മോനെ ..മനസ്സില്‍ ലഡ്ഡു പൊട്ടി...
ട്ടോ ട്ടോ എന്ന് രണ്ടു തവണ!
ഞെട്ടിപ്പോയി, ആ വാര്‍ത്ത വായിച്ചപ്പോള്‍.
സന്തോഷം കൊണ്ടാണ് ഞാന്‍ ഞെട്ടിയത് ട്ടോ.
ആ വാര്‍ത്ത വായിച്ചാല്‍ ചിലപ്പോള്‍ മറ്റുള്ളവരും ഞെട്ടിയേക്കും ട്ടോ .
കാര്യം പറയാം.
അതിനു മുന്‍പ് രണ്ടു വാക്ക്-
1 . കൂലി കൂട്ടാന്‍ കട്ടപ്പുറത്ത് സൈക്കിള്‍ കയറ്റി വച്ച പത്ര വിതരണക്കാരെ...ഇല്ലം കത്തിച്ചും എലിയെ ചുടണമെന്നു അതിശക്തമായി തീരുമാനിച്ച ചങ്ങാതിമാരെ, നിങ്ങള്‍ക്കെന്റെ ഐക്യദാര്‍ഡ്യം!! .ട്യോം.. ട്യോം ...!!
2 . പുലര്‍ച്ചെ തന്നെ ഒരു ലഹരി വസ്തുവായ കാപ്പിക്കൊപ്പം മറ്റൊരു ലഹരി വസ്തുവായ പത്രം കുടിക്കുന്ന വായനക്കാരന്റെ ദുശീലം ഒഴിവാക്കാന്‍ ഡി-അഡിക്ഷന്‍ സെന്റര്‍ വേണ്ടെന്നു തെളിയിച്ചതിനു അഭിനന്ദനം!
3 . പത്രം ഒഴിവാക്കി വായനകാരന്റെ ബി.പി, കൊളസ്ട്രോള്‍ എന്നിവ നല്ല രീതിയില്‍ നിലനിറുത്താനും കരള്‍ , ഹൃദയം എന്നിവ പരിപാലിക്കാനും നിങ്ങള്‍ ചെയ്യുന്ന സ്തുസ്ത്യര്‍ഹ സേവനം വിലമതിച്ച് കുറഞ്ഞത് കംബൌണ്ടാര്‍ പദവിയെങ്കിലും നല്‍കണമെന്ന് രാഷ്ട്രപതിക്ക് ഭീമഹരജി സമര്‍പ്പിക്കാന്‍ പോകുന്നുവെന്ന് എന്റെയൊരു ചങ്ങാതി അറിയിച്ച കാര്യം നിങ്ങളെ സന്തോഷ പൂര്‍വ്വം അറിയിക്കട്ടെ!
4 . പത്രമെന്നാല്‍ പുലര്‍ച്ചെ എന്നതാണ് സമവാക്യം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ സമവാക്യങ്ങള്‍ തിരുത്തി കുറിക്കാന്‍ നിങ്ങള്‍ കാണിച്ച ആര്ജ്ജവത്തിനും അഭിനന്ദനം!
പത്തു മണി കഴിഞ്ഞാല്‍ ചാള പൊതിയാനോ വെള്ളത്തില്‍ മുക്കി ചില്ല് തുടക്കാനോ മാത്രമേ പറ്റൂ എന്ന ഗതികേട് മാറ്റി, എന്നെ പോലെ പകല്‍ പത്തിന് ശേഷം പ്രഭാത കിരണം ദര്‍ശിക്കുന്നവര്‍ക്ക് ചൂടോടെ കയ്യില്‍ കിട്ടുന്ന വിധം സമയ മാറ്റം നടത്തിയതിനും ഒരു കൊട്ട നന്ദി!
ഇനി പറയാം ലേ...
എല്‍ ജി കമ്പനിക്കാര് ഒപ്പിച്ച ഒരു പണിയാ...ഇലക്ട്രോണിക് പത്ര താള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആ കമ്പനി.
ഇനി പുലര്‍ച്ചെയോ നട്ടുച്ചക്കോ സായം സന്ധ്യയിലോ നല്ല ചൂടന്‍ വാര്‍ത്തകള്‍ ചൂടോടെ കടലാസില്‍ അച്ചടിച്ച പത്രത്തില്‍ വായിക്കുന്ന അതെ സുഖത്തോടെ വായിക്കാം.കടലാസ് പോലെ വളക്കാം, ഒടിക്കാം.
പത്ര വിതരണക്കാരന്റെ ആവശ്യം ഇനിയില്ലെന്ന് ചുരുക്കം.
നമ്മുടെ നാട്ടിലെ മുഖ്യധാര പത്രങ്ങളിലെ ജീവനക്കാര്‍ തന്നെ റോഡിലിറങ്ങി നിന്ന് പത്രം വിതരണം ചെയ്യേണ്ടി വരുന്ന ദയനീയ അവസ്ഥ കണ്ട്, പത്രക്കാരിയായ എന്നെ വിളിച്ചു കളിയാക്കിയ എന്റെ സ്വന്തം ചേട്ടനെ ഈ നിമിഷം ഓര്‍ക്കുന്നു. അത്തരം ദുരവസ്ഥയില്‍ നിന്നും കരകയറാന്‍ വൈക്കോല്‍ തുരുമ്പ് കിട്ടിയ സന്തോഷം കൊണ്ടാകണം എനിക്ക് ഞെട്ടല്‍ വന്നത്.
പത്ര വിതരണം നിറുത്തി ആദ്യം വായനക്കാരനെയും പിന്നെ കമ്പനികളെയും ഞെട്ടിപ്പിച്ചവര്‍ , കടലാസില്‍ വാര്‍ത്ത വില്‍ക്കുന്ന കമ്പനികളെ വെറും കടലാസ് പുലികളാക്കി മാറ്റിയവര്‍ , ഞെട്ടുമോ?? ഞെട്ടിയാലും പൊട്ടാതിരുന്നാല്‍ മതിയായിരുന്നു, ലഡ്ഡു പോലെ , ആ ഹൃദയങ്ങള്‍ !