവത്കരിക്കുന്ന നിയമങ്ങളെങ്കിലും മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതുപോലും മലയാളീകരിക്കാന്‍ സര്‍ക്കാറിനാകുന്നില്ല. വിവിധ വകുപ്പുകളില്‍ മലയാള ഭാഷയുടെ വ്യാപനത്തിന് 2006 ല്‍ ഉന്നതതല സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഇത് 2007 ല്‍ ഒരു തവണ മാത്രം യോഗം ചേര്‍ന്നു. അതിന്‍െറ മിനുട്സ് പോലും ഇംഗ്ളീഷിലാണ് പ്രസിദ്ധീകരിച്ചത്. യോഗത്തിനിടെ ശ്രദ്ധേയമായ ഒരൊറ്റ നിര്‍ദേശംപോലും ഉണ്ടായില്ല. ഹൈ ലെവല്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കണമെന്നും ആവശ്യമെങ്കില്‍ മുഖ്യമന്ത്രി അധ്യക്ഷനായ സ്ഥിരം സംവിധാനം കൊണ്ടുവരണമെന്നുമാണ് യോഗം തീരുമാനിച്ചത്. തുടര്‍ന്നുള്ള തീരുമാനങ്ങളും പകുതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ചില സര്‍ക്കാര്‍ വകുപ്പുകളില്‍ ഉത്തരവുകള്‍ മലയാളത്തിലാക്കാനുള്ള നീക്കം സജീവമായിട്ടുണ്ട്. എന്നാല്‍, നിരക്ഷരരും സാധാരണക്കാരുമായ സമൂഹം സമീപിക്കുന്ന വനിതാ കോര്‍പറേഷന്‍, വികലാംഗ കോര്‍പറേഷന്‍, പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ഇപ്പോഴും ഉത്തരവുകള്‍ ഇംഗ്ളീഷിലാണ്. സാധാരണക്കാരന് സഹായം നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളില്‍ മലയാളം അടിയന്തരമായി ഭരണഭാഷയാക്കാനുള്ള തീരുമാനമെങ്കിലും സര്‍ക്കാറിന് സ്വീകരിക്കാം. അതുപോലും സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് മലയാള ഐക്യവേദി ജനറല്‍ സെക്രട്ടറി സുബൈര്‍ അരിക്കുളം ‘മാധ്യമ’ത്തോട് പറഞ്ഞു.
കീഴ്കോടതികളിലെ ഉത്തരവെങ്കിലും മലയാളത്തില്‍ നല്‍കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍, ഇത് ഹൈകോടതിയിലേക്ക് അപ്പീല്‍ പോവുമ്പോള്‍ മലയാളം ഉത്തരവുകള്‍ കോടതി നടപടികളെ തടസ്സപ്പെടുത്തുമെന്നാണ് എതിര്‍വാദം. കീഴ്കോടതി വിധികളില്‍ നിന്ന് അപ്പീല്‍ പോകുന്നത് കേവലം ഏഴുശതമാനം മാത്രമാണെന്നിരിക്കെ ഈ വാദത്തിന് ബലമില്ലെന്ന് മലയാള ഭാഷാ സ്നേഹികള്‍ പറഞ്ഞു. വിവിധ കമീഷനുകളില്‍ നിന്നും ഇത്തരത്തില്‍ ഹൈകോടതിയിലേക്ക് അപ്പീലുമായി എത്തുന്ന കേസുകളും തുലോം കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പൊലീസ് സ്റ്റേഷനിലെ എഫ്.ഐ.ആര്‍, സീന്‍ മഹസര്‍, ലൊക്കേഷന്‍ സ്കെച്ച്, മൊഴി എന്നിവയും കോടതിയിലെ ആദ്യവാദവും അവസാന വാദത്തിലെ ഭൂരിഭാഗവും മലയാളത്തിലാണ്. അപ്പോള്‍ ഉത്തരവുകള്‍ മാത്രം ഇംഗ്ളീഷില്‍ നല്‍കുന്നതിന്‍െറ ശരികേടും അവര്‍ ആരായുന്നു. വിവരാവകാശ നിയമത്തില്‍ ചോദിച്ച പ്രകാരം സ്വകാര്യ വ്യക്തികള്‍ പല നിയമങ്ങളും മലയാളത്തിലേക്ക് മാറ്റി എഴുതിയത് അംഗീകരിക്കുമോയെന്നതിന് അത്തരം സംവിധാനം നിലവിലില്ലായെന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത്തരമൊരു സാധ്യതയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടുകൂടിയില്ലെന്നാണ് ഈ മറുപടി വ്യക്തമാക്കുന്നതെന്ന് മലയാള ഐക്യവേദി ആരോപിച്ചു.

ഫേസ് ബുക്ക് ചര്‍ച്ച ലിങ്ക്



1 അഭിപ്രായം:

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...